സ്നേഹസമ്മാനം ~~ ഭാഗം 07, എഴുത്ത്: ശ്രീജ ശ്രീജിത്ത്‌

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

അച്ഛനോട് ഞാൻ ചോദിച്ചത് കേട്ടില്ലേ? ഈ ബന്ധം നടന്നാൽ എന്താ കുഴപ്പം?
അച്ഛനെന്താ ഒന്നും മിണ്ടാത്തത്?

ശംഭുവേട്ടന്റെ അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം. മുതിർന്നവർ സംസാരിക്കുമ്പോൾ ഇടയിൽ കയറി സംസാരിക്കുന്നത് തെറ്റാണെന്ന് എനിക്കറിയാം.

പക്ഷെ ശംഭുവേട്ടനെ എനിക്കിഷ്ടാണ്.ശംഭുവേട്ടന് എന്നെയും.ഒരാളെയും അവരുടെ വിദ്യാഭ്യാസ യോഗ്യത കൊണ്ട് അളക്കരുത് അച്ഛാ.ഒരുപാട് പദവികളും സമ്പത്തും ആഡംബര ജീവിതവും നയിക്കുന്ന ആരെങ്കിലും മനസ്സ് തുറന്നു സന്തോഷിക്കാറുണ്ടോ?

രഞ്ജൂ നിന്നോട് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട്ഇ വിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണെന്ന്. നിനക്കെന്താ കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാവില്ല എന്നുണ്ടോ?

നീ അകത്തുപോ രഞ്ജൂ… എന്റെ ക്ഷമയെ നീ പരീക്ഷിക്കരുത്.

ഞാൻ അകത്തുപോകാം. പക്ഷെ ശംഭുവേട്ടനെയുംവീട്ടുകാരെയും നാണം കെടുത്തി വിടാനാണ് അച്ഛന്റെ ഭാവമെങ്കിൽ ഒരു കാര്യം അച്ഛനുറപ്പിച്ചോ ഇനി അച്ഛൻ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കിയാലും മറ്റൊരു വിവാഹം എന്റെ ജീവിതത്തിൽ ഉണ്ടാവില്ല.

രഞ്ജു ദേഷ്യ ഭാവത്തിൽ എല്ലാവരെയും ഒന്ന് നോക്കിയിട്ട് മുറിയിലേയ്ക്ക് പോയി. ദിവാകരേട്ടാ ഞങ്ങൾക്ക് കുറച്ചു തിരക്കുണ്ട്. ഇപ്പോൾ അഞ്ജുവിന്റെ വീട്ടുകാര് വരും.

ഇറങ്ങിപ്പോകാൻ തുറന്നു പറഞ്ഞില്ലെങ്കിലും ശിവരാമൻ പറഞ്ഞതിന്റെ പൊരുൾ അതാണെന്ന് ദിവാകരന് മനസ്സിലായി. ശംഭു ദയനീയമായി ദിവാകരനെയും മാലതിയെയും നോക്കി.

അച്ഛാ നമുക്കിറങ്ങാം.എന്തിനാ ഇവിടെ ഇങ്ങനെ ഇരുന്ന് സമയം കളയുന്നത്? ശംഭു പതുക്കെ പോകാനായി എഴുന്നേറ്റു ശംഭൂ നീ അവിടിരുന്നേ.എത്ര തിരക്കാണെങ്കിലും ഞാൻ പറയുന്നത് കേട്ടിട്ടേ ശിവരാമൻ പോകൂ.അല്ലേ ശിവരാമാ?

ദിവാകരേട്ടാ നിങ്ങളെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ആ സ്നേഹവും ബഹുമാനവും കടപ്പാടും ഒക്കെ എനിക്കുണ്ട്. പക്ഷെ എന്റെ മക്കളുടെ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം എന്റെ അറിവിൽ എനിക്ക് തന്നെയാണ്.

ചുരുക്കി പറഞ്ഞാൽ രഞ്ജുവിന്റെയും ശംഭുവിന്റെയും കല്യാണ കാര്യം ഇനി നമുക്കിടയിൽ ഒരു ചർച്ച ആവണ്ട.എനിക്ക് ഒരിക്കലും ദിവാകരേട്ടനോട്മു ഷിഞ്ഞു സംസാരിക്കാൻ താല്പര്യമില്ല അതാ.

എടോ ശിവരാമാ താൻ എന്നോട് മുഷിയണ്ടടോ… തന്റെ ചില തെറ്റായ ധാരണകൾ എനിക്ക് മാറ്റാനുണ്ട്. അതാ. ഒരു കാര്യം ഞാൻ തന്നോട് ആദ്യം ചോദിക്കട്ടെ. എന്റെ മോന് താൻ കണ്ട ഒരു കുറവ് അവന്റെ വിദ്യാഭ്യാസമാണോ?ദിവാകരൻ ചോദിച്ചു കഴിഞ്ഞപ്പോഴേ ശിവരാമൻ അതിനുള്ള ഉത്തരം നൽകി. എന്താ സംശയം ദിവാകരേട്ടാ…. അതൊരു വല്ല്യ കുറവല്ലേ?ഞാൻ നോക്കിയിട്ട് ശംഭുവിന് ആ ഒരു കുറവ് മാത്രമേ ഉളളൂ.

എന്റെ മക്കളെ എന്തു വിലകൊടുത്തും പഠിപ്പിക്കണമെന്ന് എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു. അത് എനിക്ക് നിറവേറ്റി തന്നത് ദിവാകരേട്ടനാണ്.ആ ദിവാകരേട്ടൻ സ്വന്തം മോനെ പഠിപ്പിക്കാൻ മറന്നു.

ചെറു പ്രായത്തിലെ അവനെ നിങ്ങൾ ഒരു ഡ്രൈവർ ആക്കി. ഞാനെപ്പോഴും ഓർക്കാറുണ്ട് ദിവാകരേട്ടൻ കള്ളം പറഞ്ഞിട്ടില്ലെങ്കിൽ ശംഭു പഠനത്തിൽ മുൻപിലായിരുന്നു. പിന്നെ എന്താ അവന്റെ പഠനം എങ്ങും എത്താതെ നിന്നുപോയത്?

ശിവരാമാ താൻ ഒരുപാട് കാടുകയറി ചിന്തിയ്ക്കണ്ടെടോ… എന്റെ മോൻ ആവശ്യത്തിന് വിദ്യാഭ്യാസം നേടിയെടുത്തിട്ടുണ്ട്. പിന്നെ അവന് ഓഫീസ് ജോലിയ്ക്ക് താല്പര്യമില്ല എന്ന് പറഞ്ഞു. അവന്റെ ഇഷ്ടത്തിന് ഞങ്ങൾ എതിര് നിന്നുമില്ല. തന്റെ കാഴ്ചപ്പാടിൽ എന്റെ മോൻ ചെറു പ്രായത്തിൽ ഡ്രൈവർ ആയവനാ. അതിന്റെ കാരണം തനിക്കറിയാമോ?

തന്റെ മോളുടെ പഠനം. ലോൺ അടയ്ക്കാൻ നിങ്ങളുടെ കയ്യിൽ പൈസ ഇല്ല എന്ന് ഞാനും മാലതിയും സംസാരിക്കുന്നത് കേട്ട് ഡിഗ്രി ഒന്നാം വർഷം കഴിഞ്ഞപ്പോൾ അതായത് അവന് പതിനെട്ട് വയസ്സ് ആയപ്പോൾ പഠനം നിർത്തി. അതിന് എന്തുകൊണ്ട്ഞങ്ങൾ സമ്മതിച്ചു എന്ന് ചോദിച്ചാൽ എന്റെ മോന് ഒരാളെ സഹായിക്കാനുള്ള മനസ്സ് ഉണ്ടെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത് കൊണ്ട്.പിന്നെ എന്റെ മോൻ എനിക്കൊരു വാക്ക് തന്നു. അഞ്ജു പഠിച്ച് ജോലി കിട്ടി പൈസ തരുന്നതുവരെ അവൾക്ക് പഠിക്കാനെടുത്ത ലോണിന്റെ പലിശ അടയ്ക്കാനുള്ള പൈസ അവൻ തരുമെന്ന്. എന്റെ മോൻ പ്രൈവറ്റ് ആയിട്ട് പഠിച്ചു.

അവന്റെ ആ മനസ്സ് നിങ്ങൾക്കൊന്നും ഉൾക്കൊള്ളാൻ പറ്റുന്നതായിരിക്കില്ല. പക്ഷെ എന്റെ അഭിമാനമാണ് എന്റെ മോൻ. നിനക്ക് സൗകര്യം ഉണ്ടെങ്കിൽ രഞ്ജുവിനെ ശംഭുവിന് കൊടുക്കാം. താൻ സമ്മതിച്ചില്ലെങ്കിലും അവര് ഒന്നാകും. ദൈവം അവർക്കൊപ്പം ഉണ്ടെങ്കിൽ. രഞ്ജു മോൾ ഞങ്ങളുടെ കൂടെ ഇറങ്ങി വന്നാൽ നല്ല അന്തസായിട്ട് ഞാൻ ഇവരുടെ കല്യാണം നടത്തും. എന്ത് ചെയ്യണമെന്ന് താൻ തീരുമാനിച്ചോ. ദിവാകരൻ ഭാര്യയെയും മകനെയും ഒളികണ്ണിട്ട് ഒന്ന് നോക്കിയിട്ട് ശിവരാമന്റെ മുൻപിൽ തല ഉയർത്തി തന്നെ ഇരുന്നു.

അല്ല ദിവാകരേട്ടാ… ഇവരുടെ ജാതകം നമ്മൾ നോക്കിയിട്ടില്ലല്ലോ. ചേരുമോ എന്ന് ആർക്കറിയാം?പിന്നെ അഞ്ജുവിന് സ്വർണ്ണം വാങ്ങാനുള്ള പൈസ അവൾ തന്നെ ഉണ്ടാക്കി.എന്റെ കയ്യിൽ അഞ്ജുവിനാണെങ്കിലും, രഞ്ജുവിനാണെങ്കിലും കൊടുക്കാൻ ഒന്നുമില്ല.അഞ്ജു മോൾ പൊന്നിൽ കുളിച്ചുനിൽക്കുമ്പോൾ നൂലുപോലെയുള്ള ഒരു മാലയേ രഞ്ജുവിന് കാണൂ.

അതൊക്കെ നിങ്ങൾക്ക് നാണക്കേടാവില്ലേ? പുച്ഛഭാവത്തിലാണ് ശിവരാമൻ സംസാരിച്ചത്. ആ ഭാവം തനിക്കും നന്നായി ഇണങ്ങുമെന്ന് ദിവാകരൻ ശിവരാമന് കാണിച്ചു കൊടുത്തു.

എടോ ശിവരാമാ അഞ്ജു മാത്രമല്ല രഞ്ജുവും തന്റെ മോള് തന്നെ അല്ലേ?സ്വന്തം മക്കളിൽ ഒരാൾക്ക് സ്വർണ്ണം കൊടുത്തും മറ്റേ ആൾക്ക് ഒന്നും കൊടുക്കാതെയും വീട്ടിൽ നിന്നിറക്കിവിടൻ അച്ഛനായ തനിക്ക് നാണക്കേടില്ലെങ്കിൽ ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ലെടോ. താൻ ഒരുപകാരം ചെയ്താൽ മതി.

രഞ്ജുമോളുടെ ജാതകം എടുത്തിങ്ങോട്ട് താ. ഞാൻ വർഷവും ജനന സമയവും തീയതിയും നക്ഷത്രവും എനിക്ക് പരിചയമുള്ള ഒരു ജ്യോൽസ്യന് അയച്ചു കൊടുക്കാനാ.രണ്ടുപേരുടെയും നാള് തമ്മിൽ ചേരുമെങ്കിൽ രണ്ടു കല്യാണവും ഒരുമിച്ച് നടത്താം. തനിക്കവിടെയും ലാഭം തന്നെയാടോ.

ശിവരാമൻ മനസ്സില്ലാ മനസ്സോടെ ജാതകം ദിവാകരനെ ഏല്പിച്ചു. അയാൾ അതപ്പോൾ തന്നെ അയച്ചു കൊടുത്തു. അര മണിക്കൂറിനുള്ളിൽ അവരുടെ വിധി വന്നു.നല്ല പൊരുത്തമുള്ള രണ്ടു ജാതകങ്ങൾ…. അതിനുമപ്പുറം നല്ല പൊരുത്തമുള്ള രണ്ടു മനസ്സുകൾ……

തുടരും……….

Leave a Reply

Your email address will not be published. Required fields are marked *