കുടിയന്റെ കുടുംബം ~ ഭാഗം 03, എഴുത്ത്: ഷൈനി വർഗ്ഗീസ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

വിലാസിനി വേഗം തന്നെ പണികളാരഭിച്ചു.

പാലപ്പവും മട്ടൻ സ്റ്റുവും ഉണ്ടാക്കി ഡൈനിംഗ് ടേബിളിൽ എത്തിച്ചപ്പോഴേക്കും കേണൽ കൈയും കഴുകി കഴിക്കാനായി വന്നിരുന്നു.

മേരി ചേടത്തി വിളമ്പി കൊടുക്കണം അത് കേണലിന് നിർബന്ധമാണ്.

ഹോ രക്ഷപ്പെട്ടു വഴക്കു കേൾക്കേണ്ടി വന്നില്ല

ഇനി ഉച്ചത്തേക്കുള്ള തയ്യാറാക്കണം എല്ലാം ഉണ്ടാക്കി വെച്ചിട്ട് വീട്ടിൽ പോകാം പിന്നെ രണ്ടു മണി ആകുമ്പോൾ വന്നാ മതി. വന്നിട്ടു വേണം എല്ലാവരും കഴിച്ച പാത്രങ്ങൾ കഴുകി അടിച്ചു തുടച്ച് അത്താഴത്തിനുള്ളത് ഉണ്ടാക്കി വെച്ചിട്ടു 5 മണിയോടെ വീട്ടിൽ പോകാം.

വിലാസിനി വേഗം തന്നെ പണികളൊതുക്കാൻ തുടങ്ങി രാവിലെ തന്നെ മേരി ചേടത്തീടെ മോൻ വലിയൊരു മീൻ വാങ്ങി വന്നു.നന്നാക്കി നുറുക്കിയാണ് കിട്ടിയത് അത് ഭാഗ്യമായി. മീൻ കുറച്ചെടുത്ത് വറുത്തു ബാക്കി കറിയാക്കി.

എടി വിലാസിനി എടി

ശബ്ദം തിരിച്ചറിഞ്ഞ വിലാസനി ജനലിലൂടെ പുറത്തേക്കു നോക്കി

ങേ വാസുവണ്ണനാണല്ലോ

എന്താടി ഞാൻ വിളിച്ചത് നീ കേട്ടില്ലേടി…എടി വിലാസിനി

ഒച്ച കേട്ട് കേണലും മക്കളും ഇറങ്ങിച്ചെന്നു.

എന്താ എന്തു വേണം കേണൽ ഗൗരവത്തിലാണ്.

നീ പോടെ ഞാനെൻ്റെ ഭാര്യയെയാ വിളിച്ചതാ..എൻ്റെ ഭാര്യക്ക് ഇയാള് വല്യ ആളായിരിക്കും. പക്ഷേ എൻ്റെ മുന്നിൽ താനൊരു കിശുവാ..കേണലിൻ്റെ മുഖത്തു നോക്കി വാസു പരിഹസിച്ചു.

എൻ്റെ വീടിൻ്റെ മുന്നിൽ കിടന്ന് ബഹളം വെയ്ക്കാതെ പോടെ കേണലിൻ്റെ മുത്തമകൻ വാസുനോടായി പറഞ്ഞു

നീ ആരടാ പുതിയ വരത്തൻ നീ ആണോടാ എൻ്റെ ഭാര്യടെ പുതിയ സംബന്ധക്കാരൻ

അനാവശ്യം പറഞ്ഞാലുണ്ടല്ലോ നിൻ്റെ അണപ്പല്ലു അടിച്ചു ഞാൻ താഴെയിടും എന്നും പറഞ്ഞ് അയാൾ വാസുവിനെ തല്ലാനായി കയ്യോങ്ങി കൊണ്ടുചെന്നുതും വിലാസിനി ആ കൈയിൽ ചാടി പിടിച്ചു. എന്നിട്ടു മുന്നിൽ കയറി നിന്ന് കൈകൂപ്പി കൊണ്ടു പറഞ്ഞു.

അടിക്കല്ലേ സാർ

നീ തടയണ്ട അവൻ അടിക്കട്ടേടി അവനെന്നെ അടിച്ചിട്ട് എവിടെ പോകാനാ

ഇവനെ ഞാനിന്ന് വീണ്ടും അയാള് കൈയ്യോങ്ങി കൊണ്ടുവന്നു.

വാസു അണ്ണൻ പോ

എനിക്കൊരു നൂറു രൂപ താ ഞാൻ പോയേക്കാം

എൻ്റെ കൈയിൽ ഇല്ല വാസുവണ്ണാ വാസുവണ്ണൻ പോ

എടി നിൻ്റെ കൈയിൽ കാശില്ലങ്കിൽ എന്താടി ഈ വീട്ടിലുള്ളവരെല്ലാം നിൻ്റെ സംബന്ധ ക്കാരല്ലേ നീ ചോദിക്ക് അവരുതരും ചോദിക്കടി

ഇറങ്ങടാ എൻ്റെ മുറ്റത്തു നിന്ന് അനാവശ്യം പറയുന്നോ ഇറങ്ങടാ എന്നും പറഞ്ഞ് കേണലും മക്കളും കൂടി വാസുവണ്ണനെ തള്ളിവെളിയിൽ വിടുന്നത് സങ്കടത്തോടെ നോക്കി നിന്നു. പിന്തിരിഞ്ഞ് അകത്തേക്ക് പോകാൻ തുടങ്ങിയ വിലാസിനി കണ്ടു. നല്ലൊരു കാഴ്ച കണ്ട ലാഘവത്തോടെ എല്ലാവരും ഓരോന്നും പറഞ്ഞ് ചിരിക്കുന്ന വീട്ടിലെ സ്ത്രികളെ .

തൻ്റെ തൊലി ഉരിഞ്ഞു പോകുന്നതു പോലെ തോന്നി വിലാസ നിക്ക്

എങ്ങനെ സഹിക്കുന്നു ഇങ്ങനെ ഒരാളെ നിന്നെ സമ്മതിക്കണം . മേരി ചേടത്തീടെ ഇളയ മരുമോൾടെ കമൻ്റ്‌

ഒന്നും പറയാതെ നിറഞ്ഞു വന്ന മിഴിനീർ തുടയ്ക്കാതെ തന്നെ വിലാസിനി അടുക്കളയിലേക്ക് പോയി.

ആർക്കും മുഖം കൊടുക്കാതെ വേഗം തന്നെ പണികൾ തീർത്ത് വെച്ചിട്ട് മേരി ചേടത്തിയോട് പറഞ്ഞിട്ട് അവിടുന്ന് ഇറങ്ങി.

വീട്ടിലെത്തി അമ്മക്കുള്ള കഞ്ഞിയും കപ്പളങ്ങ തോരനും എടുത്തോണ്ട് അമ്മയുടെ മുറിയിലെത്തി. അമ്മയെ വ്യത്തിയാക്കി കയ്യും വായും കഴുകിച്ച് അമ്മക്ക് കഞ്ഞി കോരി കൊടുക്കുമ്പോൾ അമ്മ ചോദിച്ചു.

എന്താ എൻ്റെ മോൾക്ക് പറ്റിയെ എൻ്റെ മോളു കരഞ്ഞോ എന്താമുഖം വല്ലാണ്ടിരിക്കുന്നത്-

ഒന്നുമില്ലമ്മേ

ഒന്നുമില്ലാതില്ല അവൻ വന്നോ അവിടെ വഴക്കിന് .

ഉം.

ഇവിടെയും വന്നു വഴക്കിട്ടു. എൻ്റെ തലയിണക്കിടയിൽ ലീല വെച്ചിട്ടു പോയ പൈസ എടുത്തോണ്ടു പോയി. ഞാൻ തടയാൻ നോക്കിയതാ മോളെ ഇവിടെ കിടന്നോണ്ട് അമ്മക്ക് എന്തു ചെയ്യാൻ പറ്റും.അമ്മയുടെ കഴുത്തിന് കുത്തിപ്പിടിച്ചു അവനെടുത്തോണ്ടു പോയി.

അമ്മേ ആ …ആ പൈസ കൊണ്ടു പോയോ

കൊണ്ടുപോയി മോളെ അവൻ്റെ കൊലക്കുടിക്ക് വേണ്ടി ഇന്നലെ മോള് രാത്രി തയ്ച്ചുണ്ടാക്കിയ ആ പൈസ അവൻ കൊണ്ടുപോയി.

അമ്മേ ആ പൈസ കൊണ്ട് ഇന്ന് ഇത്തരി മീനും കുത്തരിയും വാങ്ങാന്നും വിചാരിച്ചാ ഞാനോടി വന്നത് മോളോടും ഇന്നലെ പറഞ്ഞു പോയി ഇന്ന് ചോറും മീൻ കറിയും തരാന്ന്. അമ്മക്ക് മീൻ കറിയും കുത്തരി ചോരും തരും എന്നു ഞാൻ വാക്കു പറഞ്ഞതല്ലേ

സാരമില്ല മോളെ എൻ്റെ മോള് സങ്കടപ്പെടാതെ .അമ്മക്ക് മോളു കോരിത്തരുന്ന ഈ കഞ്ഞിയും തോരനും മതി. എന്തു രുചിയാ ഈ കപ്പളങ്ങത്തോരന്.

വിലാസിനി ഒന്നും മിണ്ടാതെ അമ്മക്ക് കഞ്ഞിയും കൊടുത്ത് അമ്മയെ പിടിച്ച് കിടത്തിയിട്ട് ആ മുറി വിട്ടിറങ്ങി.

തിരിച്ച് മേരി ചേടത്തീടെ വീട്ടിൽ ചെല്ലുമ്പോൾ മേരി ചേടത്തിയും മൂത്ത മരുമോളും കൂടി പാത്രമെല്ലാം കഴുകി നിലമെല്ലാം തൂത്തു തുടച്ചിട്ടുണ്ട്.

വിലാസിനി. നീ വന്നോ ഇവളു പറഞ്ഞു അവളു പാത്രം കഴുകാന്ന് ഞാൻ തടഞ്ഞില്ല നിൻ്റെ അവസ്ഥകളെല്ലാം ഇവൾ ചോദിക്കുകയായിരുന്നു.

നീ പോരുന്നോ ഞങ്ങളുടെ കൂടെ ഡൽഹിക്ക്.അവിടെ വല്യ ജോലിയൊന്നും ഇല്ല നല്ല ശമ്പളവും തരാം

ഇല്ല ചേച്ചി വയ്യാത്ത അമ്മയേയും മോളെയും വിട്ട് ഞാനെങ്ങോട്ടും ഇല്ല

മോളെ നീ നിൻ്റെ കൂടെ കൂട്ടിക്കോ പിന്നെ അമ്മ അതു നിൻ്റെ സ്വന്തം അമ്മയല്ലല്ലോ അയാൾടെ അമ്മയല്ലേ വേറേയും മക്കളില്ലേ അവരു നോക്കട്ടെ.

വേണ്ട ചേച്ചി അമ്മയെ ഞാനാർക്കും കൊടുക്കില്ല ചെറുപ്പത്തിലെ എനിക്ക് എൻ്റെ അമ്മയെ നഷ്ടമായതാ പിന്നെ എനിക്കൊരമ്മയുടെ സ്നേഹവും വാത്സല്യവും തന്നത് ഈ അമ്മയാ. ആ അമ്മയെ വിട്ട് ഞാനൊരിടത്തേക്കുമില്ല

നീ ശരിക്കും ആലോചിച്ചൊരു തീരുമാനമെടുക്ക്.

ആലോചിക്കാനൊന്നുമില്ല ചേച്ചി. അമ്മ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാനെൻ്റെ അമ്മയെ നോക്കും. എൻ്റെ അമ്മക്കു വേണ്ടിയാ ചേച്ചി ഞാനിതെല്ലാം സഹിക്കുന്നത്

പണികളൊതുക്കി വീട്ടിലേക്ക് പോകാനായി ഇറങ്ങിയപ്പോൾ മേരി ചേടത്തി പറഞ്ഞു.

ഞങ്ങൾ രണ്ടു ദിവസം ഇവിടെ കാണില്ല. ബന്ധുവീട്ടിലൊന്നു വിരുന്നു പോവുകയാ നീയൊരു കാര്യം ചെയ്യ് ആ ഫ്രിഡ്ജിലിരിക്കുന്ന ഇറച്ചിക്കറിയും മീൻ കറിയുമെല്ലാം എടുത്ത് വീട്ടിൽ കൊണ്ടു പൊയ്ക്കോ. പിന്നെ രാവിലത്തെ പാലപ്പം കുറച്ച് ബാക്കിയുണ്ട് അതും കൂടി എടുത്തോ. പിന്നെ നീ രണ്ടു ദിവസം റെസ്റ്റ് എടുത്തോ ഞങ്ങൾ വരുമ്പോ നിന്നെ വിളിക്കാം

ശരി ചേടത്തി.

മേരി ചേടത്തിയും കൂടി എല്ലാം എടുത്ത് പാത്രങ്ങളിലാക്കി. ഒരു കവറിനുള്ളിൽ ഇട്ടു തന്നു. ഉച്ചത്തെ ചോറും അല്പം ബാക്കി ഉണ്ടായിരുന്നു.അതും എടുത്തു വെച്ചു ചേടത്തി.

വെറുതെ ഇവിടെ വെച്ച് നശിപ്പിച്ച് കളയണ്ട അവിടെ കൊണ്ടു പോയാൽ ഭവാനിക്ക് കൊടുക്കാലോ.

വിലാസിനി ദേവിക്ക് ഒരായിരം നന്ദി പറഞ്ഞു.

ഇന്ന് അമ്മക്ക് ചോറും മീൻകറിയും കൊടുക്കാലോ. അതീവ സന്തോഷത്തോടെ വിലാസിനി വേഗത്തിൽ വീട്ടിലേക്ക് നടന്നു.

വീട്ടിലെത്തിയപ്പോൾ മോളു പടം വരച്ചു കൊണ്ട് തിണ്ണയിലിരിപ്പുണ്ട്.

മോളെ വേഗം കൈ കഴുകി അമ്മ അപ്പവും ഇറച്ചി കറിയും തരാം.

ഞാനിപ്പോ വരാമ്മേ

ഒരു പ്ലെയറ്റിൽ അപ്പവും ഇറച്ചികറിയുമെടുത്ത് മോൾക്കു കൊടുത്തു മോൾ കഴിക്കുന്നതു നോക്കി നിന്നു കുറെ നേരം മോൾടെ മുഖത്തെ ചിരി കണ്ടപ്പോ വിലാസിനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. വേറൊരു പ്ലയറ്റൽ അപ്പവും ഇറച്ചിക്കറിയും എടുത്ത് ഒരു ഗ്ലാസ്സിൽ ചായയും എടുത്ത് വിലസനി അമ്മയുടെ മുറിയിലേക്ക് ചെന്നു.

അമ്മ നല്ല ഉറക്കത്തിലാണല്ലോ ഉണർത്തണ്ട. കുറച്ചു നേരം കഴിഞ്ഞു വരാം. മറ്റൊരു പ്ലേയറ്റ് എടുത്ത് മൂടി വെച്ചിട്ട് വിലാസിനി കുളിക്കാൻ പോയി. കുളിച്ചു വന്ന് മോളേയും കുളിപ്പിച്ചു.രണ്ടാം ക്ലാസ്സിലാണ് മോളു പഠിക്കുന്നതെങ്കിലും നല്ല പക്വതയുണ്ട്. അവളുടെ എല്ലാ കാര്യങ്ങളും അവളുതന്നെ ചെയ്തോളും.

അമ്മേ ഞാൻ പടം വരക്കാൻ പോവുകയാണേ

ശരിമോളെ

വീണ്ടും അമ്മേടെ മുറിയിലെത്തിയ വിലാസിനി കണ്ടത് അമ്മ ഉറങ്ങുന്നതാണ്

ഈ സമയത്ത് അമ്മ ഉറങ്ങാറില്ലാലോ ഇന്നു എന്തു പറ്റി അമ്മക്ക്. ഇനി പനിയോ മറ്റോ ഉണ്ടോ

വിലാസിനി അമ്മയുടെ നെറ്റിയിൽ കൈവെച്ചു നോക്കി. തണഞ്ഞു മരച്ചിരിക്കണു.

അമ്മേ അമ്മേ

എന്തോ വല്ലാത്തൊരു ഭീതി വന്ന് വിലാസാനിയെ മൂടി. അവൾ അമ്മയെ കുലുക്കി വിളിച്ചു. അമ്മേ കാർത്യായനിയമ്മേ എന്നെ പേടിപ്പിക്കാതെ കണ്ണുതുറന്നേ അമ്മേ. പതുക്കെ വിലാസിനക്ക് ആ സത്യം ബോധ്യപ്പെട്ടു.

അമ്മേ…….. അവൾ അലറി വിളിച്ചു. അവളുടെ അലർച്ചകേട്ട് മോളോടി വന്നു

അച്ഛമ്മയെ കെട്ടി പിടിച്ച കരയുന്ന അമ്മയുടെ അടുത്തെത്തി ആ കുഞ്ഞിളം കൈ കൊണ്ട് അമ്മുടെ കണ്ണീർ തുടച്ചു കൊണ്ട് ചോദിച്ചു

എന്താ മ്മേ എന്താ പറ്റിയൊ

നമ്മുടെ അമ്മ മോൾടെഅച്ഛമ്മ പോയിമോളെ. ഒന്നും മനസ്സിലായില്ലങ്കിലും അമ്മയോടൊപ്പം മോളും കരഞ്ഞു.

എന്താടി ഇവിടെ ആരേലും ചത്തുതൊലഞ്ഞോ നിങ്ങളിങ്ങനെ കിടന്നു കാറാൻ. ഇങ്ങനെ ചോദിച്ചു കൊണ്ട് വാസു അങ്ങോട്ടു വന്നു.

ഇതും കേട്ടതും വിലാസിനി കലി മൂത്ത് ചാടി എഴുന്നേറ്റു.

തുടരും…

ഒരു കുടിയൻ്റ കുടുംബത്തെ അവസ്ഥ നിങ്ങളുടെ മുന്നിലെത്തിക്കാൻ സാധിച്ചോന്ന് എനിക്കറിയില്ല.അഭിപ്രായം പറയണേ

Related Posts

Leave a Reply

Your email address will not be published. Required fields are marked *