അടുത്ത വർഷം നമ്മളൊന്നിച്ചു തെളിയിക്കും.. ഇപ്പോൾ പരസ്യമായും രഹസ്യമായും കളിയാക്കുന്നവരുടെ മുൻപിൽ കൂടി നമുക്ക് ഒന്നിച്ചു നടക്കണം കൈകോർത്തുപിടിച്ചിട്ടു……

എഴുത്ത്:-ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ

ഇന്നു അമ്പലത്തിലെ കാർത്തിക വിളക്കാണ് നീ പോവുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ആണ് എന്റെ മുഖം ചെറുതായിഒന്നുമങ്ങിയത്.

കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ? എത്ര കാലായി ഇതിപ്പോ.നിനക്കു വിഷമം ഉണ്ടാവും എന്നറിയാം.

നീ എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ എനിക്ക് വേറെ ആരാ ഉള്ളേ. ജോലിയും പൈസയും ഒന്നുമല്ല മോനെ അമ്മമാർക്ക് വേണ്ടത് അവർക്കും കുറച്ചു കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളൊക്കെ ഉണ്ട്. അമ്മമാരുടെ ഇഷ്ടങ്ങൾ മനസിലാക്കുന്ന മക്കളെ കിട്ടാനും ഒരു ഭാഗ്യമൊക്കെ വേണം.

ആ ഗോവിന്ദൻ മാഷ്ടെ മോൾക്ക് നമ്മളെ ഇഷ്ടായതാണ്. എല്ലാ കാര്യവും പറഞ്ഞതുമാണ്.

മോൻ ആലോചിച്ചിട്ട് പറ്റാണെങ്കിൽ ഒന്ന്പോയി സംസാരിക്കു.. പോയി കണ്ടിട്ട് നമ്മളൊന്നും പറഞ്ഞില്ലാന്നു പറഞ്ഞുന്നു അറിയിച്ചിണ്ടാർന്നു.

ഇനി അമ്മ നിര്ബന്ധിക്കില്ല മോന്റെ ഇഷ്ടം എന്താണ്‌ അതുപോലെ
നടന്നോട്ടെ.

എന്റെ മുഖം മങ്ങിയത് കണ്ടിട്ടാവണം.അമ്മ പിന്നൊന്നും ചോദിക്കാതെ അടുക്കളയിലേക്ക് പോയത്.

കൊണ്ടുവന്ന കാപ്പി ഉമ്മറത്തെ തിണ്ണയിൽ ചെന്നിരുന്നു കുടിക്കുമ്പോൾ. മനസിന്റെ ഉള്ളിൽ കിടന്നു മറക്കാൻ ശ്രമിച്ച ഓർമ്മകൾ വീണ്ടും വീണ്ടും തെളിഞ്ഞു വരുന്നുണ്ടായിരുന്നു.

മുകളിൽ ചെന്നു അടുക്കിപെറുക്കി വെച്ച പുസ്തകങ്ങൾ നിറഞ്ഞ പെട്ടി തുറക്കുമ്പോൾ. മനസു അസ്വസ്ഥമായിരുന്നു.

ടാ.. മുകളിൽ എന്തെടുക്കാ.. ഞാൻ ഒന്ന് അമ്പലത്തിൽ പോയിട്ട് വരാം. വാതിലടച്ചിട്ടില്ല നോക്കിക്കോണേ…എന്നും പറഞ്ഞു അമ്മ പോകുന്നത് മുകളിലെ ജനാലയിൽ കൂടെ കണ്ടു.

പുസ്തകങ്ങൾക്കിടയിൽ നിന്നു ഡയറി തപ്പിപിടിച്ചെടുത്തു. പേജുകൾ മറിക്കുമ്പോൾ ഓരോ ദിവസങ്ങളും മുന്നിൽ തെളിഞ്ഞു.

ഒരു ചിരിയിൽ വീണു ആ നുണക്കുഴി കവിളിൽ വീണലിഞ്ഞു പോയ ഒരു കൗമാരക്കാരനെ കണ്ടു വരികളിലൂടെ വീണ്ടും.

കണ്ടുമുട്ടലുകൾക്കെല്ലാം എന്തൊരു ആഹ്ലാദമാണ്. എന്തൊരു വർണ്ണനയാണ്.

കുഞ്ഞു കുഞ്ഞു പിണക്കങ്ങളുടെ കാരണങ്ങൾ വായിച്ചപ്പോൾ സ്വയം ചമ്മൽ തോന്നി. കാലപ്പഴക്കം കൊണ്ടാകും. അല്ലെങ്കിൽ പ്രണയം ഇങ്ങനെയൊക്കെ ആയിരിക്കാം.

ലക്ഷ്മി…. ഒരു ചിരികൊണ്ടു നമ്മുടെ മനസിലുള്ള എല്ലാ പ്രശ്നങ്ങളെയും ഇല്ലാതാകുന്നവൾ. അങ്ങിനെയുള്ള ഒരാളെയല്ലേ ആരും ആഗ്രഹിക്കാ..

കണ്ണന്റെ മുൻപിൽ താലി ചാർത്തി തുളസിമാലയിട്ടു കൈകോർത്തു പിടിച്ചു ജീവിതത്തിനൊപ്പംകൂട്ടാൻ. നെയ്തു വെച്ച സ്വപങ്ങൾക്കെല്ലാം എന്തൊരു തിളക്കമായിരുന്നു.

മിക്കപ്പോഴും കാണുന്നവരാണെങ്കിലും. എഴുത്തു എഴുതൽ ഒരു നിർബന്ധമായിരുന്നു. രാത്രി എല്ലാവരും കിടന്നതിന് ശേഷം ടേബിൾ ലാമ്പിന്റെ വെളിച്ചത്തിലിരുന്നു വായിച്ചതും മറുപടി എഴുതലും. പ്രണയത്തിന്റെ മനോഹര നിമിഷങ്ങളായിരുന്നു.

സ്വന്തമാണെന്നു കരുതി സ്നേഹിച്ചവർ സ്വന്തമല്ലാതാകുന്ന നിമിഷത്തെ പറ്റി ഓർത്തിട്ടുണ്ടോ അങ്ങനൊരു അവസ്ഥ ആലോചിച്ചിട്ടുണ്ടോ.

ഭ്രാന്താണ് ആ ഒരു കാലഘട്ടം. ഒന്നിനോടും ആരോടും വേറൊരു ബന്ധമില്ലാത്ത ആ ഒരാളെ മാത്രം ചിന്തിച്ചു ചിന്തിച്ചു ഇരിക്കുന്നത് പ്രണയിക്കുമ്പോഴല്ല പിരിയുമ്പോഴാണ്. ഇതൊന്നും ഡയറിയിൽ എഴുതിയതല്ല ഓരോ വരികളും വായിക്കുമ്പോൾ കഴിഞ്ഞുപോയ ജീവിതം ഓർത്തുപോകുന്നതാണ്.

കാലം കൊണ്ട് മായ്ക്കും എന്ന് പറയുന്നത് ഒരിക്കലും സത്യമല്ല. അതു നമ്മളെ സമാധാനിപ്പിക്കാൻ. നമ്മളെ ഒരുപാടു ഇഷ്ടമുള്ളവർ പറയുന്ന വാക്കുകളാണ്.

മറിച്ചു മറിച്ചു ആ ഡയറിയുടെ… അവസാന താളുകളിലെത്തി നിൽകുമ്പോൾ കണ്ണു നിറഞ്ഞു അക്ഷരങ്ങൾ മാഞ്ഞു തുടങ്ങിയിരുന്നു.

ഇനിയീ പുസ്തകത്തിൽ വരികളുണ്ടാകില്ല. ഇതു മുഴുവൻ നിനക്കാണ് നിന്നോടുള്ള സ്നേഹമാണ്.

അതിനു ശേഷം ശൂന്യമാണ്. ഒന്നും എഴുതാത്ത.. ഒരുപാടു പ്രാവശ്യം എഴുതാനെടുത്തിട്ടും അടച്ചു വെച്ച പുസ്തകം.

“കാർത്തിക വിളക്ക് എന്തൊരു രസമാണ് ല്ലേ ലക്ഷ്മി.. ചുറ്റമ്പലത്തിലും. കൽ വിളക്കിലും. വരമ്പത്തു നിറയെ വാഴ പിണ്ടി കുത്തി അതിൽ നിറയെ ചിരാതുകൾ വെച്ചു.. കുളത്തിന്റെ പടികളിലും. നിറയെ ദീപങ്ങൾ. മനസിലും ഒരുപാട് ദീപങ്ങൾ നിറഞ്ഞു നിൽക്കുന്നപോലെ

ആളുകളുടെ കണ്ണുവെട്ടിച്ചു നമ്മുടെ ദീപം തെളിയിക്കലൊക്കെ നമ്മുക്ക് ഈ വർഷം കൂടി മതിയിട്ടോ ലക്ഷ്മി..

അടുത്ത വർഷം നമ്മളൊന്നിച്ചു തെളിയിക്കും.. ഇപ്പോൾ പരസ്യമായും രഹസ്യമായും കളിയാക്കുന്നവരുടെ മുൻപിൽ കൂടി നമുക്ക് ഒന്നിച്ചു നടക്കണം കൈകോർത്തുപിടിച്ചിട്ടു.

നേരം ഒരുപാടായില്ലോ.. കിടക്കട്ടെ

സ്നേഹപൂർവ്വം ശ്രീ “

കാർത്തിക വിളക്ക് കഴിഞ്ഞുവന്നു ലക്ഷ്മിക്ക് എഴുതിവെച്ച കത്താണ്.

അമ്മ മരഗോവണി കയറി വരുന്ന ശബ്ദം കേട്ടിട്ടാണ് ചിന്തയിൽ നിന്നു ഉണർന്നത്.

ഇവിടിരിക്കാ… ചെന്നു കുളിച്ചു അമ്പലത്തിലേക്ക് ഒന്ന് ചെല്ലാർന്നില്ലേ.

കുറച്ചുനേരം കണ്ണടച്ചിരുന്ന ശേഷം ഡയറയിലെ പൊടിയൊക്കെ തുടച്ചു എടുത്തു താഴേക്കിറങ്ങി.

കുളിച്ചു റെഡിയായി. അമ്മാ.. ആ ഗോവിന്ദൻ മാഷ്ടെ മോളുടെ നമ്പർ ഉണ്ടോ ഉണ്ടെങ്കിൽ ഒന്നുവിളിച്ചു എനിക്കൊന്നു നേരിട്ടു കാണണം എന്ന് പറയു..

അമ്മേടെ കണ്ണിൽ നിന്നു വന്ന കണ്ണുനീർ സന്തോഷത്തിന്റെയാണോ സങ്കടത്തിന്റെയാണോ എന്ന് എനിക്കറിയില്ലായിരുന്നു.

♡♡♡♡♡♡♡♡♡♡♡

ഗൗരി..

അതാണ്‌ അയാളുടെ പേര്. എന്താ കാണണം എന്ന് പറഞ്ഞത്.

ഒന്നൂല്യ കാണണം എന്ന് തോന്നി.

അമ്മ നിർബന്ധിച്ചോണ്ടാണോ മാഷേ ഈ കൂടിക്കാഴ്ച്ച?

ഞാൻ ചെറുതായൊന്നു ചിരിച്ചു.

പല തീരുമാനങ്ങളും മാറുന്നത്. അമ്മയിൽ നിന്നാണല്ലോ.?

ഒരാളിൽ നിന്നു മാറി. അവിടെ വേറൊരാള് വരുക എന്നുള്ളത് വല്യ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ആ ഒരാള് ഭൂമിയിൽ ഇല്ലാത്തൊരു ആളുകൂടിയാകുമ്പോൾ.

അത്രയ്ക്ക് ആഗ്രഹിച്ചതാ ഞാൻ. അയാളെ കൊണ്ടുപോയത് കാൽത്തട്ടി കുളത്തില് വീണു എന്ന രൂപത്തിലാ. എന്നും പോകുന്ന വഴിയിൽ ഒരൂസം അങ്ങനൊരു വിധി കാത്തിരിക്കുന്നുണ്ടെന്നു അവളും ഓർത്തില്ല. മുൻ കൂട്ടി അറിയുമെങ്കിൽ ഇന്നീ ലോകത്തു അവരുടെ പ്രിയപെട്ടവരൊക്കെ കൂടെ ഉണ്ടായേനെ അല്ലേ? ഗൗരി?

ഇതിലെല്ലാം ഉണ്ട്. ലക്ഷ്മിക്കു അവസാനമായിട്ട് എഴുതിയ അയാള് വായിക്കാതെ കത്തുവരെ ഇതുവായിച്ചിട്ടു ആലോചിച്ചിട്ട് പറഞ്ഞാൽ മതി.

ഇപ്രാവശ്യം വിളക്കിന് പോണം കുറേ കാലായിട്ടു പോവാറില്ല. താൻ പറഞ്ഞപോലെ ഇതും അമ്മേടെ ഒരു ആഗ്രഹമാണ്. എന്നാൽ ഇറങ്ങിക്കോട്ടെ?

ഉം.

കുറച്ചു നടന്നു നീങ്ങിയപ്പോഴാണ് പിന്നിൽ നിന്നു ഗൗരി വിളിച്ചത്.

മാഷേ…
ഇതു എനിക്ക് എഴുതിയതല്ലല്ലോ.. അപ്പോ ഞാൻ വായിക്കണില്ല. ഇതു എവിടെയാണ് വെച്ചിരുന്നത് അവിടെത്തന്നെ ഭദ്രമായി വെച്ചോളൂ..

പിന്നെ ഒരു കാര്യം പറയട്ടെ. ഒരുപാടു ആലോചിച്ചു എടുക്കുന്ന തീരുമാനത്തേക്കാൾ നല്ലത് പെട്ടെന്ന് മനസ്സിൽ തോന്നിയ തീരുമാനം എടുക്കുക എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അങ്ങിനെടുത്ത തീരുമാനങ്ങളെല്ലാം ശരിയായിരുന്നു എന്ന് പലപ്പോഴും മനസിലായിട്ടുമുണ്ട്.

അതുകൊണ്ടും കൂടിയാ ചോദിക്കണേ

ഇന്നു മാഷ് അമ്പലത്തിൽ കാർത്തിക വിളക്കിന് പോകുമ്പോൾ ഞാനും കൂടെ വന്നോട്ടെ?

ഒരുമിച്ചൊരു തിരി തെളിയിക്കാലോ പറ്റാണെങ്കിൽ? പറ്റോ?

ചിലപ്പോൾ ഇനിയുള്ള ജീവിതം മുഴുവൻ ആ തിളക്കം നമ്മുടെ കൂടെ ഉണ്ടായാലോ മാഷേ?

ലക്ഷ്മിയുടെ കത്ത് വായിക്കാതെ എന്റെ മനസുവായിച്ച ഗൗരിയോട് ഞാനെന്താ പറയണ്ടേ?

സ്നേഹപൂർവ്വം

Leave a Reply

Your email address will not be published. Required fields are marked *