ആരെയും പറഞ്ഞിട്ട് കാര്യമില്ല വിമൽ. പുറം പൂച്ചു കണ്ട് ആരെയും ജഡ്ജ് ചെയ്യാൻ പറ്റാത്ത കാലമാണ്.എല്ലാവരും ക്രെഡിറ്റ്‌ കാർഡും ലോണുകളും കൊണ്ട് കഴിയുന്നവർ……

_upscale

സുഹൃത്ത്

എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ

“എന്താ വിമൽ ആകെയൊരു മൂഡ് ഓഫ്‌.?കുറച്ചു ദിവസമായി ആ പഴയ പ്രസരിപ്പ് ഒന്നും കാണുന്നില്ലല്ലോ.”

കഫ്റ്റീരിയയിലെ ഒഴിഞ്ഞ കോണിലിരുന്ന് ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവൾ വന്നത്.

‘അഞ്ജന.’

അടുത്ത ഡിപ്പാർട്മെന്റിൽ വർക്ക്‌ ചെയ്യുന്ന സ്റ്റാഫ് ആണ്.

പ്രത്യേകിച്ച് അടുപ്പം ഒന്നുമില്ല.

ഈ ഓഫീസിൽ താൻ ആദ്യമായി ജോയിൻ ചെയ്ത ദിനം, എല്ലാവരും പരിചയപ്പെടാൻ വന്നപ്പോഴും അവൾ മാത്രം ഒഴിഞ്ഞു നിന്നു.

പലപ്രാവശ്യം സംസാരിക്കുവാൻ ശ്രമിച്ചെങ്കിലും അവൾ മുഖം തരാതെ അകന്നു മാറുകയായിരുന്നു.

എന്തെങ്കിലും ഒഫീഷ്യൽ ആവശ്യങ്ങൾ ഉണ്ടെങ്കിൽ ഒന്നോ രണ്ടോ വാക്കുകൾ.

അത്രമാത്രം.

പിന്നീട് താനും അവളെ അവഗണിക്കുവാൻ ശ്രമിച്ചു .

കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ഇതാദ്യമായാണ് അവൾ സൗഹൃദ ഭാവത്തിൽ വരുന്നത്

കാപ്പിക്കപ്പുമായി മുന്നിലെ കസേര വലിച്ചിട്ട് അവൾ ഇരുന്നു.

“ഏയ്‌ ഒന്നുമില്ല.അഞ്ജനക്ക് തോന്നുന്നതാ.”

വിമൽ ഉത്തരം ചുരുങ്ങിയ വാചകങ്ങളിൽ ഒതുക്കാൻ ശ്രമിച്ചു.

“ഞാൻ വിമലിനോട് അടുപ്പം കാണിക്കാത്തതു കൊണ്ടാണോ സംസാരിക്കാൻ വൈമുഖ്യം.”

ചൂട് കാപ്പി മെല്ലെയൂതി അതിൽ നിന്നും ഉയരുന്ന ആവി ആസ്വദിച്ചുകൊണ്ട് അവൾ തിരക്കി.

“ഏയ്‌ അതല്ല. ആകെ ഒരു മൂഡ് ഓഫ്‌. അതാ”

വിമൽ വീണ്ടും വാക്കുകൾ ചുരുക്കി.

“അച്ഛന് സുഖമില്ലല്ലേ?”

മുഖത്തേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് അവൾ ചോദിച്ചു.

“ആര് പറഞ്ഞു?

“എടോ ഇവടെ നടക്കുന്നതെല്ലാം ഞാൻ അറിയുന്നുണ്ട്. അച്ഛന് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയതും,ലോണിനായി എഴുതി കൊടുത്തപ്പോൾആറു മാസം കഴിഞ്ഞാലേ ലോൺ തരുകയുള്ളു എന്ന് GM പറഞ്ഞതും, ഇവിടെയുള്ള ഒന്ന് രണ്ടു പേരുടെ അടുക്കൽ കടം ചോദിച്ചതും അവർ ഇല്ലെന്നു പറഞ്ഞതും എല്ലാം ഞാൻ അറിഞ്ഞു”

അവൾ കാപ്പി കപ്പ് ചുണ്ടോട് ചേർത്തു.

“ശരിയാണ്, അച്ഛന് സ്ട്രോക് വന്നു. റിക്കവർ ആയി വരുന്നതേയുള്ളൂ.
വിചാരിച്ചതിലും കൂടുതൽ തുകയായി. എവിടെ നിന്നെങ്കിലും കടം വാങ്ങാമെന്നു കരുതിയിട്ട് ആരുടേയും കയ്യിൽ കാശില്ല. എന്താണ് ചെയ്യേണ്ടത് എന്നറിയില്ല.”

വിമൽ നിസ്സഹായനായി കൈകൾ കൂട്ടി തിരുമ്മി.

“ആരെയും പറഞ്ഞിട്ട് കാര്യമില്ല വിമൽ. പുറം പൂച്ചു കണ്ട് ആരെയും ജഡ്ജ് ചെയ്യാൻ പറ്റാത്ത കാലമാണ്.എല്ലാവരും ക്രെഡിറ്റ്‌ കാർഡും ലോണുകളും കൊണ്ട് കഴിയുന്നവർ. ഓഫിസിലാണെങ്കിൽ ഇതിനു മുന്നേ വന്ന ഒന്നു രണ്ടുപേർ ലോൺ അടക്കാതെ നിർത്തി പോയതിനാൽ GM ഭയങ്കര സ്ട്രിക്ട് ആണ്. പുള്ളിക്കാരനെയും പറഞ്ഞിട്ട് കാര്യമില്ല.മാനേജ്മെന്റ് പുള്ളിക്കെതിരെ വടി എടുക്കും.
ഞാൻ ഒരോ കാപ്പി കൂടി എടുക്കട്ടെ “

അവന്റെ അനുവാദത്തിനു കാത്തു നിലക്കാതെ അവൾ വെന്റിങ് മെഷീനിൽ നിന്നും രണ്ടു കാപ്പിയുമായി തിരികെ വന്നു.

അവളുടെ ചെയ്തികൾ അത്ഭുതത്തോടെ നോക്കി നിൽക്കുകയായിരുന്നു വിമൽ.

അവന്റെ മുഖഭാവം കണ്ടിട്ട് ഒരു ചെറു ചിരിയോടെ അവൾ തുടർന്നു

“ഞാൻ ഇത്രയധികം സംസാരിക്കുമെന്ന്താ ൻ കരുതിയില്ലല്ലേ.ഞാൻ ചെറുപ്പം മുതലേ പൊതുവെ റിസേർവ്ഡ് ടൈപ്പ് ആണ്. വീട്ടിലെ സാഹചര്യങ്ങൾ മൂലമാവാം.അത് കൊണ്ട് തന്നെ ആരുമായും കൂടുതൽ ചെങ്ങാത്തത്തിന് പോകാറില്ല.അല്പം കോംപ്ലക്സ്സ്കളും ഉണ്ട്.

ഇന്നലെ ജിഎം ന്റെ കാബിനിൽ നിന്നും ഒരു ഫയൽ എടുത്തപ്പോൾ അതിന്റെ കൂടെ തന്റെ ലോൺ ആപ്ലിക്കേഷൻ ‘നോട് സങ്ക്ഷൻഡ് ‘ എന്ന് എഴുതി വച്ചിരിക്കുന്നത് കണ്ടു.ഇതിനെ കുറിച്ച് നമ്മുടെ മായേച്ചിയോട് ചോദിച്ചപ്പോൾ അവരാണ് തന്റെ അച്ഛന്റെ രോഗവിവരം പറഞ്ഞത്.കണ്ടപ്പോൾ ചോദിക്കാമെന്ന് കരുതി.ഇനി എന്ത് ചെയ്യാനാണ് പ്ലാൻ.”

“പ്രത്യേകിച്ച് പ്ലാനുകൾ ഒന്നും മുന്നിലില്ല. വീടും പറമ്പും പണ്ടേ ബാങ്കിൽ പണയത്തിലാണ്.അതിൻമേൽ വീണ്ടും ലോണിന് അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ കിട്ടാൻ സാധ്യത കുറവാണ്.മുന്നിൽ ശൂന്യത മാത്രം.”

വിളറിയ ചിരി വിമലിന്റെ അധരങ്ങളിൽ വിടർന്നു.

“ഞാൻ തന്റെ മനസ്സിൽ ഒരു നല്ല സുഹൃത്ത് അല്ല എന്നെനിക്കറിയാം. എന്നാലും ഇത് വച്ചോളു.എന്റെ atm കാർഡ് ആണ്. 5 ലക്ഷത്തിന് മേലെ ബാലൻസ് ഉണ്ട്.ആവശ്യമുള്ളത് എടുത്തു കൊള്ളു. കിട്ടുമ്പോൾ തന്നാൽ മതി.എനിക്ക് പെട്ടെന്ന് ഈ പണം കൊണ്ട് ആവശ്യങ്ങൾ ഒന്നുമില്ല. തനിക്ക്‌ ഉപകാരപ്പെടട്ടെ.”

അവൾ തന്റെ പേഴ്സിൽ നിന്നും ഒരു atm കാർഡ് അവന്റെ നേരെ നീട്ടി.

“അയ്യോ വേണ്ട അഞ്ജന, കടം വാങ്ങിയാൽ തന്നെ അത് പെട്ടെന്ന് വീട്ടുവാൻ ഉള്ള ഒരവസ്ഥയിൽ അല്ല ഞാൻ. തന്റെ ഈ കരുതലിന് എങ്ങനെയാണ് നന്ദി പറയുക എന്നറിയില്ല.”

“വിമൽ താൻ എന്നെ ഒരു അന്യയായി കാണേണ്ടടോ. നല്ല ഒരു സുഹൃത്തായി കരുതിയാൽ മതി. ഇത് വാങ്ങു “

വാങ്ങണോ വേണ്ടയോ

ഒരു നിമിഷം അവൻ സംശയത്തോടെ അവളുടെ മിഴികളിലേക്ക് നോക്കി.

ആ കണ്ണുകളിൽ തിളങ്ങി നിന്ന വാത്സല്യം ആ കാർഡ് വാങ്ങുന്നതിൽ നിന്നും അവനെ വിലക്കിയില്ല.

“ഇനി ഇതിന്റെ പേരിൽ എന്നെ കാണുമ്പോൾ സെന്റിമെന്റ്സ് ഒന്നും വേണ്ടാട്ടോ. ഇത് മറ്റാരും അറിയേം വേണ്ട.”

നനവുറഞ്ഞ മിഴികളുമായി അവൾ വാഷ് ഏരിയയിലേക്ക്‌ നടക്കുമ്പോൾ വിമലിന്റെ മനസ്സ് മെല്ലെ മന്ത്രിച്ചു.

‘ഇവളാണ് യഥാർത്ഥ സുഹൃത്ത്.’

Leave a Reply

Your email address will not be published. Required fields are marked *