സിന്ദൂരം
എഴുത്ത്:- ഷെർബിൻ ആന്റണി
കട്ടിലിൽ കിടന്ന് കൊണ്ട് തന്നെ അയാൾ സമയം നോക്കി. മണി പത്ത് കഴിഞ്ഞിരിക്കുന്നു. തനിക്കെന്നും കിട്ടാറുള്ള പതിവ് കട്ടനു വേണ്ടി മേശ പുറത്തേക്ക് നോക്കി അവിടം ശൂന്യമായിരുന്നു.
അവളെ പ്രവസത്തിന് കൂട്ടികൊണ്ട് പോയതിനു ശേഷം തൻ്റെ ജീവത്തിലുണ്ടായ മാറ്റത്തെപ്പറ്റി അയാൾ ആലോചിക്കുകയായിരുന്നു. അവളുള്ളപ്പോൾ രാവിലെ ഏഴ് മണിക്ക് മുന്നേ വിളി തുടങ്ങും.
ഏട്ടാ സമയം വൈകുന്നു, ചായ തണുക്കുന്നു വേഗമാവട്ടെ….
ഒരു പത്ത് മിനിട്ട് കൂടി കഴിയട്ടെടീ… അത് പറഞ്ഞിട്ടയാൾ മൂടി പുതച്ച് വീണ്ടും കിടക്കും.
അരമണിക്കൂറാകുന്നതിന് മുന്നേ അവൾ വീണ്ടും വന്ന് വിളിക്കും.
സമയം ഒരു പാടായി…. ഇങ്ങളിന്ന് പോകുന്നില്ലേ ഏട്ടാന്ന് പറഞ്ഞ് കുലുക്കി വിളിക്കും. അന്നേരം അവളേയും കട്ടിലിലേക്ക് വലിച്ചിട്ട് കെട്ടിപിടിച്ച് കിടക്കുവാൻ ഒരു പ്രത്യേക സുഖം തന്നെയായിരുന്നു.
ആദ്യത്തെ പ്രസവമായത് കൊണ്ട് അവളുടെ വീട്ടുകാർക്കായിരുന്നു നിർബന്ധം അങ്ങോട്ട് കൂട്ടി കൊണ്ട് പോകാൻ.തന്നെ പിരിഞ്ഞ് നില്ക്കാൻ അവൾക്ക് ഒട്ടും തന്നെ ഇഷ്ട്ടം ആയിരുന്നില്ല. സങ്കടത്തോടെയായിരുന്നു അവൾ അവരുടെ കൂടെ പോയത്.
എല്ലാ ദിവസവും രാവിലെ തന്നെ അവൾ ഫോണിലേക്ക് വിളി തുടങ്ങും.എട്ടാ… ഞാനില്ലെന്ന് കരുതി മടി പിടിച്ച് കിടന്ന് ഉറങ്ങല്ലേ. എഴുന്നേറ്റ് റെഡിയായി വേഗം പോകാൻ നോക്കൂ.ആ വിളി വരാൻ അയാൾ കാതോർത്ത് കിടക്കുമായിരുന്നു എന്നും.
ഇന്ന് ഞായറാഴ്ച ആയത് കൊണ്ടായിരിക്കാം അവളുടെ വിളി വരാത്തത്, അതോർത്തപ്പോൾ അയാൾക്ക് നിരാശ തോന്നി.
അവളെ വിളിക്കാനായ് അയാൾ ഫോണെടുത്തു.ഉറക്കച്ചടവോടേ ഫോണുമായ് അയാൾ ഹാളിലേക്ക് നടന്നു.അവിടെ ചുമരിൽ ദൈവങ്ങളുടെ ചിത്രങ്ങൾക്കിടയിൽ പൂമാലയുമായി ഒരു കണ്ണാടി ഫ്രെയിം ചെയ്ത ഫോട്ടോയിൽ അയാളുടെ കണ്ണുടക്കി.
നെറ്റിയിൽ സിന്ധൂരവും കഴുത്തിൽ താനണിയിച്ച താലിയുമായി അവൾ…!
തന്നെ പിരിഞ്ഞ് പോയവൾ ഇനി ഒരിക്കലും തിരിച്ച് വരില്ലെന്ന തിരിച്ചറിവ് അയാളിൽ ഭ്രാന്ത് പിടിക്കാൻ തുടങ്ങിയിരുന്നു….!!