എഴുത്ത് :- നൗഫു ചാലിയം
“ജോലി കഴിഞ്ഞു വീട്ടിലേക് വന്ന സമയത്തായിരുന്നു… മോനും ഭാര്യയും വീടിന് മുറ്റത്തു തന്നെ നിൽക്കുന്നത് കണ്ടത്…”
“എന്റെ വണ്ടിയുടെ ശബ്ദം കേട്ടാൽ ഓടി വന്നു ഗേറ്റ് തുറക്കുന്നവൻ ഇന്ന് ഞാൻ ഹോൺ അടിച്ചിട്ടും ഗേറ്റിന് അടുത്തേക് ഒന്ന് നോക്കാതെ കാര്യമായ എന്തോ ജോലിയിലാണ്…നിലത്ത് ഇരിന്നു കൊണ്ട്..”
” ഭാര്യക് എട്ട് മാസം തികഞ്ഞു ഇന്നോ നാളെയോ എന്നും പറഞ്ഞു നിൽക്കുന്നത് കൊണ്ട് തന്നെ
അവൾ എന്നെ ഒന്ന് നോക്കി തല ചെരിച്ചു നോക്കി……”
“തൊട്ടുടനെ തന്നെ കോലായിൽ രാവിലെ വന്ന പത്രം വായിച്ചിരിക്കുന്ന ഉമ്മയെ നോക്കി പറഞ്ഞു…
ഉമ്മാ ആ ഗേറ്റ് ഒന്ന് തുറന്നു കൊടുക്കുമോ…? “
“ഉമ്മ മുഖത്തുള്ള കണ്ണട നേരെയാക്കി പുറത്തേക് നോക്കി…
ആരാപ്പാ… പുറത്തെന്ന പോലെ…
“ഹോ………
ഇവനാണോ…”
“മുഖത് പുച്ഛം വാരി വിതറി… ഇരുന്നിടത് നിന്നും എഴുന്നേറ്റു…
നിന്റെ ഓനെന്താ കയ്യും കാലുമില്ലേ…
വണ്ടിയിൽ നിന്നും ഇറങ്ങി ഗേറ്റ് തുറക്കാനെന്നും പറഞ്ഞു ഉമ്മ എന്നെ ഇരിക്കുന്നിടത്തു നിന്നും എഴുന്നേൽപ്പിച്ചതിനു കുറെ ഏറെ ചീത്ത വിളിച്ചു കൊണ്ട് ഇറങ്ങി വന്നു…”
ഗേറ്റ് തുറന്നു വീടിനുള്ളിലേക് വണ്ടി കയറ്റുന്നതിന് മുമ്പ് എന്നെ വീണ്ടും തടഞ്ഞു.. കാറിന്റെ ഗ്ലാസ് താഴ്ത്തിപ്പിച്ചു കൊണ്ട് പറഞ്ഞു..
“ടാ… കോന്താ….
നിന്റെ കയ്യിനോ കാലിനോ കുഴപ്പമൊന്നും ഇല്ലല്ലോ…
അങ്ങനെ അല്ല… നല്ല ആരോഗ്യമുള്ള ആൺകുട്ടിയായി തന്നെയാണ് നിന്നെ ഞാൻ പ്രസവിച്ചതെന്ന് എനിക്കറിയാം…
ഒന്ന് നിർത്തി ഉമ്മ എന്നെ ആകെ മൊത്തത്തിൽ ഒന്ന് നോക്കി…
ഒരു കാര്യം പറഞ്ഞേക്കാം…
നാളെ മുതൽ ഇവിടെ വന്നു ഹോൺ അടിക്കാൻ നിൽക്കരുത്…വീട്ടിൽ കയറണേൽ വന്നു ഗേറ്റ് തുറന്നു കയറിക്കോണ്ടി…
എണീപ്പിച്ചതിന് ബാക്കിയുള്ള ദേഷ്യം കൂടേ എന്നോട് തീർത്തു കൊണ്ട് ഉമ്മ പറഞ്ഞു..”
“അതിനുമ്മ ഞാൻ നിങ്ങളെ അല്ലല്ലോ വിളിച്ചേ…
എന്റെ മോനേ അല്ലേ എന്ന് ചോദിക്കാൻ തോന്നിയെങ്കിലും ഇന്നാള് ഉമ്മയോട് എന്തോ തർക്കുത്തരം പറഞ്ഞാപ്പോൾ ആറു വയസ്സുകാരൻ മോൻ കൂടേ ഉള്ളതൊന്നും ഓർക്കാതെ എന്റെ ചന്തിയിൽ കയ്യിലുള്ള ചൂടുള്ള ചട്ടുകം വെച്ചത് ഓർത്തപ്പോൾ വേണ്ടാ എന്ന് തോന്നി..
എന്തിനാ വെറുതെ ഉമ്മാനെ കൊണ്ട് ഗേറ്റിന്റെ മതിലിനു മുകളിൽ വെച്ച ചെടി ചട്ടി വണ്ടിക്ക് മുകളിലേക്ക് ഇടുന്നത്…
ഹോ…ആലോചിക്കാൻ കൂടേ വയ്യ…
പത്തു മുപ്പത്തിരണ്ടു വയസ്സ് എനിക്ക് ആയിട്ടുണ്ടെന്നും ഉമ്മ ഓർക്കൂല ചിലപ്പോൾ…”
“ഞാൻ ശരി എന്ന്…. നല്ല കുട്ടിയെ പോലെ തലയാട്ടി കാർ പോർച്ചിലെക് കയറ്റി ഇട്ട് വണ്ടിയിൽ നിന്നും ഇറങ്ങി…”
“അപ്പോഴും മോനും ഭാര്യയും മതിലിനു അരികിൽ കാര്യപ്പെട്ട പണിയിൽ തന്നെ ആയിരുന്നു..
ഞാൻ അവരുടെ അടുത്തേക് ചെന്നപ്പോൾ എന്റെ പെണ്ണ് എന്നെ നോക്കി കളിയാക്കി ചിരിച്ചു..”
” ഞാൻ എന്തെ എന്ന പോലെ പിരികം രണ്ടും ഉയർത്തി കൊണ്ട് ചോദിച്ചു…”
“അവൾ ഒന്ന് ഇളിച്ചു കൊണ്ട് നല്ലോണം കിട്ടിയില്ലേ എന്ന് ചോദിച്ചു.. “
“പഹയത്തി എന്നെ ഉമ്മ എന്തിനെലും ചീത്ത പറയുന്നത് കേൾക്കാൻ കാത്തിരിക്കുകയാണ് കളിയാക്കി ചിരിക്കാൻ…
എന്റെ സ്വന്തം ഉമ്മാക് ഞാൻ മരുമോനും അവൾ മോളുമാണ്..
എന്നെ എന്താ തവിടു കൊടുത്തു വാങ്ങിയതാണോ ഇവിടെ…
ബല്ലാത്ത ജാതി…”
“ഞാൻ ബാസിത്… വീട്ടിൽ ഉമ്മയും എന്റെ പെണ്ണും ഒരു മോനും മാത്രമേ ഉള്ളൂ…ഉപ്പ കുറച്ചുമാസങ്ങൾക് മുമ്പാണ് മരണ പെട്ടു പോയത്…
നാട്ടിൽ മലപ്പുറം ജില്ലയിൽ…
എന്റെ പെണ്ണിന്റെ പേര് ഷാഹിന…മോന്റെ പേര് മുഹമ്മദ് സയാൻ…ഞാൻ അവനെ കുഞ്ഞാപ്പു എന്ന് വിളിക്കും…”
+++++
“അല്ല എന്താ ഇവിടെ പരിവാടി…
മോൻ മണ്ണിൽ ഒരു കുഴി കുത്തുന്നത് കണ്ട് ഞാൻ ചോദിച്ചു…”
“അതോ ഉപ്പിച്ചി ഞാൻ ഒരു ചെടി നടാ…. “
മോൻ ഉടനെ തന്നെ എന്നെ നോക്കി കൊണ്ട് പറഞ്ഞു…
“ചെടി നടേ.. ഏത് ചെടി…
ഇവിടെ ഇത്രയും ചെടി ഉണ്ടായിട്ടും പോരാഞ്ഞിട്ടാണോ…
ഇനിയും…”
വീടിന് ചുറ്റിലുമായി ഒന്ന് കണ്ണോടിച്ചു കൊണ്ട് ഞാൻ ചോദിച്ചു…
“മരുഭൂമിയി പോലെ കിടക്കുന്ന മുറ്റത്തു ഒരു പുൽ നാമ്പ് പോലും ഇല്ലായിരുന്നു…”
“എവിടെ ചെടി…
നിങ്ങളെ ഈ ഗേറ്റിന് മേലെ യുള്ള രണ്ടു ചെടി ചട്ടികൾ അല്ലാതെ ഇവിടെ ഒരു തൊട്ടാവാടി യുടെ തൈ പോലും ഉണ്ടോ മനുഷ്യ……
ചെടി ഉണ്ടത്രേ.. ചെടി…
ഞാൻ ഈ കോലത്തിൽ ആയി പോയി….”
ഷാഹിന അവളുടെ വയറിൽ ഒന്ന് തലോടി… എന്നിട്ട് തുടർന്നു…
“ഇത്രയും മുറ്റം ഉണ്ടായിട്ടും ഒരു പൂ പോലും ഇല്ലാത്ത മുറ്റം ആയല്ലേ പടച്ചോനെ ഇത്.
ഇങ്ങളെ…
എന്നെകൊണ്ട് പറയിപ്പിക്കാതെ വേഗം പോയി ചായകുടിച്ചാണി …”
അവൾ എന്നെ അവിടെ നിന്നും ഓടിക്കാനായി പറഞ്ഞു…
” എനിക്ക് പണ്ടേ ഈ ചെടിയും കിളിയും…എന്തിനേറെ വീട്ടിൽ ഒരു പൂച്ചയെ പോലും വളർത്തുന്നതിന് താല്പര്യമില്ല…
താല്പര്യമില്ല എന്നെ ഉള്ളൂ ട്ടോ.
ഇഷ്ട്ടമില്ല എന്നൊരു അർത്ഥം അതിനില്ല…
മൂന്നു മാസമേ ആയിട്ടുള്ളു പുതിയ വീടെടുത് ഇങ്ങോട്ട് മാറിയിട്ട്…
അന്നവൾക് ആറാം മാസം ആയത് കൊണ്ട് തടി വല്ലാതെ അനങ്ങാതെ ഇരിക്കാൻ ഡോക്ടർ പറഞ്ഞത് കൊണ്ടായിരിക്കാം വീട് മുഴുവൻ ഒരു കൊച്ചു ഗാർഡൻ പോലെ ആകാതെ പോയത്…
എന്നാലും ഒന്ന് രണ്ടു പൂച്ചകളെയും മൂന്നോ നാലോ ജോടി കിളികളെയും അവൾ വളർത്തുന്നുണ്ടായിരുന്നു…
അവൾ ഇങ്ങനെ (വയറ്റിൽ) ആയത് കൊണ്ട് തന്നെ മോൻ ആയിരുന്നു അവരെ എല്ലാം നോക്കുന്നത്…”
“എന്നാലും അവർ എന്താണ് കുഴിച്ചിടുന്നതെന്ന് അറിയാൻ എനിക്ക് ഒരു ആഗ്രഹം..
ഞാൻ നോക്കിയപ്പോൾ ഒരു ചെറിയ പ്ലാസ്റ്റിക് കവറിൽ കറുമൂസ തൈ (പപ്പായ ) ഉണ്ട് മോന്റെ തൊട്ടടുത്തു തന്നെ…”
“ഇതെവിടുന്ന കറുമൂസ തൈ …”..
ഞാൻ അവരോട് ചോദിച്ചു..
” അത് സ്കൂളിൽ നിന്നും കൊടുത്തതാ…ഇന്ന് പരിസ്ഥിതി ദിനമല്ലേ…
എല്ലാ കുട്ടികൾക്കും വീട്ടിൽ കൊണ്ട് പോയി കുഴിച്ചിടാൻ സ്കൂളിൽ നിന്നും കുറെ തൈകൾ കൊടുത്തു വിട്ടിട്ടുണ്ട്…”
എന്റെ ചോദ്യത്തിന് ഉത്തരം എന്നോണം ഷാഹിന പറഞ്ഞു…
” അതിന് കറുമൂസ തൈ ആണോ കൊടുത്തു വിടാറുള്ളത്…
വല്ല മാവോ…പ്ലാവോ… ഒക്കെയല്ലേ കൊടുത്തു വിടാറുള്ളത്…”..
” ഞാൻ എന്റെ സംശയം അവരോട് ചോദിച്ചു…”
“ആ അതൊന്നും എനിക്കറിയില്ല…മോന് കിട്ടിയത് ഇതിന്റെ തൈയാണ്…
ഞങ്ങൾ ഇതൊന്ന് കുഴിച്ചിടട്ടെ ഇക്കാ…നിങ്ങൾ പോയി ചായ കുടിച്ചാണി എന്നും പറഞ്ഞു അവൾ എന്നെ അവിടെ നിന്നും ഉന്തി തള്ളി വിട്ടു…”
“അല്ലെങ്കിൽ ഇന്നൊന്നും അവരുടെ കുഴി എടുക്കൽ പൂർത്തി ആകില്ല…
എന്റെ സംശയം തീരുകയുമില്ല…”
“പത്തു പതിനഞ്ചു മിനിറ്റിനു ശേഷം… അവർ രണ്ടു പേരും മേലൊക്കോ കഴുകി വീടിനുള്ളിലേക് കയറി വന്നു…”
“ആ വന്നോ കുട്ടി കർഷകൻ …”
ഞാൻ അവനെ കളിയാക്കി കൊണ്ട് ചോദിച്ചു..
“അവൻ ചുണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് ഇളക്കി എന്റെ അരികിലേക് വന്നു..”
“ഉപ്പിച്ചി
ഉപ്പിച്ചി കണ്ടോ… ആറു മാസം കൊണ്ട് കറുമൂസ ഉണ്ടാവുന്ന തൈ ആണ് എനിക്ക് ടീച്ചർ തന്നത്…
തരുമ്പോൾ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട് ആറു മാസം കൊണ്ട് കായ് ഉണ്ടാവുമെന്ന്…
അതുണ്ടായാൽ പഴുപ്പിച്ചിട്ട് ഉപ്പിച്ചിക്ക് തരാതെ ഞാനും ഉമ്മച്ചിയും ഉമ്മമ്മയും തിന്നും
ട്ടോ…
ട്ടോ…
ട്ടോ….”
“എന്നെ നോക്കി കൊഞ്ഞനം കുത്തിയായിരുന്നു അവൻ പറഞ്ഞത്…”
“ടാ… കുഞ്ഞാപ്പു…
ആദ്യം നിന്റെ ചെടി മണ്ണിൽ പിടിക്കണ്ടെ…
ഇനി പിടിച്ചാൽ തന്നെ ഒരു മാസം….
ഒരു മാസം കൊണ്ട് നിന്റെ ചെടി കരിഞ്ഞു ഉണങ്ങി പോകും നോക്കിക്കോ.. “
“ഞാൻ അവനെ ചൂടാക്കാനായി പറഞ്ഞത് ആയിരുന്നേലും മണ്ണിൽ പിടിച്ച അവന്റെ കറുമൂസ തൈ വളരെ പെട്ടന്ന് തന്നെ വളർന്നു അവന്റെ അത്രക്ക് ഉയരത്തിൽ എത്തിയപ്പോൾ പതിയെ പതിയെ കരിഞ്ഞു പോകുവാനായി തുടങ്ങി…
എന്താണ് രോഗമെന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു…”
“കറുമൂസ തൈ യുടെ തൂമ്പ് വരുന്നത് മുഴുവൻ ആരോ കടിച്ചു കളയുന്നത് പോലെ കാണാം ദിവസവും ആരാണ് ചെയ്യുന്നതെന്ന് നോക്കിയിട്ട് ആരെയും കാണാനും ഇല്ല..
ഞാൻ അന്ന് പറഞ്ഞത് കുഞ്ഞാപ്പുവിന്റെ മനസ്സിൽ ഉള്ളത് കൊണ്ട് തന്നെ അവന് എന്നോട് ദേഷ്യം തോന്നുവാനും തുടങ്ങിയിരുന്നു…”
“ഒരു ദിവസം ആ ചെടി മൊത്തമായും ചീഞ്ഞു കരിഞ്ഞു ഉണങ്ങിയത് പോലെയായി…”
“ഞാൻ ജോലി കഴിഞ്ഞു വരുമ്പോൾ കുഞ്ഞാപ്പു അവന്റെ ചെടി യുടെ അടുത്ത് നിൽക്കുകയാണ്…
ഞാൻ വണ്ടി നിർത്തി അവന്റെ അടുത്തേക് ചെന്നു…
അവൻ ആ ചെടിയിലേക് നോക്കി കരയുകയായിരുന്നു…”
“ഉപ്പച്ചി പറഞ്ഞത് പോലെ തന്നെ ആയില്ലേ…
കണ്ടോ ഉപ്പിച്ചി എന്റെ ചെടി…
അത് മുഴുവൻ ഉണങ്ങി പോയി…”
“മുഖത് ഒളിപ്പിച്ചു വെച്ച സങ്കടത്തോടെ പുഞ്ചിരിച്ചു കൊണ്ട് അവൻ എന്നോട് പറഞ്ഞപ്പോൾ…
പിടിച്ചു നിർത്തുവാൻ കഴിയാതെ ഞാനും അവന്റെ കൂടേ കരഞ്ഞു പോയി…”
“കുഞ്ഞാപ്പു..
ഉപ്പിച്ചി മോന് ഇന്ന് തന്നെ വേറെ കുറേ ചെടികൾ വാങ്ങിത്തരാം…
ഹ്മ്മ്…”
“മ്ച്ചും…
ഇനി…വേണ്ട ഉപ്പിച്ചി…
എനിക്ക് മടുത്തു…”
എന്നും പറഞ്ഞു അവൻ വീടിനുള്ളിലേക് കയറി പോയി…
” പടച്ചോനെ ഒരു കുഞ്ഞു കർഷകനെയാണ് നീ മുളയിലേ നുള്ളി കളഞ്ഞതെന്ന ആത്മഗത ത്തോടെ ഞാനും…”
” എന്നും രാവിലെയും വൈകുന്നേരവും അവൻ തടം കെട്ടി കുഴിചിട്ട ചെടിയുടെ അടുത്തേക് വന്നു നോക്കുന്നത് കാണുമ്പോൾ എന്റെ മനസ്സും പൊട്ടും…
അവന് അത്രമേൽ അടുപ്പത്തിലായ ചെടി കരിഞ്ഞു ഉണങ്ങി പോയതിൽ അവന്റെ മനസിനു എന്തെലും പ്രശ്നം ഉണ്ടാക്കുമോ എന്ന് പേടിച്ചു…..
മോളെ പ്രസവിച്ചു കിടക്കുന്ന എന്റെ പെണ്ണിന്റെ അടുത്തേക് കൊണ്ടാക്കി..
അവളുടെ വീട്ടിൽ…
അവൾ വരാൻ തൊണ്ണൂറ് ദിവസം കഴിയണ്ടത് കൊണ്ട് തന്നെ അതിനുള്ളിൽ അവൻ ഫ്രീ ആയി റികവർ ആയിക്കോളുമെന്ന് എനിക്ക് തോന്നി…”
“ഒരു ദിവസം ഗേറ്റിന്റെ മതിലിൽ വെച്ച ചെടികളും ഉണങ്ങുന്നത് കണ്ടപ്പോളായിരുന്നു ആരാണ് ഇതിന് പിന്നിൽ എന്ന് കണ്ടു പിടിക്കാൻ എനിക്കും വാശിയായത്…
പച്ചപൈ (പച്ചകുതിര) പോലുള്ള അതിനേക്കാൾ വലിയ ഒരു ജീവിയായിരുന്നു… ചെടികൾ നശിപ്പിക്കുന്നതെന്ന് എന്റെ നിരീക്ഷത്തിൽ നിന്നും മനസിലായി…”
“അതിനുള്ള കീടനാശിനി കൊണ്ട് വന്നടിച്ചപ്പോൾ അതെല്ലാം നശിച്ചു ചെടികൾ വീണ്ടും ഉഷാറായി തന്നെ വളരാനും തുടങ്ങി…
എന്റെ കുഞ്ഞാപ്പു പറഞ്ഞ സമയത്ത് ഞാൻ ഒന്ന് നോക്കിയിരുന്നേൽ അവന്റെ ചെടി ഇന്നും ഉണ്ടായിരുന്നേനെ നല്ല ഉഷാറായി തന്നെ..
എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി…”
“വീണ്ടും ദിവസങ്ങൾ മുന്നോട്ട് നീങ്ങി…
നാളെയാണ് എന്റെ പെണ്ണിനേയും മക്കളെയും അവളുടെ വീട്ടിൽ നിന്നും കൊണ്ട് വരുന്നത്.. അവളും മക്കളും വരുന്നത് പ്രമാണിച്ച് വീട്ടിൽ ചെറിയ ഒരു ഫങ്ക്ഷന് നടത്തുന്നുണ്ടായിരുന്നു…
ഉമ്മാന്റെ കുടുംബത്തിലെയും ഉപ്പാന്റെ കുടുംബത്തിലേയും കുറച്ചു പേര് വീട്ടിൽ ഉണ്ടായിരിക്കും..
വരുന്നവർക്ക് ഇരിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം മുറ്റത്താണ് സൗകര്യ മൊരുക്കുന്നത്… ഒരു കുഞ്ഞു പന്തലും ഇടേണ്ടി വരും..
മുറ്റം നിറയെ കുഞ്ഞു കുഞ്ഞു ചെടികൾ മുളച്ചു പൊന്തിയത് ഞാൻ ഒരു കൈ കോട്ടു കൊണ്ട് കൊതിയെടുത്തു മാറ്റുന്നതിനിടയിലാണ്…”
“അവിടെ കൊത്തിയാൽ നിന്റെ തല ഞാൻ അറുത്തു മറ്റുമെന്ന അശരീരി ഞാൻ കേട്ടത്…”
“അശരീരി ഒന്നുമല്ല…എന്റെ തൊട്ടു പിറകിൽ കയ്യിൽ തേങ്ങയെ മറ്റെന്തോ വെട്ടി പൊളിക്കാൻ കയ്യിലൊരു കൊടുവാളുമായി നിൽക്കുന്നത് എന്റെ ഉമ്മയെ ഞാൻ കണ്ടത്…”
“എന്താണുമ്മ ഇങ്ങക്ക് പിരാന്തായോ…”
ഞാൻ ഉമ്മയുടെ മട്ടും ഭാവവും കണ്ട് ചോദിച്ചു..
“പറയാൻ പറ്റില്ല ഇത് ചിലപ്പോൾ എന്നെ വെട്ടി യെന്നും വരാം…
എന്റെ ഉമ്മയല്ലേ…”
“നീ എന്താ കൊത്തി കളയാൻ പോകുന്നതെന്ന് കണ്ടോ…”
ഉമ്മ എന്നോട് ചോദിച്ചു…
” ഇതെന്ത്…കുറേ പുല്ലും ചെടികളും…”
“പുല്ലും ചെടിയുമോ…
നീ ശരിക്കുമെന്ന് നോക്കിക്കേ…
അവിടെ വേറെ എന്തെങ്കിലും ഉണ്ടോ എന്ന്…”
“ഉമ്മ പറഞ്ഞപ്പോൾ ആയിരുന്നു ഞാൻ നിലത്തേക് ശരിക്കുമോന്ന് നോക്കുന്നത്…
എനിക്കെന്റെ കണ്ണുകളെ വിശ്വാസിക്കാൻ കഴിഞ്ഞില്ല…
എന്റെ മോൻ തടം കീറി ഉണ്ടാക്കിയ സ്ഥലത്ത് രണ്ട് കുഞ്ഞ് കറുമൂസ യുടെ തൈകൾ മുളച്ചു പൊന്തി തുടങ്ങിയിരിക്കുന്നു…
ഒരു തൈക് രണ്ടാഴ്ചയോളം പ്രായം ഉണ്ടായിരിക്കും…
ഒന്നിന് മൂന്നോ നാലോ ദിവസത്തെയും…
ഞാൻ ഉമ്മയെ നോക്കിയപ്പോൾ ഉമ്മ എന്നെ നോക്കി കണ്ണ് ചിമ്പി കാണിച്ചു…”
“ഇതെങ്ങനെ…ഉമ്മാ…
നിങ്ങൾ വിത്ത് കുഴിച്ചിട്ടോ ഇവിടെ…”
ഞാൻ ഉമ്മയോട് ചോദിച്ചു…
” ഇല്ലെടാ…
ഞാൻ ഒന്നും കുഴിച്ചിട്ടിട്ടില്ല…
ഞാനും ഇതിവിടെ പൊന്തുന്നത് കണ്ടിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളു…”..
ഉമ്മ എന്നോട് പറഞ്ഞപ്പോൾ…ഞാൻ വിശ്വാസം വരാതെ ഉമ്മയെ നോക്കി..
“സത്യം മോനേ…പടച്ചോനാണേ സത്യം…ഉമ്മ ഇവിടെ ഒന്നും ചെയ്തിട്ടില്ല…ഇതിവിടെ താനെ മുളച്ചു വന്നതാ…”
“ഉമ്മ അങ്ങനെ പറഞ്ഞപ്പോൾ എനിക്കും തോന്നി അത് സത്യമായിരിക്കുമെന്ന്…
ഇനി വിത്ത് ഇട്ടതാണേൽ ഉമ്മ ഒന്നല്ലാലോ കുറെ ഏറെ വിത്തുകൾ ഇടില്ലേ…
അപ്പൊ കുറേ ഏറെ ഉണ്ടാവേണ്ടത് അല്ലേ…അല്ലെങ്കിൽ തന്നെ ഇത് രണ്ടും ചുരുങ്ങിയത് എട്ട് പത്തു ദിവസത്തെ വ്യത്യാസത്തിലാണ് മുളച്ചു പൊന്തിയതും…”
“എന്തായാലും കുഞ്ഞാപ്പു വരുമ്പോ അവനൊരു സർപ്രൈസ് തന്നെ ആയിരിക്കും ഇതെന്ന് എന്റെ മനസ് പറഞ്ഞു…”
പിറ്റേന്ന് അവനോട് ഒന്നും പറയാതെയായിരുന്നു എന്റെ പെണ്ണിനേയും മക്കളെയും വീട്ടിലേക് കൊണ്ട് വന്നത്…
വീട്ടിലേക് എത്തിയ ഉടനെ തന്നെ ഞാൻ എന്റെ കുഞ്ഞാപ്പുവിന്റെ കണ്ണുകൾ പൊതി പിടിച്ചു..
അവനെ അവൻ തൈ കുഴിച്ചിട്ട സ്ഥലത്തേക്ക് കൊണ്ടു പോയി…
വീട്ടിലേക് കയറാതെ ഞങ്ങളുടെ പുറകെ തന്നെ ഷാഹിനയും ഉണ്ടായിരുന്നു..
എന്നെ എങ്ങോട്ടാ കൊണ്ട് പോണേ ഉപ്പിച്ചി…
മുന്നോട്ടു നടക്കുന്നതിടയിൽ കുഞ്ഞാപ്പു എന്നോട് ചോദിച്ചെങ്കിലും…അവനോട് ഒരു സർപ്രൈസ് ഉണ്ടെന്ന് മാത്രം പറഞ്ഞു ഞങ്ങൾ മൂന്നു പേരും അവൻ കറുമൂസ തൈ കുഴിച്ചിട്ട സ്ഥലത്തേക് എത്തി..
ഷാഹിന കണ്ണ് കൊണ്ടു എന്തെ എന്ന് ചോദിച്ചപ്പോൾ… ഞാൻ കണ്ണ് കൊണ്ടു തന്നെ താഴേക്ക് നോക്കാനായി പറഞ്ഞു…താഴേക്കു നോക്കിയ അവൾ കണ്ടത് രണ്ട് കുഞ്ഞ് കറുമൂസ തൈകൾ ആരോഗ്യത്തോടെ നിവർന്നു നിൽക്കുന്നതാണ്…
കുഞ്ഞാപ്പുവിന്റെ മുഖം കറുമൂസ തൈകളുടെ നേരെ യാക്കി ഞാൻ അവന്റെ കണ്ണിൽ നിന്നും എന്റെ കൈകൾ എടുത്തു മാറ്റി…
പെട്ടന്ന് അവൻ ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ച കണ്ണിൽ കണ്ടപ്പോൾ ഒന്ന് ബേക്കിലെക് കാലുകൾ വെച്ചു പോയി…
തൊട്ടു പുറകിലായി നിൽക്കുന്ന എന്റെ മേലേക്ക് ആണ് അവൻ ചാരി നിന്നത്…
അവൻ ആ രണ്ടു കുഞ്ഞു കറുമൂസ തൈകളിലേക് തന്നെ കുറച്ചു നിമിഷങ്ങൾ കണ്ണെടുക്കാതെ നോക്കി നിന്നു…
പെട്ടന്ന് എന്റെ നേരെ തിരിഞ്ഞു എന്നെ കെട്ടിപിടിച്ചു കണ്ണിൽ വെള്ളം നിറച്ചു കൊണ്ടു പറഞ്ഞു…
” ലവ് യൂ ഉപ്പിച്ചി…
ഹൻഡ്രഡ് ടൈമ്സ് താങ്ക്യൂ താങ്ക്യൂ താങ്ക്യൂ……. “
“എന്റെ അരയിൽ കെട്ടിപിടിച്ച കൈകൾ ഞാൻ വിടുവിച്ചു…
എന്നിട്ട് പറഞ്ഞു….
താങ്ക്യൂ എന്നോടല്ലേ പറയേണ്ടത്…
പടച്ചോനോട് പറഞ്ഞാൽ മതി…
പിന്നെ മോന്റെ ഉമ്മൂമ്മ യോടും…
ഉമ്മൂമ്മയാണ് ഇതാദ്യം കണ്ടത്…”
“അവൻ അപ്പോൾ തന്നെ പടച്ചോനോട് നന്ദി പറഞ്ഞു…പിന്നെ ഉമ്മൂമ്മയെ കാണാൻ സന്തോഷത്തോടെ വീടിനുള്ളിലേക് ഓടി…
അവന് തൊട്ട് പുറകിലായി ഞങ്ങളും…”
ഇഷ്ട്ടപെട്ടാൽ…👍👍👍
ബൈ
…☺️