എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ബാഗിന്റെ പണം അച്ഛൻ തന്നിട്ടുണ്ടോയെന്ന് ചോദിക്കാൻ മധുവിന്റെ മോൻ എന്റെ കടയിലേക്ക് അന്നും വന്നിരുന്നു. ഇല്ലെന്ന് പറഞ്ഞിട്ടും അവനൊരു സംശയം. താൻ പണം കൊടുത്തേക്കാമെന്നും, മോൻ പോയി വാങ്ങിച്ചോളൂവെന്നും അച്ഛൻ തന്നോട് പറഞ്ഞുവെന്നായിരുന്നു അവന്റെ പക്ഷം. എല്ലാവരും ഇങ്ങനെയോരോ പക്ഷവുമായി വന്നാൽ ഞാനെന്ത് ചെയ്യാനാണ്…
കുറച്ച് നാളുകൾക്ക് മുമ്പ് കുഞ്ഞാമിന താത്ത വാടക പിരിക്കാൻ എത്തിയ നേരമാണ് മോനെയും കൊണ്ട് മധു കടയിലേക്ക് വരുന്നത്. പഞ്ചാര വർത്തമാനമാണെങ്കിലും അറു പിശുക്കത്തിയാണ് താത്ത. തേഞ്ഞ് ഉരഞ്ഞ് ദ്വാരം വന്ന പുള്ളിക്കാരിയുടെ ചെരുപ്പ് തന്നെയാണ് അതിനുള്ള തെളിവ്. വസ്ത്രത്തിന്റെ കാര്യമെടുത്താലും വൃ ത്തിയുടെ കാര്യമെടുത്താലും കഥ വിവരീതമല്ല. മുറുക്കാന്റെ നീര് ഒലിക്കാത്ത ചുണ്ടുകളുമായി അല്ലാതെ താത്ത ഇങ്ങോട്ട് വരാറേയില്ല.
‘മോന് എന്താ വേണ്ടത്…?’
മധു തന്റെ കുട്ടിയോട് ചോദിച്ചു. അൽപ്പ നേരത്തെ ആലോചനയ്ക്ക് ശേഷം സ്പൈഡർമാന്റെ മുഖമുള്ളയൊരു ബാഗിലേക്ക് അവൻ ചൂണ്ടി. ശേഷം, തന്റെ അച്ഛന്റെ മുഖത്തേക്ക് നോക്കുകയും ചെയ്തു. അപ്പോഴേക്കും മോൻ എത്രയിലാ പഠിക്കുന്നേയെന്ന ചോദ്യവുമായി കുഞ്ഞാമിന താത്ത ആ കുഞ്ഞോളം താണിരുന്നു.
‘ആറില്…’
ആ കുട്ടിയൊരു നാണത്തോടെ പറഞ്ഞു. അടുത്തയാഴ്ച്ച വരുമ്പോൾ മുഴുവനും തന്നേക്കണമെന്ന് എന്നോട് പറഞ്ഞ് താത്ത പോകുകയും ചെയ്തു.വാടകയുടെ കാര്യമാണ്. അതെന്തായാലും ആശ്വാസമായി. കോളാമ്പി പോയല്ലോ…
‘നാന്നൂറ്റി നാൽപ്പതാകും… നാന്നൂറ് തന്നാൽ മതി…’
സ്പൈഡർമാന്റെ മുഖമുള്ള ആ ബാഗ് തുടച്ച് കൊണ്ടാണ് ഞാനത് പറഞ്ഞത്. നീട്ടിയിട്ടും മധുവത് വാങ്ങിയില്ല. അത്രയും പണം അയാളുടെ കൈയ്യിൽ ഇല്ലപോലും. മോന് വേണ്ടി ഇരുന്നൂറ്റി അറുപത് രൂപയുടെ ചെരുപ്പ് വാങ്ങിയാണ് കടയിൽ നിന്ന് അവർ പോയത്. പോകാൻ നേരം, ബാഗ് നാളെ വാങ്ങാമെന്നും മധു ആ കുട്ടിയോട് പറയുന്നുണ്ടായിരുന്നു. അതിന്റെ പിറ്റേന്നാൾ തൊട്ടാണ് ബാഗിന്റെ പണം അച്ഛൻ തന്നിട്ടുണ്ടോയെന്ന് ചോദിക്കാൻ വൈകുന്നേരങ്ങളിൽ അവൻ ഇങ്ങനെ വരുന്നത്. ഇല്ലെന്ന് പറഞ്ഞ് ഞാൻ തീർത്തും മുഷിഞ്ഞിരിക്കുന്നു…
പറഞ്ഞാൽ അറിയുമെങ്കിലും മധുവിനെയും ആ കുട്ടിയേയും കഴിഞ്ഞ ആഴ്ച്ചയാണ് ഞാൻ ശ്രദ്ധിക്കുന്നത്. അന്ന്, സ്കൂൾ യൂണിഫോം ധരിച്ചിരിക്കുന്ന ഒരു ആൺകുട്ടിയെ ആരോ ബലമായി പിടിച്ച് നിർത്തിയിരിക്കുന്നു. കണ്ടപ്പോഴാണ് കടയിൽ നിന്ന് ഞാൻ നിരത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. അപ്പോഴേക്കും, പരിസരത്തുണ്ടായിരുന്നവരെല്ലാം അവിടേക്ക് എത്തിയിരുന്നു.
‘അത് മധുവാണ്.. മനസിലായില്ലേ… ശോഭയുടെ ഭർത്താവ്…. പിരിഞ്ഞതാണ്.. ഓന്റെ ചെക്കൻ തന്നെയാ…’
ആരോ ആരോടോ പറയുന്നത് കേട്ടപ്പോൾ ഞാൻ തിരിച്ച് നടക്കുകയായിരുന്നു. അച്ഛനും മോനും എന്താന്ന് വെച്ചാൽ ആയിക്കോട്ടെ. വല്ല പിള്ളേര് പിടുത്തക്കാര് മറ്റോ ആണെന്ന് കരുതിയാണ് കസ്റ്റമർ ഉണ്ടായിട്ടും അങ്ങോട്ടേക്ക് നടന്നത്.
‘എനിക്ക് ആളെ മനസ്സിലായത് കൊണ്ടാണ് ഞാൻ വരാതിരുന്നേ…’
ഞാൻ കടയിലേക്ക് കയറും മുമ്പേ തന്റെ ഫോട്ടോസ്റ്റാറ് കടയിൽ നിന്ന് തല പുറത്തേക്ക് നീട്ടിക്കൊണ്ട് ബോബൻ പറഞ്ഞതാണ്. എന്റെ ചുമരോട് ചേർന്നാണ് അവന്റെ കട. ബോബന് മറുപടി കൊടുക്കേണ്ടതില്ലായെന്ന ഭാവത്തിൽ ഞാൻ എന്റെ കസ്റ്റമറെ കൈകാര്യം ചെയ്യുന്നത് തുടരുകയായിരുന്നു…
ഇനിയിപ്പോൾ പറഞ്ഞിട്ടെന്ത് കാര്യം! അച്ഛൻ എവിടെയാണെന്ന് പോലും അറിയാത്ത ആ കുട്ടിയുടെ കാര്യം കഷ്ട്ടം തന്നെ. ബാഗ് വാങ്ങി തരാമെന്ന് പറഞ്ഞ് കുഞ്ഞിനെ കൊതിപ്പിച്ച ആ മധുവിനെ പറഞ്ഞാൽ മതിയല്ലോ. കൈയ്യിൽ പണമില്ലാത്തവർക്ക് പറഞ്ഞ പണിയല്ല ബന്ധങ്ങളിൽ നിലനിൽക്കുകയെന്നത്! മക്കളോട് നീതി പുലർത്തുന്ന എന്നെപ്പോലെയുള്ള അച്ഛൻമ്മാർക്ക് അയാൾ അപമാനമാണെന്നും ആ നേരം എനിക്ക് തോന്നിയിരുന്നു…
നാളെ കുഞ്ഞാമിന താത്ത വാടകയുടെ ബാക്കി ചോദിക്കാൻ വരുമല്ലോയെന്ന് ഓർത്താണ് അന്ന് ഞാൻ കിടന്നത്. കഴിഞ്ഞ തവണ വന്നപ്പോൾ തന്നെ മുഴുവൻ പണവും കൊടുക്കാമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം കടയില്ലെങ്കിലും ജീവിച്ച് പോകാനുള്ള വകയൊക്കെ എനിക്കുണ്ട്. എന്നാലും, എന്തെങ്കിലുമൊരു കച്ചവടം ചെയ്യാതെ സമാധാനമുണ്ടാകില്ല.
താത്തയുടെ പിശുക്കൻ സ്വഭാവം എനിക്ക് അറിയുന്നത് കൊണ്ട് പുള്ളിക്കാരിയെ ഞാൻ ഇങ്ങനെ നടത്തിക്കുന്നത് പതിവാണ്. വെറുതേ ഇരുന്ന് വാങ്ങുന്ന പണമല്ലേ! ദേഹം അനങ്ങട്ടേയെന്ന് ഞാനങ്ങ് കരുതും. അല്ലെങ്കിലും, എനിക്ക് ഒരാളെ ഇഷ്ടപ്പെട്ടില്ലെങ്കിൽ എങ്ങനെയെങ്കിലും ആ വ്യക്തിയെ ദ്രോഹിക്കണമെന്ന് തോന്നിപ്പോകും. അവസരമുണ്ടായാൽ അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യും…
പിറ്റേന്ന് ഉച്ചവരെ കടയിലേക്ക് താത്ത വന്നിരുന്നില്ല. വൈകുന്നേരം ആയപ്പോൾ തന്റെ ഫോട്ടോഷോപ്പ് കടയുടെ ചില്ല് കതകിൽ നിന്ന് പുറത്തേക്ക് നീണ്ട ബോബന്റെ തലയാണ് മുതലാളി വരുന്നുണ്ടെന്ന് എന്നോട് പറയുന്നത്. ഞാൻ ശ്രദ്ധിച്ചു. അലസമായി അണിഞ്ഞിരിക്കുന്ന തട്ടത്തിന്റെയുള്ളിൽ നിന്ന് മുറുക്കാൻ അരക്കുന്ന ആ കോളാമ്പി വായ ശരിക്കും കാണുന്നുണ്ട്. എനിക്ക് ചിരി വന്നു. താത്ത അടുത്തേക്ക് വന്നപ്പോഴേക്കും വാടക കുടിശ്ശിക മുഴുവനായും ഞാൻ കൊടുക്കുകയായിരുന്നു…
‘ബാഗിന്റെ പണം അച്ഛൻ തന്നിട്ടുണ്ടോ…?’
പണവും വാങ്ങി കുഞ്ഞാമിന താത്ത പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും മധുവിന്റെ മോൻ പതിവ് ചോദ്യവുമായി കടയിലേക്ക് വന്നു. ഇല്ലെന്ന മറുപടിയുമായി ഞാൻ അവനെ തിരിച്ച് അയക്കുമ്പോഴാണ് തിരിച്ച് വരാൻ പാകം താത്ത അത് ശ്രദ്ധിച്ചിരുന്നുവെന്ന് എനിക്ക് മനസ്സിലാകുന്നത്. കാര്യം അറിഞ്ഞപ്പോൾ മോനേയെന്ന് ആ സ്ത്രീ ഉറക്കെ വിളിച്ചു. മുഖത്ത് മുറുക്കാന്റെ സ്പ്രൈ അടിച്ചത് പോലെയായിരുന്നു അവരുടെ തൊട്ടടുത്ത് നിന്നിരുന്ന എന്റെ അനുഭവം…
‘നിന്റെ അച്ഛൻ ബാഗിന്റെ പൈസയൊക്കെ കൊടുത്തതാ മോനേ.. ഇതൊരു മൊയന്ത് ഹിമാറാണ്… എന്റെ അണ്ണാക്കിലേക്ക് നോക്കി നിൽക്കാതെ ചെറുക്കന് ബാഗെടുത്ത് കൊടുക്കെടാ…!’
മധുവിന്റെ മോനോടും എന്നോടുമായി കുഞ്ഞാമിന താത്ത പറഞ്ഞ കാര്യം ആദ്യം എനിക്ക് മനസ്സിലായിരുന്നില്ല. മിഴിച്ച് നിൽക്കാതെ എടുത്ത് കൊടുക്കെടായെന്ന് താത്ത വീണ്ടും ശബ്ദിച്ചു. മറ്റൊരു കുട്ടിയെപ്പോലെ ഞാനത് അനുസരിച്ചു. സ്പൈഡർമാന്റെ ചിത്രമുള്ള ബാഗുമായി പോകുന്ന മധുവിന്റെ മോന്റെ മുഖത്തെ തെളിച്ചം കണ്ടപ്പോൾ കുറച്ച് നേരത്തേക്ക് എനിക്ക് ശബ്ദമില്ലെന്ന് തോന്നുകയായിരുന്നു…
‘നീ ബേജാറാകണ്ട. അടുത്ത മാസത്തെ വാടകയിന്ന് ഇത് കുറച്ചോ…’
എന്നും പറഞ്ഞ് താത്തയും പോയി. കാര്യങ്ങൾ കൂടുതൽ വ്യക്തമാകുന്നുണ്ട്. മറ്റുള്ളവരെ ഊഹിക്കുന്ന ബുദ്ധിയുമായി ചുറ്റിയ എന്റെ തലയ്ക്കൊരു കൊട്ട് കിട്ടിയത് പോലെ തോന്നുകയാണ്. ഇല്ലെന്ന് പറഞ്ഞ് കഴിഞ്ഞ നാളുകളിലെല്ലാം അവനെ തിരിച്ചയച്ചത് വളരേ മോശമായിപ്പോയി. കാലം എന്റെ മുന്നിലേക്ക് എത്തിച്ച ഒരു കുട്ടിയുടെ പ്രതീക്ഷയാർന്ന മുഖം ആവർത്തിച്ച് അണക്കാൻ പാടില്ലായിരുന്നു. അവനിൽ സന്തോഷത്തിന്റെ തിരി തെളിയിച്ച ആ പുണ്ണ്യം കുഞ്ഞാമിന താത്തയ്ക്ക് കൊടുക്കാൻ പാടില്ലായിരുന്നു….!!!