കുടിയന്റെ കുടുംബം ~ ഭാഗം 02, എഴുത്ത്: ഷൈനി വർഗ്ഗീസ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

മോളുറങ്ങാൻ പോയതും വിലാസിനി തയ്യിൽ തുടർന്നു.തയ്ച്ചു കൊണ്ടിരുന്നപ്പോൾ വിലാസിനി സ്വപ്നം കാണുകയായിരുന്നു. ഇന്ന് ഇത് തയ്ച്ച് നാളെ ലീല ചേച്ചിക്ക് കൊടുത്താൽ ഇതിൻ്റെ കൂലി കിട്ടും ആ പൈസക്ക് ഇത്തിരി മിനും കുത്തരിയും വാങ്ങി അമ്മക്കും മോൾക്കും കൊടുക്കണം. എത്ര നാളായി ഇത്തിരി പച്ച മീൻ വാങ്ങിയിട്ട്. അതെങ്ങനാ മേരി ചേടത്തീടെ വീട്ടീന്ന് കിട്ടുന്നതു മുഴുവനും കടം വീട്ടാനെയുള്ളു. തയ്ച്ചു കിട്ടുന്നതുകൊണ്ടാണ് വീട്ടു ചിലവ് നടത്തുന്നത്. അതിനിടയിൽ അങ്ങേർക്ക് കുടിക്കാൻ കൊടുത്തില്ലങ്കിൽ അതു മതി മേരി ചേടത്തീടെ വീട്ടിലേക്ക് വരും വഴക്കിന് .വെറുതെ നാണം കെടണ്ടല്ലോ ന്നോർത്ത് എന്തെങ്കിലും കൊടുക്കും.

എൻ്റെ വിധി അമ്മ മരിച്ച് അച്ഛൻ മറ്റൊരു വിവാഹം കഴിച്ചപ്പോ തൻ്റെ സ്വപനങ്ങളാണ് നഷ്ടമായതെന്ന് അന്നു മനസ്സിലായില്ല പത്താം ക്ലാസ്സ് വരെ പഠിപ്പിച്ചു. നാട്ടുകാരുടെ മുന്നിൽ നല്ല പിള്ള ചമയണമല്ലോ നല്ല മാർക്ക് വാങ്ങി പത്താം ക്ലാസ്സ് പാസ്സായപ്പോൾ ചെറിയമ്മ പറഞ്ഞത് ഇനി പഠിപ്പിച്ചിട്ടെന്തിനാ വല്ല തയ്യലോ മറ്റോ പഠിച്ചാൽ ജീവിക്കാം അതു ചെറിയമ്മ പറഞ്ഞതു നേരാ അതിന് ചെറിയമ്മയോട് നന്ദിയുണ്ട്.

തയ്യൽ പഠിത്തം കഴിഞ്ഞ് സിറ്റിയിലെ കടയിൽ തയ്ക്കാൻ പോയതാ പോകുന്ന വഴിയിലും വരുന്ന വഴിയിലും ശല്യം ചെയ്യാൻ ഒരുപാട് പൂവാലൻമാരുണ്ടായിരുന്നു. എപ്പഴാ ന്ന് അറിയില്ല അതിലൊരു പൂവാല നോട് ഇഷ്ടം തോന്നിയത്. അന്നു തുടങ്ങി അടുത്ത കഷ്ടകാലം. ബാക്കി സ്വപ്നങ്ങളും നഷ്ടമായന്നറിഞ്ഞത് വിവാഹ കഴിഞ്ഞ് ആറുമാസം കഴിഞ്ഞാണ്

നല്ലൊരു വീടും മുറ്റത്തൊരു കാറും പിന്നെ ചെറുക്കനാണേൽ സിറ്റിയിലൊരു പലചരക്ക് കടയും. ഇതൊക്കെ കണ്ടപ്പോൾ അച്ഛനും ചെറിയമ്മയും എൻ്റെ ഇഷ്ടം നടത്തി തരാൻ തടസ്സം നിന്നില്ല

വാസു അണ്ണനോടൊപ്പം വലതുകാൽ വെച്ച് ഈ വീട്ടിലേക്ക് കയറിയപ്പോ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്പാദ്യമാണ്. ആ മുറിയിൽ തളർന്ന് കിടുക്കുന്നത്. ഒരമ്മയുടെ സ്നേഹവും വാത്സല്യവും ആവോളം തന്നു. സ്വന്തം മോളെ പോലെ സ്നേഹിച്ചു.

ആറ് ആൺമക്കളെയും ഒരു പെണ്ണിനേയും പെറ്റ അമ്മയാ ഇന്ന് ആ മുറിയിൽ മിണ്ടാനാളില്ലാതെ കിടക്കുന്നത്.

ഏറ്റവും ഇളയ മോനായ വാസു അണ്ണൻ വിവാഹിതനായതോടെ എല്ലാ വീട്ടിലും നടക്കുന്നതു തന്നെ ഇവിടേം നടന്നു. സ്വത്ത് ഭാഗം വെയ്ക്കൽ

വീടും കാറും വീടിരിക്കുന്ന പത്തു സെൻ്റ് സ്ഥലവും മൂത്ത ചേട്ടൻ ഗൾഫിൽ പോയി സമ്പാദിച്ചതാത്രേ സ്ഥലം വീതം വെച്ചപ്പോൾ വാസു അണ്ണനും കിട്ടി 10 സെൻ്റ്

ആ പത്തു സെൻ്റിൽ ചെറിയ ഒരു കുടിലും കെട്ടി ജീവിതമാരംഭിച്ചു. സന്തോഷകരമായ ജീവിതം സ്നേഹ നിധിയായ അമ്മയോടും ഭർത്താവിനോടും ഒരുമിച്ച് ആ കുടിലിൽ കിടക്കാൻ ഒരു സന്തോഷ കുറവും ഇല്ലായിരുന്നു. വാസു അണ്ണൻ കുടിക്കും എന്നാലും വഴക്കും വക്കാണവും ഒന്നുമില്ലാത്തതു കൊണ്ട് സമാധാനപരമായിരുന്നു. ജീവിതം. ആ സന്തോഷം ഇരട്ടി ആയി വിശേഷമാണന്നറിഞ്ഞപ്പോൾ

അണ്ണന് പലചരക്ക് കടയിൽ ബ്രാണ്ടി കച്ചവടവും ഉണ്ടായിരുന്നു എന്നറിയുന്നത് എക്സൈസുകാർ കുടിലിൻ്റെ ‘മുന്നിൽ അണ്ണനെ അന്വേഷിച്ച് വന്നപ്പോളാണ്

അവിടെ തുടങ്ങി കഷ്ടകാലം അനിയനെയും തൊണ്ടിമുതലും എക്സൈസ്കാർ കൊണ്ടു പോകുന്നത് ചേട്ടൻമാർ കൈയും കെട്ടി നോക്കി നിന്നു.

സഹായത്തിനായി ചേട്ടൻമാരുടെ മുന്നിലെത്തിയ എന്നോടും അമ്മയോടും അവരു പറഞ്ഞത്.അവനിതിൻ്റെ വല്ലോ കാര്യവും ഉണ്ടായിരുന്നോ അവനും ഭാര്യക്കും ജീവിക്കാൻ ആ കട പേരായിരുന്നോ

അമ്മ വേണേൽ ഞങ്ങളുടെ കൂടെ പോരെ ആരാന്നു വെച്ചാൽ അവനെ ഇറക്കി കൊണ്ടു വരട്ടെ. അല്ല ഇവളും ശ്രദ്ധിക്കണമായിരുന്നു. അതെങ്ങനാ കള്ളുകുടിയൻ്റമോളല്ലേ ഇവളായിരിക്കും ബ്രാണ്ടി കച്ചവടം നടത്താൻ അവനെ ഉപദേശിച്ചത്.

നിൻ്റെ അനിയൻ തെറ്റു ചെയ്തതിന് ഇവളെന്തു പിഴച്ചു. പിന്നെ ഈ കുട്ടിയെ ഒറ്റക്കാക്കി ഞാനൊരിടത്തേക്കും ഇല്ല എന്നും പറഞ്ഞ് എന്നേയും ചേർത്തു പിടിച്ച് അമ്മ ഞങ്ങളുടെ വീട്ടിലേക്ക് പോന്നു.

14 ദിവസം റിമാൻഡിന് ശേഷം കോടതിയിൽ ഹാജരാക്കിയ അണ്ണനെ അച്ഛനെങ്ങനെയോ ജാമ്യത്തിലെടുത്തു. പിന്നെ കേസായി കോടതിയായി. പത്തു സെൻ്റ് സ്ഥലവും കടയും നഷ്ടമായി. മോളെയും അമ്മയേയും എങ്ങോട് പോകും എന്നറിയാതെ നിന്ന നിമിഷം ദൈവദൂതയെ പോലെ ചെറിയമ്മയുടെ കാരുണ്യം വീടിനടുത്ത് 5 സെൻ്റ് സ്ഥലം വീതിച്ച് തന്നു. അതിലൊരു കുടിലുകെട്ടി ജീവിതമാരംഭിച്ചു അമ്മ വീട്ടുജോലിക്കിറങ്ങി. വാസു അണ്ണൻ പഴയതിലും കൂടുതൽ മദ്യപാനം തുടങ്ങി. മദ്യപിച്ച് വീട്ടിലെത്തിയാൽ പിന്നെ അടി ഇടി തൊഴി തുടങ്ങിയ കലാപരിപാടികളും.

അങ്ങനെ ഇരിക്കെയാണ് പഞ്ചായത്തിൽ നിന്ന് വീടു പണിയാനുള്ള ഫണ്ട് കിട്ടിയത്. കിട്ടിയ പൈസയിൽ പകുതിയും വാസു അണ്ണൻ കുടിച്ചും ചീട്ടുകളിച്ചും തീർത്തപ്പോൾ കുടുംബശ്രീയിൽ നിന്ന് ലോണെടുത്തും കടം വാങ്ങിയും വീടുപണി ഭാഗികമായി പൂർത്തികരിച്ചു. അങ്ങനെ ഇരിക്കുമ്പോളാണ് അമ്മയൊന്നു തലകറങ്ങിവീണത്. അന്നു കിടപ്പിലായതാ അമ്മ .അമ്മ ജോലി ചെയ്തു കൊണ്ടിരുന്ന വീട്ടിലെ ജോലി ഞാനേറ്റെടുത്തു. മേരി ചേടത്തിയുടെ വീട്ടിലെ അടുക്കളപ്പണിയും തയ്ലും എല്ലാമായി അങ്ങനെ ജീവിച്ചു പോകുന്നു.

ഓരോന്നും ചിന്തിച്ച് വിലാസിനി രണ്ടു ചുരിദാർ തയ്ച്ച് തീർത്തു ഇനി ഒരു ബ്ലൗസ് കൂടിയുണ്ട്. വിലാസിനി ക്ലോക്കിലേക്ക് നോക്കി സമയം പത്തര കഴിഞ്ഞു. തയ്ച്ച് വെയ്ക്കാം രാവിലെ എഴുന്നേറ്റ് കൈ തുന്നൽ തുന്നാം ബ്ലൗസ്സിൻ്റെ തുണിയെടുത്ത് വിലാസിനി മെഷിൻ്റെ മുകളിൽ വെച്ചിട്ട് പോയി മുഖം കഴുകി വന്നു

ഈ സമയം ഒരു ഉറക്കം കഴിഞ്ഞെഴുന്നേറ്റ വാസു ഉറക്കത്തിൽ അഴിഞ്ഞു പോയ മുണ്ടും വാരി ചുറ്റി കൊണ്ട് ഹാളിലേക്ക് വന്നു

എടി എന്താടി കഴിക്കാനുള്ളത്.

കഞ്ഞിയും പയറുതോരനും അടുക്കളയിൽ വിളമ്പി മൂടി വെച്ചിട്ടുണ്ട്.

ഇന്നും കഞ്ഞിയും പയറും എന്നും കഞ്ഞി നിനക്കെന്താടി എന്തേലും നല്ല കറി ഉണ്ടാക്കിയാൽ

ഒന്നും മിണ്ടാതിരുന്ന വിലാസിനിയുടെ അടുത്തെത്തി താടക്ക് തട്ടികൊണ്ട്

എന്താടി നിൻ്റെ നാവിറങ്ങിപോയോ.

അതെങ്ങനാ അവളു വല്യ ഏമാൻമാരുടെ വീട്ടിന്ന് നല്ല കറിയൊക്കെ കൂട്ടി വയറു നിറയെ തിന്നിട്ടല്ലേ വരുന്നത്.ഇവിടെ എനിക്കും എൻ്റെ അമ്മക്കും മോൾക്കും എന്നും കഞ്ഞി.

എടി ഞാൻ പറഞ്ഞതു സത്യമല്ലേടി

ഞാൻ പറഞ്ഞതു സത്യമാ അതല്ലേ നീ മിണ്ടാതിരിക്കുന്നത്. പാവം എൻ്റെ അമ്മയും മോളും എന്താടി നീ ഒന്നും മിണ്ടാത്തത് മെഷീനിൽ രണ്ടും കൈയ്യും ഊന്നി കൊണ്ട് വീണ്ടും വീണ്ടും ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു

വാസു അണ്ണൻ മാറ് എനിക്കിത് തൈയ്ച്ച് വെച്ചിട്ട് വേണം എവിടേലും ഒന്നു കിടക്കാൻ

അങ്ങനെയിപ്പം നീതയ്ക്കണ്ടാടി ഞാൻ ചോദിച്ചതിന് മറുപടി പറ

നാളെ കറിവെയ്ക്കാൻ മീനോ ഇറച്ചിയോ വാങ്ങി കൊണ്ടു വാ ഞാൻ കറി വെച്ചു തരാം

അതിനെൻ്റ കൈയിൽ എവിടാടി കാശ്.

എന്നും കള്ളുകുടിക്കാൻ കാശുണ്ടല്ലോ

അതെൻ്റെ കൂട്ടുകാരുവാങ്ങി തരുന്നതാടി അവർക്കെന്നോട് എന്തു സ്നേഹമാണന്നറിയോ

എന്നാൽ അവരോടു പറ നല്ല കറിയും വെച്ചു തരാൻ. ഈ കൂട്ടുകാരാ നിങ്ങളെ ഇങ്ങനെ ആക്കിയത്.

നീ എന്നെ എന്തെങ്കിലും പറഞ്ഞോ പക്ഷേ എൻ്റെ കൂട്ടുകാരെ എന്തേലും പറഞ്ഞാലുണ്ടല്ലോ എന്നും പറഞ്ഞ് വിലാസിനിയുടെ കഴുത്തിന് നേരെ കൈ കൊണ്ടുചെന്നു

വിലാസിനി ആ കൈകൾക്ക് തട്ടു കൊടുത്തിട്ട് ചാടി എഴുന്നേറ്റു.

ഇതു കണ്ട് വാസു നീ എൻ്റെ കൈ തട്ടി മാറ്റും അല്ലേ എന്നും ചോദിച്ച് അടിക്കാനായി കൈ വിശി വിലാസിനി പെട്ടന്ന് മാറിയതുകൊണ്ട് അടി കിട്ടിയില്ല. ബാലൻസ് തെറ്റിയ വാസുമെഷീൻ്റെ മുകളിലേക്ക് വീണു.

ഇന്നിനി തയ്ക്കാനിരുന്നാൽ തയ്ക്കാൻ സമ്മതിക്കില്ല തയ്ച്ചതെല്ലാം എടുത്ത് മടക്കി വെച്ചതിന് ശേഷം കിടക്കാനായി പോയി

വാസു ഈ സമയം അടുക്കളയിൽ കയറി മൂടി വെച്ച കഞ്ഞിയും പയറുതോരനും ഇട്ട് ഇളക്കി രണ്ട് മൂന്നു വറ്റ് കഴിച്ചിട്ട് കൈയും കഴുകി കിടപ്പുമുറിയിലേക്ക് ചെന്നു.

സൈഡ് തിരിഞ്ഞ് കിടക്കുന്ന വിലാസിനിയെ കണ്ടതും വാസുവിൻ്റെ സിരകളിൽ വികാരത്തിൻ്റെ വേലിയേറ്റുണ്ടായി. മറ്റെന്തിനൊക്കെയോ വേണ്ടി വാസുവിനെ പ്രേരിപ്പിച്ചു.

വിലാസിനിയുടെ അടുത്ത് ചെന്ന് കിടന്ന് വിലാസിനിയെ കെട്ടിപ്പടിച്ച് തന്നിലേക്കടുപ്പിച്ചതും വിലാസിനി ചാടി എഴുന്നേറ്റു

വാസു അണ്ണാ അങ്ങ് മാറികിടക്ക് എനിക്ക് നല്ല ക്ഷീണമുണ്ട് എനിക്കൊന്നുറങ്ങണം.

അങ്ങനെ ഇപ്പോ നീ ഉറങ്ങണ്ട എൻ്റെ കാര്യങ്ങളും കൂടി കഴിഞ്ഞിട്ട് ഉറങ്ങിയാ മതി.

എനിക്കിന്ന് പറ്റില്ല.

അതെന്താടി നിനക്കിന്ന് പറ്റാത്തത്.ഇന്ന് നീ ആരുടെ കൂടെ കിടന്നിട്ടാടിവന്നത് എന്നുറക്കെ ചോദിച്ച് വാസു എഴുന്നേറ്റു

എൻ്റെ വാസുവണ്ണാ ഒന്നു പതുക്കെ മോളുണരും

ഉണരട്ടേടി മോളും അറിയട്ടേ അമ്മേടെ അഴിഞ്ഞട്ടത്തിൻ്റെ കഥ

അനാവശ്യം പറഞ്ഞാലുണ്ടല്ലോ

നിനക്ക് കാണിക്കാം എനിക്ക് പറയാൻ പാടില്ല. എനിക്കെല്ലാം അറിയാടി നിനക്ക് അവിടെ എന്താ പണിയെന്ന്

എന്ത് എന്തറിയാം നിങ്ങൾക്ക് ഒന്നുമറിയില്ല നിങ്ങൾക്ക്.

എന്നേ കൊണ്ടൊന്നും പറയിപ്പിക്കണ്ട മേരി ചേടത്തീടെ മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാവരും വന്നിട്ടുണ്ടല്ലോടി. നീ ഇന്ന് അവിടെ എത്ര പേർക്കാടി കിടന്നു കൊടുത്തത്.അതുകൊണ്ടല്ലേ നിനക്കിന്ന് പറ്റില്ലാത്തത്.

കള്ളുകുടിച്ച് വന്ന് അനാവശ്യം പറഞ്ഞാലുണ്ടല്ലോ

നീ എന്തു ചെയ്യുടി ഞാനിനിയും പറയും. എന്നു പറഞ്ഞ് വിലാസിനിയുടെ മുടി കുത്തിന് കയറി പിടിച്ചു. എന്നിട്ട് അവളെ തള്ളി കിടക്കയിലേക്കിട്ടു അവളുടെ മുകളിലായി കിടന്ന് അവളിലേക്ക മർന്നു

മോളുണരുമല്ലോന്ന് ഓർത്ത് എല്ലാം സഹിച്ച് വിലാസിനി അയാൾക്ക് കീഴ്പ്പെട്ടു.

അയാളുടെ ചുണ്ടുകൾ അവളുടെ ചുണ്ടോടു ചേരുമ്പോൾ അവൾക്ക് മനംപിരട്ടി വന്നു. മദ്യത്തിൻ്റേയും ബീഡിയുടെയും മനം മടിപ്പിക്കുന്ന ഗന്ധം അവൾ മുഖം വെട്ടിച്ചു മാറ്റി

എന്താടി നിനക്കിത്ര വെറുപ്പ് എന്നോട് ഒരു കാലത്ത് എൻ്റെ ഉമ്മക്കായി നീ എൻ്റെ പുറകെ നടന്നിട്ടുണ്ടല്ലോടി.

എടി കാശു കൊടുത്താൽ കിട്ടാത്ത സാധനമെന്നുമല്ല ഇത്. നീ എനിക്ക് തരാതിരുന്നാൽ ഞാൻ പോകും
.
നിന്നെ പോലെ ശവങ്ങളുടെ അടുത്തല്ല ഒന്നാന്തരം വേശ്യകളുടെയടുത്ത്.

ശവം പോലെ കിടന്നു തന്നിട്ട് കാര്യമില്ലാടി ശവമേ എല്ലാം കഴിഞ്ഞ് മാറി കിടന്ന് പിറുപിറുത്തോണ്ട് വാസു ഉറക്കത്തിലേക്ക് വഴുതി വീണു.

ഈ സമയം ഉറക്കം നഷ്ടപ്പെട്ട വിലാസിനി തൻ്റെ മോളേയും കെട്ടി പിടിച്ച് കിടന്നു. സമയം പാതിരാ കഴിഞ്ഞു. ഇനി എത്ര നേരമുണ്ട് ഒന്നുറങ്ങാൻ നേരത്തെ എഴുന്നാ റ്റാലേ ലീല ചേച്ചിക്കതു തയ്ച്ചു കൊടുക്കാൻ പറ്റു. ഓരോന്ന് ആലോചിച്ച് കിടന്ന് വിലാസിനി നേരം വെളുപ്പിച്ചു.

4മണിക്ക് ഉണർന്ന് കുളി കഴിഞ്ഞ് ബ്ലൗസ് തയ്ച്ച് പൂർത്തിയാക്കി എല്ലാംകൂടെ ഒരു കൂട്ടിലാക്കി വെച്ചു അടുക്കളയിൽ കയറി റേഷനരി കൊണ്ട് ചോറുണ്ടാക്കി മുറ്റത്ത് നിൽക്കുന്ന കപ്പളത്തിൽ നിന്ന് ഒരു കപ്പളങ്ങ കുത്തി എടുത്ത് ചെറുതായി അരിഞ്ഞെടുത്തു ഒരു തോരനുണ്ടാക്കി ഒരു മുട്ടയും വറുത്ത് മോളുടെ ലഞ്ചു ബോക്സിലാക്കി. പിന്നെ തലേന്ന് മേരി ചേടത്തി കൊടുത്തുവിട്ട അപ്പത്തിൻ്റെ മാവെടുത്ത് അപ്പമുണ്ടാക്കി അധികമൊന്നും ഇല്ല. അരി അരച്ചപ്പോ ഒരു ചോറ്റുപാത്രത്തിൽ തന്നു വിട്ടതാ അമ്മക്ക് അപ്പമുണ്ടാക്കി കൊടുക്കെന്നും പറഞ്ഞത്.

ചിരവി തിരാറായ ചിരട്ട എടുത്ത് നോക്കി ഇത്തിരി തേങ്ങയുണ്ട് അതു ചിരകിയെടുത്ത് കാന്താരിയും കൂട്ടി അരച്ചെടുത്ത് കടുക് പൊട്ടിച്ചെടുത്തു. ഇന്ന് മോൾക്ക് സന്തോഷമാകും. മേരിചേടത്തിക്ക് എന്തേലും തന്നു വിടണമെന്നൊക്കെയുണ്ട് പക്ഷേ കേണൽ കണ്ടാൽ പ്രശ്നമാണ്.

എല്ലാം ഒന്നൊതുക്കി അമ്മയുടെ മുറിയിലെത്തി അമ്മയെ ടോയ്‌ലെറ്റിൽ കൊണ്ടിരുത്തി .അമ്മയുടെ ബെഡ്ഷീറ്റും പുതപ്പും മാറ്റി വിരിച്ച് അമ്മയെ കഴുകി തുടച്ച് കട്ടിലിൽ കൊണ്ടു വന്നിരുത്തി അമ്മയെ കഴിപ്പിച്ചു.

ഇന്നലെ എൻ്റെ മോളുറങ്ങിയില്ല അല്ലേ അമ്മ എല്ലാം കേട്ടു മോളോട് അമ്മ ഒരു കാര്യം പറയട്ടെ അവരെ ആരെയെങ്കിലും വിളിച്ച് പറ അമ്മയെ വന്ന് കൊണ്ടുപോകാൻ അല്ലങ്കിൽ അമ്മയെ ഏതെങ്കിലും അഗതി മന്ദിരത്തിലും ആക്ക്

എൻ്റെ അമ്മയെ ഞാനൊരിടത്തേക്കും പറഞ്ഞു വിടുന്നില്ല അമ്മ പോയാൽ തീരുന്ന പ്രശ്നമല്ലല്ലോ ഇവിടെയുള്ളത്.വാസു അണ്ണൻ്റെ കുടി നിർത്തിയാൽ മാറുന്ന പ്രശ്നമേ ഇവിടെയുള്ളു.

അതിനിപ്പോ എന്താ ഒരു വഴി. അമ്മക്ക് ഒന്നും അറിയില്ല എൻ്റെ കുട്ടി.

അമ്മ ഇപ്പോ ഒന്നും ആലോചിക്കണ്ടാട്ടോ

അപ്പോഴെക്കും മോളുണർന്ന് പല്ലുതേപ്പും കഴിഞ്ഞ് അടുക്കളയിലേക്ക് വന്നു.

എന്താമ്മേ ഇന്ന് കഴിക്കാൻ .

എൻ്റെ മോൾക്കിഷ്ടമുള്ള അപ്പവും ചമ ന്തിയും എന്നു പറഞ്ഞു കൊണ്ട് വിലാസിനി ഒരു പാത്രത്തിൽ രണ്ടെപ്പമെടുത്ത് അതിലേക്ക് അല്പംചമന്തിയും ഒഴിച്ചു കൊടുത്തിട്ട് പറഞ്ഞു.

അമ്മേടെ മോളു കഴിക്കട്ടോ അമ്മ പോകുകയാണേ മാളു ചേച്ചി വന്നു വിളിക്കുമ്പോളെക്കും ഒരുങ്ങി നിൽക്കണേ

എൻ്റെ മുടി കെട്ടി തന്നില്ലാലോ മ്മേ

എൻ്റെ മോളെ സമയം 7 ആയി താമസിച്ചു ചെന്നാൽ ആകേണലിൻ്റെ വായിലിരിക്കുന്നതു മുഴുവൻ കേൾക്കണം.കൃത്യം 8 ന് അയാൾക്ക് ഭക്ഷണം മുന്നിൽ കിട്ടണം.

മോളൊരു കാര്യം ചെയ്യ് ഇന്നു മാളു ചേച്ചി വരുമ്പോൾ മുടി കെട്ടിത്തരാൻ പറയൂട്ടോ

മോളെ ശരിക്കൊന്നു ശ്രദ്ധിക്കാൻ പോലും സമയമില്ല

ആ മോളെ ലീല ചേച്ചി വരുമ്പോ തയ്ച്ചവെച്ചിരിക്കുന്ന തുണി മെഷീൻ്റെ മുകളിരിപ്പുണ്ട് അതെടുത്തു കൊടുത്തേക്ക് പൈസ തന്നാൽ അച്ഛമ്മേടെ തലയിണക്കിടയിൽ വെച്ചേക്കൂട്ടോ

ശരിയമ്മേ.

മേരി ചേടത്തീടെ വീടിന് മുന്നിലെത്തിയപ്പോൾ കേണൽ പൂമുഖത്ത് പത്രം വായിച്ചിരുപ്പുണ്ട്. പിന്നാമ്പുറത്തേക്കൂടി അടുക്കളയിലെത്തി പണികളാരംഭിച്ചു.

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *