ഗുരുവായൂരമ്പലനടയിൽ
Story written by Suresh menon
“ദേ നമുക്കവിടെ നിന്ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കാം,
സ്വൽപ്പം ദൂരെയായി വലത് വശത്ത് കാണുന്ന റസ്റ്റാറൻ്റിനെ ചൂണ്ടി ഗോപൻ പറഞ്ഞു. പൂർണ്ണിമ തലയാട്ടി . വണ്ടി പാർക്ക് ചെയ്ത് അകത്ത് കയറി. നെയ്റോസ്റ്റും ഉഴുന്നു വടയും …… ഓർഡർ കൊടുത്തു……
വട കഴിക്കുന്നതിനിടെ തല ഉയർത്തി നോക്കിയ പൂർണ്ണിമക്ക് …….എന്തൊ ഒരു സംശയം പോലെ .ഒന്നുകൂടി നോക്കി….. രണ്ട് മൂന്ന് ടേബിളിന് അപ്പുറത്തായി കസേരയിൽ ഇരുന്ന് ചായ കുടിക്കുന്ന ആ മുഖത്തേക്ക് പൂർണ്ണിമ ഒന്നുകൂടി നോക്കി.
ഹരിദാസല്ലെ. അതെ . ഹരിദാസ് തന്നെ .താൻ ബി കോമിന് പഠിക്കുമ്പോൾ എം എ ലിറ്ററേച്ചറിന് പഠിച്ചിരുന്ന ഹരിദാസ്. കോളേജ് ചെയർമാനായിരുന്ന ഹരിദാസ്. തീപ്പൊരി പ്രസംഗം കൊണ്ട് കോളേജിലെ വിദ്യാർത്ഥികളുടെ മനസ്സിലേക്ക് ഇടിച്ചു കയറിയ ഹരിദാസ്. കോളേജിനെ ഇളക്കി മറിച്ച ഹരിദാസ് രാഗിണി പ്രണയകഥയിലെ നായകൻ
വലിയ വ്യത്യാസമൊന്നുമില്ല. ആ വെട്ടി വൃത്തിയാക്കിയ താടിയിൽ സ്വൽപ്പം അവിടവിടെയായി വെള്ളി രേഖകൾ അത്ര മാത്രം ഇപ്പോഴും ആ പഴയ ലുക്ക് തന്നെ. സുന്ദരൻ …….
” അതേയ് പ്പൊ പിറകോട്ട് നോക്കരുത്. എൻ്റെ സീനിയറായി പഠിച്ച ഒരു ഹരിദാസിനെക്കുറിച്ചും രാഗിണിയെക്കുറിച്ചും ഞാൻ പറഞ്ഞിട്ടില്ലെ കോളേജിൻ്റെ ഹരമായിരുന്ന ഒരു പ്രണയകഥയിലെ നായകനും നായികയും . നെറ്റിയിൽ വലിയ സിന്ദൂരപൊട്ടുള്ള ജിമുക്കി കമ്മൽ ഇട്ടു വരുന്ന ്് രാഗിണിയെക്കുറിച്ച് “
” ങ്ങാ നീ കാര്യം പറ….. “
പൂർണ്ണിമയുടെ വിവരണം കേട്ട ഗോപൻ്റെ ക്ഷമയറ്റു
“പുള്ളിക്കാരൻ ഗോപൻ്റെ പിറകിൽ കുറച്ചു മാറിയിരുന്ന് ഫുഡ് കഴിക്കുന്നുണ്ട്. കോളേജ് വിട്ടതിന് ശേഷം പ്പഴാ കാണുന്നെ……”
“അതിന് പ്പൊ ന്താ വേണ്ടെ “
“ഞാനൊന്ന് പോയി സംസാരിച്ചു വരാം”
“ഒകെ കാരി ഓൺ……. “
പൂർണ്ണിമ ഹരിദാസിൻ്റെ അടുത്തേക്ക് നീങ്ങി.
“എക്സ്ക്യൂസ് മി ഹരിദാസല്ലെ വിക്ടോറിയയിൽ പഠിച്ച …….. “
ഹരിദാസ് മനസ്സിലാകാത്ത പോലെ തലയുയർത്തി നോക്കി
“ഞാൻ പൂർണ്ണിമ .വിക്ടോറിയയിൽ പഠിച്ചതാ. നിങ്ങൾ MA ക്ക് പഠിക്കുമ്പോ ഞാൻ B com സെക്കൻ്റ് ഇയർ. ഞാൻ സ്റ്റേജിൽ പാട്ടോക്കെ പാടിയിട്ടുണ്ട് അന്ന് “
” ഐ അം സോറി ഞാനോർക്കുന്നില്ല കെട്ടൊ. “
ഹരിദാസ് ഒരു നേരിയ പുഞ്ചിരിയോടെ പറഞ്ഞു
“ഓ നമ്മളെയൊക്കെ എങ്ങിനെ ഓർക്കാനാ നിങ്ങളൊക്കെ അന്ന് കോളേജിലെ സൂപ്പർസ്റ്റാ ഴ്സ് അല്ലെ ‘ പൊതുവെ സംസാരപ്രിയയായ പൂർണ്ണിമ പതിയെ കത്തിക്കയറി
“രാഗിണി ചേച്ചിക്ക് സുഖമാണോ “
“രാഗിണിയെ അറിയുമൊ “
“അറിയുമൊന്നൊ കൊള്ളാം. നെറ്റിയില് വലിയ സിന്ദൂരപൊട്ടും ഒരു കുഞ്ഞു ജിമുക്കി കമ്മലുമായി ഹോസ്റ്റലിൽ നിന്ന് കോളേജിലേക്ക് നടന്നു വരുന്ന രാഗിണി ചേച്ചിയെ കാണാൻ ന്ത് രസായിരുന്നു “
കല്ലടിക്കോടിന്നടുത്തുള്ള കരിമ്പ ഗ്രാമത്തിലെ ഒരു പാവം കുടുബത്തിൽ നിന്ന് വന്ന രാഗിണി. ലേഡീസ് ഹോസ്റ്റലിലായിരുന്നു താമസം. പാലക്കാട്ടെ പേരേടുത്ത നായർ തറവാട്ടിലെ ഹരിദാസ് ‘ . ആ കാലഘട്ടത്തിലെ പല വിശ്വാസങ്ങൾക്കും രീതികൾക്കും ജാതീയ ചിന്തകൾക്കും തീ കൊളുത്തിയ പ്രണയം .കോളേജിലെ പാട്ടായ പ്രേമകഥ . ഒരു നിമിഷം പൂർണ്ണിമ ഓർമ്മകളിലേക്ക് ആഴ്ന്നിറങ്ങി
കോളേജ് ആനിവേഴ്സറി നാടകത്തിൽ നായകനായ ഹരിദാസ് ഇട്ട ടീ ഷർട്ടിട്ട് പിറ്റെ ദിവസം കോളേജിലേക്ക് വന്ന രാഗിണിയെ കൗതുകത്തോടെയാണ് അന്ന് നോക്കിനിന്നത്. ഹരിദാസിൻ്റെയും രാഗിണിയുടേയും പ്രണയത്തിൻ്റെ തീവൃത എന്തെന്ന് കോളേജിലെ ഓരോരോ ദിനങ്ങൾ തെളിയിച്ചു കൊണ്ടേയിരുന്നു. ഒരു തരം അസൂയയായിരുന്നു അന്ന് അവരോട്…..
“എവിടാ താമസം ” ചിന്തകളിൽ നിന്ന് തിരിച്ചു വന്ന പൂർണ്ണിമ ഹരിദാസിനോടായി ചോദിച്ചു…
“ഞാനിവിടെ അടുത്താ” “ആണോ.” “ഞങ്ങൾ ഗുരുവായൂർക്ക് പോകുന്ന വഴിയാ…. ബ്രേക്ക്ഫാസ്റ്റിനായി കയറിയതാ”
“ഹോ ഐ സീ. അത് കൊണ്ട് ഇങ്ങിനെയൊരു കൂടിക്കാഴ്ച തരായി ല്ലെ “
പൂർണ്ണിമ സന്തോഷത്തോടെ തലയാട്ടി.
“എൻ്റെ ഹസ്ബൻ്റിനെ പരിചായില്ലല്ലൊ. ” “ഗോപേട്ടാ ……. ” പൂർണ്ണിമ നീട്ടി വിളിച്ചു
“ഗോപനും ഹരിദാസും പരസ്പരം പരിചയപ്പെട്ടു
“അതേയ് വീടിവടെ അടുത്താണൊ “
പൂർണ്ണിമയുടെ ചോദ്യത്തിന് അതെയെന്ന അർത്ഥത്തിൽ ഹരിദാസ് തലയാട്ടി
“എനിക്ക് രാഗിണി ചേച്ചിയെ ഒന്ന് കാണണമെന്നുണ്ട് .ഒത്തിരി കാലമായില്ലെ. ഒന്നു പോകാംഗോപേട്ടാ പ്ലീസ്”
“അതിനെന്താ നമുക്ക് പോകാം വരു”
വീട്ടിനു മുൻപിൽ കാറ് പാർക്ക് ചെയ്ത് പൂർണ്ണിമയും ഗോപനും ഇറങ്ങി. ഹരിദാസ് മുൻപിൽ നടന്നു.
” ആള് കുറച്ച് സുഖമില്ലാതെയിരിക്കയാണ്.പനി “
ബഡ് റൂമിലേക്ക് കയറുന്നതിനിടയിൽ ഹരിദാസ് പറഞ്ഞു ‘
രാഗിണി കണ്ണടച്ചു കിടക്കുകയായിരുന്നു. പൂർണ്ണിമ ശ്രദ്ധിച്ചു. ആ വലിയ ചുകന്ന പൊട്ടും ജുമിക്കി കമ്മലും നീലയിൽ വെള്ള കൊച്ചു പൂക്കളുള്ള സാരിയും ഒരു ഇളം നീല ബ്ലൗസുമണിഞ്ഞ് …നല്ല ഭംഗിയായിരുന്നു കാണാൻ…..
“രാഗിണി …… “ഹരിദാസിൻ്റെ വിളി കേട്ട രാഗിണി പതിയെ കണ്ണു തുറന്നു മനസ്സിലാകാതെ രണ്ടു പേരേയും നോക്കി…..
” നിനക്കറിയോ ഇത് ഗോപൻ ഇത് പൂർണ്ണിമ നമ്മുടെ കോളേജിൽ പഠിച്ചതാ. എന്നെയും നിന്നെയുമൊക്കെ അറിയാമത്രെ. ഹോട്ടലിൽ വച്ചു കണ്ടതാ നിന്നെ കാണണമെന്ന് പറഞ്ഞു “
രാഗിണി ചിരിച്ചു
“ഇരിക്കു വന്നതിൽ സന്തോഷം. ഹരിയേട്ടാ അവർക്ക് കുടിക്കാൻ ……. “
“അയ്യോ ഒന്നും വേണ്ട കിടന്നോളു പനിയല്ലെ റെസ്റ്റ് എടുക്കു ” പൂർണ്ണിമ ഇടക്ക് കയറി പറഞ്ഞു.
” പണ്ടെ എനിക്ക് രാഗിണി ചേച്ചിയെ ഷ്ടായിരുന്നു. ആ ജിമുക്കി കമ്മലൊക്കെ ഇട്ടു കൊണ്ടുള്ള വരവ്..ഇന്ന് വന്നപ്പോഴും അങ്ങിനെ തന്നെ കാണാൻ കഴിഞ്ഞു. നല്ല ഭംഗിയാ ട്ടൊ “
പൂർണ്ണിമയുടെ വർത്തമാനം കേട്ട രാഗിണി കുലുങ്ങി ചിരിച്ചു.
” ഇവള് കുറച്ച് ടാക്കറ്റീവ് ആണ് കെട്ടൊ. വർത്തമാനം തുടങ്ങിയാൽ പിന്നെ നിർത്തില്ല “
ഗോപൻ ഇടക്ക് കയറി പറഞ്ഞു
“അത് സാരമില്ല ഇന്നത്തെ കാലത്ത് ആർക്കും ആരോടും വർത്തമാനം പറയണ്ടല്ലൊ. ഡിജിറ്റൽ യുഗമല്ലെ.പൂർണ്ണിമ ധൈര്യായി പറഞ്ഞോളു ‘
രാഗിണി പൂർണ്ണിമയുടെ കൈപിടിച്ചു കൊണ്ട് പറഞ്ഞു.
ഏതാനും നിമിഷങ്ങൾക്കകം യാത്ര പറഞ്ഞ് പിരിയുമ്പോൾ
രാഗിണി രണ്ടു പേരോടുമായി പറഞ്ഞു.
” ഇനി ഇത് വഴി പോകുമ്പോഴെക്കെ ഇങ്ങോട്ട് കയറണം പഴയ കോളേജ് വിശേഷങ്ങൾ പറഞ്ഞിരിക്കാമല്ലൊ .ഫുഡ് എല്ലാം കഴിച്ച് പോകാം”
പൂർണ്ണിമയും ഗോപനും തല കുലുക്കി. പടികടന്ന് പുറത്തിറങ്ങിയപ്പോൾ എതിരെ വന്ന യുവതി ഒന്നു പുഞ്ചിരിച്ചു
“ആരാ ..സാറിൻ്റെ വീട്ടിൽ വന്നതാണൊ “
“അതെ ആരാ “
“ഞാൻ സുമം .സാറിൻ്റെ വീട്ടിൽ ജോലിക്ക് വരുന്നതാ വല്ലതും കഴിച്ചാരുന്നൊ “
“ഇല്ല ചേച്ചിക്ക് പനിയാ അത് കൊണ്ട് എഴുന്നേൽക്കണ്ടാന്ന് പറഞ്ഞു ഞങ്ങൾ വേറൊരു ദിവസം വരാം അപ്പൊ രാഗിണി ചേച്ചിയുടെ പാചകം ഒക്കെ ആസ്വദിക്കാം “
പൂർണ്ണിമ അത് പറഞ്ഞ് തീർന്നപ്പോൾ സുമം മനസ്സിലാകാത്തതുപോലെ കണ്ണ് മിഴിച്ചു നിന്നു.
“എന്താ പറഞ്ഞെ ചേച്ചിയുടെ പാചകം ആസ്വദിക്കാമെന്നോ . അയ്യോ അപ്പൊ കാര്യമൊന്നും അറിയില്ലെ”
“എന്താ” രാഗിണിയുടെ നെറ്റി ചുളിഞ്ഞു
“ചേച്ചി എഴുന്നേൽക്കത്തില്ല. കാറപകടമായിരുന്നു മൂന്ന് വർഷമായി ഇതേ കിടിപ്പ് .ഇപ്പൊ കുറച്ച് ദിവസമായി കൈ പതിയെ പൊക്കുന്നുണ്ട് ശരിയാകും എന്നാ പറഞ്ഞത് .പക്ഷെ വർഷങ്ങൾ എടുക്കും”
ഒരു ഷോക്കടിച്ചത് പോലെ പൂർണ്ണിമയും ഗോപനും പരസ്പരം നോക്കി…….
” ഞങ്ങളോടൊന്നും പറഞ്ഞില്ല അപ്പൊ ചേച്ചിയുടെ കാര്യങ്ങ ളൊക്കെ……. “
“എല്ലാം ആ സാറാ നോക്കുന്നത് എന്നെ പോലും സമ്മതിക്കത്തില്ല .ചേച്ചിയെ കുളിപ്പിച്ച് സുന്ദരിയാക്കി കിടത്തുന്നത് കാണുക തന്നെ വേണം. ആ സാറിനെ നൂറ് കൈ കൊണ്ട് തൊഴണം”
പൂർണ്ണിമയുടെ കണ്ണുകൾ പെട്ടെന്ന് നനഞ്ഞ പോലെ
കാറിൽ കയറി ഇരുന്ന് ഡോർ അടച്ച് കുറച്ച് നേരം രണ്ടു പേരും ഒന്നും മിണ്ടാതെയിരുന്നു
“ഗോപേട്ടാ എനിക്ക് രാഗിണി ചേച്ചിയെ ഒന്നൂടെ കാണാൻ തോന്നുന്നു”
“എന്തിന് നമ്മുടെ സഹതാപം കാണിക്കാനൊ ‘ അതിൻ്റെ ആവിശ്യമില്ല. അവർക്കിടയിലെ സ്നേഹത്തിൻ്റെ മുന്നിൽ നമ്മുടെ സഹതാപമെല്ലാം വെറും ചവറ് “
ഗ്ലാസ് താഴ്ത്തി പുറത്തേക്ക് നോക്കിയിരുന്ന് ഗോപൻ പതിയെ പറഞ്ഞു
“അവരെ അവരുടെ പാട്ടിന് വിട്ടേക്ക് പൂർണ്ണിമെ.അവർ മതിയാവോളം സ്നേഹിച്ച് ജീവിച്ച് ജീവിക്കട്ടെ ടോ .അവിടെ മറ്റുള്ള വരുടെ പ്രസൻസ് തന്നെ മഹാ ബോറാണ് “
ഗോപൻ വണ്ടി സ്റ്റാർട്ട് ചെയ്യാൻ തുടങ്ങി.
“അവരെ പോലെ അവർ മാത്രമെ കാണു അല്ലെ”
പൂർണ്ണിമയുടെ ചോദ്യത്തിന് ഗോപൻ മറുപടിയൊന്നും പറഞ്ഞില്ല.
” അത് പോട്ടെ ഹോട്ടലിൽ വെച്ച് ഹരിയെ കണ്ടപ്പോൾ നീ ഗുരുവായുർ ക്ക് പോകയാണ് എന്നല്ലെ പറഞ്ഞത് ‘”
“അതെ”
” നമ്മളിന്ന് വക്കീലിനെ കാണാനല്ലെ പോകുന്നത് പിന്നെയെന്തിനാ അങ്ങിനെ പറഞ്ഞെ “
“ന്തോ പെട്ടെന്ന് എനിക്ക് അങ്ങിനെ പറയാനാ തോന്നിയെ “
പൂർണ്ണിമ ഗോപൻ്റെ കൈ പതിയെ പിടിച്ചു
“ഗോപേട്ടാ നമുക്ക് ഗുരുവായൂർക്ക് പോകാം നമ്മുടെ വിവാഹം നടന്നത് അവിടെയല്ലെ “
“ഗുരുവായൂർ ക്കൊ” ഗോപൻ്റെ നെറ്റി ചുളിഞ്ഞു. “ഇന്ന് പന്ത്രണ്ട് മണിക്കുള്ളിൽ എത്താനല്ലെ വക്കീൽ പറഞ്ഞത്. എന്നിട്ട് വേണ്ടെ നമ്മുടെ കേസ് കുടുംബ കോടതിയിലേക്ക് റഫർ ചെയ്യാൻ “
“അതൊന്നും വേണ്ട. ഗോപേട്ടൻ പറഞ്ഞില്ലെ അവരെ പോലെ അവർ മാത്രമെ കാണു എന്ന് . ന്താ അവരെ പോലെ ആകാൻ വേറെ ആർക്കും കഴിയില്ലെ”
“അവരെ പോലെ ഒരുപാട് പേര് കാണും. നമ്മൾ അറിയുന്നില്ല എന്ന് മാത്രം “ഗോപൻ പൂർണ്ണിമയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
പതിയെ പൂർണ്ണിമയുടെ വിരലുകൾ കൂട്ടിപിടിച്ചു തന്നിലേക്കടുപ്പിച്ചു
പൂർണ്ണിമയുടെ മനസ്സിൽ ഒരുത്തരമുണ്ട് ഗോപനറിയാം .എങ്കിലും ആ ഉത്തരത്തിന് ഒരു ചോദ്യം മെനഞ്ഞെടുക്കുന്നവെമ്പലിലായിരുന്നു അയാളപ്പോൾ…….
പതിയെ പൂർണ്ണിമയെ തന്നോട് ചേർത്തുപിടിച്ചു .ചോദ്യം ചോദിക്കാൻ കഴിയാതെ പോയപ്പോൾ ആ നെറ്റിയിൽ ചുംബിച്ചു. മറുപടിയെന്നോണം പൂർണ്ണിമയുടെ കണ്ണുകൾ നനഞ്ഞു
ഹരിദാസിനെയും രാഗിണിയെയും പോലെ ജീവിതത്തിൽ വീണ്ടും ഒരുമിച്ച് തുഴഞ്ഞു പോകാൻ ഇരുവരും വല്ലാതെ കൊതിച്ച പോകുന്ന നിമിഷങ്ങൾ അടർന്നു വീഴുകയായിരുന്നു അപ്പോൾ
“ഗോപേട്ടാ നമുക്ക് ഗുരുവായൂർക്ക് പോകാം. രണ്ട് ദിവസം നമുക്കവിടെ താമസിക്കാം . വക്കീലിനെ വിട്ടേക്ക് “
ഗോപൻ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി. മൊബൈലിൽ ലോക്കേഷൻ ഓൺ ചെയ്തു
മൂന്ന് മണിക്കൂർ നാൽപ്പത് മിനിട്ട്
” ഒകെ ലെറ്റ്സ് ഗോ”
ഉം പുഞ്ചിരിച്ചു കൊണ്ട് പൂർണ്ണിമതലകുലുക്കി
ലൊക്കേഷൻ മാപ്പിലെ ചുകന്ന കാർ ഗുരുവായൂർ ലക്ഷ്യമാക്കി പതിയെ അനങ്ങി തുടങ്ങി…
(അവസാനിച്ചു)