വോiഡ്ക ട്രാജഡി
എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്
രണ്ടായിരമാണ്ടിലെ ഒരു സെപ്തംബർ മുപ്പത്. വൈകിട്ട് അഞ്ചരയ്ക്ക്, ആളൂർ കനാൽപ്പാലം ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ നിന്നും, പോട്ട ധന്യ ആശുപത്രിസ്റ്റോപ്പിലേക്ക് ബസ് കയറുന്നതിനിടെ ഒരിക്കൽ കൂടി പോക്കറ്റ് പരതി.
ഉണ്ട്, ഈ മാസത്തെ ശമ്പളം രണ്ടായിരം രൂപ ഭദ്രമായുണ്ട്. ആഴ്ച്ചയിൽ അഞ്ഞൂറ് രൂപയാണ് കൂലി. സ്വർണ്ണപ്പണിക്ക് ഇരിക്കുന്നത് വല്യമ്മയുടെ വീട്ടിലായതുകൊണ്ട്, ഞാൻ മാസത്തിൽ ഒന്നോ രണ്ടോ തവണയേ പുതുക്കാട് പോകാറുള്ളൂ. മാസാവസാനമായതുകൊണ്ട് രണ്ടായിരം രൂപ, ചേട്ടൻ തികച്ചും തന്നു. അന്നത്തെക്കാലത്ത് സ്വർണ്ണപ്പണിയുടെ പ്രതിഫലം അത്ര തിളക്കമുള്ളതായിരുന്നില്ല.
പോട്ട ജംഗ്ഷനിൽ ബസ്സിറങ്ങി, മെല്ലെ തൃശൂർ ബസ് സ്റ്റോപ്പിലേക്ക് നടന്നു. എനിക്ക് തൃശൂർ ഭാഗത്തേക്ക് പോകേണ്ടത് കൊണ്ടാണെന്നു തോന്നുന്നു, റോഡിന് എതിർവശത്ത് നിരനിരയായി ചാലക്കുടി ഭാഗത്തേക്ക് പോകുന്ന ട്രാൻസ്പോർട്ട് ബസുകൾ ഒരു ചെറിയ തീവണ്ടിയുടെ കംപാർട്ട്മെന്റുകൾ പോലെ, ഒന്നിനു പിറകേ മറ്റൊന്നായി കടന്നുപോയി.
കാൽമണിക്കൂറിന്റെ കാത്തിരിപ്പിനൊടുവിൽ, കറുത്ത ബോർഡും വച്ച് തൃശൂർ ഓർഡിനറി ബസ് വന്നുനിന്നു. ഒരുവിധത്തിൽ ബസ്സിനുള്ളിലെ കനത്ത തിരക്കിലേക്ക് ഞാൻ നുഴഞ്ഞുകയറി.
കണ്ടക്ടർ വന്നപ്പോൾ, ആമ്പല്ലൂർ എന്നു പറഞ്ഞു ടിക്കറ്റെടുത്തു. പുതുക്കാടിന്റെ അടുത്ത സ്റ്റേഷൻ ആയതിനാൽ, ടിക്കറ്റ് നിരക്കിൽ വ്യതിയാനമില്ല. ഓരോ മുക്കിലും മൂലയിലും നിർത്തിയും, അതിലേറെ നിരങ്ങിയും ബസ് മുന്നോട്ട് പോയിക്കൊണ്ടിരുന്നു. കൊടകര യെത്തിയപ്പോൾ തിരക്ക് ഏതാണ്ടൊഴിഞ്ഞു. ഒത്തുകിട്ടിയ ജാലകസീറ്റിൽ, പുറത്തേക്ക് മിഴി പാർത്ത് ഞാനിരുന്നു.
ഇനി, രണ്ട് ദിവസം കഴിഞ്ഞേ ജ്വല്ലറിയിൽ പോകൂ. അന്നേ ആഭരണങ്ങൾ പണിയാനുള്ള ഓർഡർ ലഭിക്കൂ. തത്വത്തിൽ, ഇനി ഒക്ടോബർ മൂന്നാം തിയതി വൈകീട്ട് ആളൂർക്ക് മടങ്ങിയാൽ മതി. രണ്ടര ദിവസം അവധി. അവധിയെക്കുറിച്ച് ഓർത്തപ്പോൾ കൈ വീണ്ടും പോക്കറ്റിൽ പരതി. ഉണ്ട്, രണ്ടായിരം ഭദ്രമായുണ്ട്.
പുതുക്കാടും പിന്നിട്ട്, ബസ് ആമ്പല്ലൂർ സെന്ററിൽ വന്നുനിന്നു. സാവധാനമിറങ്ങി, റോഡ് കുറുകേക്കടന്ന് വരന്തരപ്പിള്ളി വഴിയിലുളള കൂവ്വക്കാടൻ ബിൽഡിംഗിലേക്ക് നടന്നു. കെട്ടിടസമുച്ചയത്തിന്റെ താഴെനിലയിലെ ഇടനാഴിയ്ക്കറ്റത്ത്, സന്ധ്യാ വെളിച്ചത്തിൽ ആ ബോർഡ് വ്യക്തമായി കാണാം. കേരളാ ബവ്റിജസ് കോർപ്പറേഷൻ ആമ്പല്ലൂർ.?അതിനു താഴെ, മiദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്ന ലിഖിതം മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ചു.
ഈശ്വരാ, സാമാന്യം വലിയൊരു വരിയുണ്ടല്ലോ. നാളെ ഒന്നാം തീയതിയും, മറ്റന്നാൾ ഗാന്ധിജയന്തിയും ആയിപ്പോയില്ലേ. മiദ്യപരുടെ രണ്ടു വരണ്ട ദിനങ്ങൾ. മനുഷ്യർ ആകാശത്തിലെ പറവകൾ അല്ലല്ലോ. മനുഷ്യന് നാളെയ്ക്ക് വേണ്ടി നീക്കിയിരുപ്പ് കരുതിയല്ലേ പറ്റൂ. മനസ്സിലെ മുഷിപ്പ് മiദ്യമെന്ന അനിവാര്യതയ്ക്ക് മുന്നിൽ വഴിമാറി.nനീണ്ട വരിയുടെ പുറകിലായി ഞാൻ നിലയുറപ്പിച്ചു. മിനുറ്റകൾക്കകം, എനിക്കും പുറകിൽ സോമരസം തേടി വരി കനത്തു.
“ചേട്ടാ, എനിക്കൊരു കുപ്പി വാങ്ങിത്തരുമോ ? ചേട്ടന് ബുദ്ധിമുട്ടെങ്കിൽ ഞാൻ നിൽക്കാം”
എന്നുള്ള, വരി നിൽക്കാൻ സൗകര്യമില്ലാത്ത അക്ഷമരായ മiദ്യപാനി കളുടെ കേട്ടു തഴമ്പിച്ച അപേക്ഷയെ നിഷ്കരുണം അവഗണിച്ച് ഞാൻ കൗണ്ടറിനരികിലെത്തി.
എന്ത് വാങ്ങണം? രണ്ടു ദിവസം അവധിയുണ്ട്. പതിവ് നൂറു രൂപായുടെ അരലിറ്ററുകളായ സiൽസാ, വേണാട് ഇതൊന്നും വേണ്ടാ. അതൊക്കെ പഞ്ഞകാലത്ത്, ഇതിപ്പോൾ ശമ്പളം കിട്ടിയ അഞ്ഞൂറിന്റെ പച്ച ഗാന്ധികൾ നാലെണ്ണമാണ് പോക്കറ്റിൽ. പണം പോയാലും പവർ ഒട്ടും കുറയ്ക്കേണ്ട. സധൈര്യം ഓർഡർ ചെയ്തു. എം ജി എം വോiഡ്കാ ഫുൾ. കൗണ്ടറിൽ കൊടുത്ത അഞ്ഞൂറു രൂപാ ലോപിച്ച് ഇരുന്നൂറ് രൂപയായി. ഉരുണ്ട ചില്ലുകുപ്പിയിൽ കണ്ണീർ ദ്രാവകം പോലെ വോiഡ്കാ. ഒരു നവജാത ശിശുവിനേപ്പോൽ സൂക്ഷിച്ചും, പരിലാളിച്ചും ഒരു ഓട്ടോ പിടിച്ച് വീട്ടിലേക്ക്.
കുന്നിറങ്ങി, ഓട്ടോ വീട്ടുപടിക്കൽ വന്നുനിന്നു. ചെറിയ ഇടവഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ, ചുറ്റും ഇരുട്ട് കനത്തിരുന്നു. എട്ടുമണി ആകാറായി എന്ന് കൈത്തണ്ടയിലെ വാച്ച് പറയാതെ പറഞ്ഞു. ഉമ്മറത്തേക്ക് കണ്ണോടിച്ചപ്പോൾ, നിരനിരയായി കത്തുന്ന മണ്ണെണ്ണ വിളക്കുകൾ കണ്ടു. ഓരോ വിളക്കിൻ കീഴിലും വിളങ്ങുന്ന കൗമാരങ്ങൾ. ചേച്ചിയുടെ ട്യൂഷൻ കുട്ടികൾ പഠിക്കുകയാണ്. വൈദ്യുതി വെട്ടമെത്താത്ത എന്റെ വീട്ടിൽ, അവർക്കപരിചിതമായ മണ്ണെണ്ണക്കരിയേറ്റ്.
കുട്ടികളുടെ പുഞ്ചിരിക്ക് മറുചിരിയേകി, അവർക്കിടയിലൂടെ നടന്ന്, ചായ്പ്പിലുള്ള എന്റെ മുറിയിലേക്ക് കയറി. ഇരുട്ടു കട്ടപിടിച്ച നാലു ചുവരുകൾക്കിടയിലെ കിഴക്കേ മൂലയിലായി തലയുയർത്തി നിൽക്കുന്ന സ്റ്റീൽ അലമാരയ്ക്ക് മുകളിലേക്കായി ആദരവോടെ മiദ്യക്കുപ്പി വച്ചു.?മെല്ലെ, പുറത്തിറങ്ങി. ഉമ്മറത്തേ ആരവം തീരട്ടേ. എന്നിട്ടാകാം ആദ്യ പെiഗ് അകത്താക്കുന്നത്.
എട്ടര കഴിഞ്ഞപ്പോൾ കുട്ടികൾ അവരവരുടെ വീടുകളിലേക്ക് മടങ്ങി. ഉമ്മറത്തെ കലപിലയെ ശൂന്യമായ മൗനം കീഴടക്കി.?നടുവകത്തെ മൂലയിൽ, പതിവു സ്ഥാനത്ത്, കുഞ്ഞു മണ്ണെണ്ണവിളക്കുകൾ നാളെ രാത്രി മുനിഞ്ഞുകത്താൻ വേണ്ടി, ഇന്നേക്ക് മിഴിയടച്ചു.
അടുക്കളയിൽ നിന്ന്, ഒരു കപ്പ് വെള്ളവും ചില്ലുഗ്ലാസും ഒരു കയ്യിലും, മറുകയ്യിൽ ചില്ലുകുപ്പിയാൽ തീർത്ത മണ്ണെണ്ണവിളക്കുമായി വേഗം അകത്തേക്ക് നടന്നു. ഗ്ലാസും വെള്ളവും മുറിയിലെ കട്ടിലിൽ വച്ച്, വാതിൽ വലിച്ചടച്ചു. വാതിലടച്ചപ്പോൾ കാറ്റിലുലഞ്ഞ മണ്ണെണ്ണവിളക്ക് കെട്ടു. രണ്ടാമത് അടുക്കളയിൽ പോയി അതു കത്തിക്കാൻ മടി അനുവദിച്ചില്ല. മണ്ണെണ്ണവിളക്ക് മറുകയ്യിൽ പിടിച്ച് വലതുകയ്യാൽ അലമാരയ്ക്ക് മുകളിലെ കുപ്പിയെടുക്കാൻ ശ്രമിച്ചു. കുപ്പിയുടെ സ്ഥാനം, ഞാൻ ഊഹിച്ചതിനേക്കാൾ വളരെ അടുത്തായിരുന്നു.
എന്റെ കൈ തട്ടി iവോഡ്ക നിലതെറ്റി താഴെ വീണു. എന്നിലെ ആന്തലിനൊപ്പം ചില്ലുകുപ്പി നിലത്തു വീണു ചിതറി. മൂക്കിലേക്ക് സ്പിരിറ്റിന്റെ രൂക്ഷഗന്ധം പടരുന്നത് തൊട്ടടുത്ത നിമിഷം ഞാനറിഞ്ഞു. എന്റെ നടുക്കത്തിന്റെ ആഴം കൂട്ടി, വാതിലിൽ തട്ടി അച്ഛൻ ചോദിച്ചു.
“എന്താ രഘൂ, പറ്റീത്?”
ഒരു നിമിഷത്തിന്റെ ഇടവേളയ്ക്കപ്പുറം, കയ്യിലിരുന്ന മണ്ണെണ്ണവിളക്ക് ഞാൻ താഴേക്ക് കമിഴ്ത്തി. നിറഞ്ഞ മണ്ണെണ്ണ താഴെ വീണുപടർന്നു. മiദ്യത്തിന്റെ ഗന്ധത്തിനെ മണ്ണെണ്ണയുടെ രൂക്ഷത കീഴടക്കി.
”അച്ഛാ, മണ്ണെണ്ണ വിളക്ക് വീണതാ. സാരമില്ലാ ഇത് ഞാൻ തന്നെ ക്ലീൻ ചെയ്തോളാം”
ഞാൻ, വിളിച്ചു പറഞ്ഞു. അരമണിക്കൂറിന്റെ പ്രയത്നത്തിനപ്പുറം, മiദ്യവും മണ്ണെണ്ണയും തുടച്ച്, എം ജി എം വോiഡ്കയുടെ തകർന്ന കുപ്പിച്ചീളു കളെടുത്ത് മാറ്റി. കയ്യിലെ പുതുവെളിച്ചത്തിന്റെ നാമ്പിൽ അലമാരയുടെ കണ്ണാടിയിൽ എന്റെ മുഖം തെളിഞ്ഞു. വരാനിരിക്കുന്ന അവധിദിനങ്ങൾ മനസ്സിലേക്കെത്തി. ഒന്നാം തീയതിയും ഗാന്ധിജയന്തിയും.
നോക്കി നോക്കിനിൽക്കേ, എന്റെ മുഖഛായ മാറി വന്നു. ഈശ്വരാ, ഇപ്പോൾ കണ്ണാടിയിൽ കാണുന്നത് നാഥുറാം ഗോഡ്സേയുടെ മുഖമാണല്ലോ.
ഞാൻ, മെല്ലെ ഉമ്മറത്തേക്ക് നടന്നു. അപ്പോൾ കന്നിമാസനിലാവ് എന്റെ മുറ്റത്ത് നിഴലുകളുടെ അവ്യക്തചിത്രങ്ങൾ വരച്ചിരുന്നു. അന്തരീക്ഷത്തിൽ, വോiഡ്കയുടെയും മണ്ണെണ്ണയുടെയും മിശ്രഗന്ധം പ്രസരിക്കുന്നുണ്ടായിരുന്നു.