കാലം ബാക്കിവെച്ചത്
എഴുത്ത്:-ബിന്ദു. എൻ. പി
ടൗണിൽ നിന്നും ഞാൻ തിരിച്ചു വരുമ്പോൾ സമയം എട്ടുമണിയോടടുത്തിരുന്നു. ഒന്ന് ഫ്രഷായി ടിവിയുടെ മുന്നിൽ വന്നിരിക്കുമ്പോൾ സീരിയലിന്റെ രസച്ചരട് മുറിഞ്ഞുപോയതിന്റെ അനിഷ്ടം പ്രകടിപ്പിച്ചു കൊണ്ട് ഭാര്യ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.
ഞാൻ ആരാണെന്നല്ലേ.. ഹരി. ഹരിഗോവിന്ദ്. ഒരു സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്.ഇന്ന് അവധിയായതിനാൽ ഒരാവശ്യത്തിന് ടൗണിൽ പോയതായിരുന്നു.തിരിച്ചെത്താൻ വൈകി.
ടെലിവിഷൻ ചാനലുകളിൽ അന്തിച്ചർച്ചകൾ പുരോഗമിക്കുന്നു.എല്ലാ ചാനലിലും നിറഞ്ഞു നിൽക്കുന്ന വാർത്തകളിലേക്ക് എന്റെ കണ്ണുകളുടക്കി. എന്തോ ഒരു തിരക്കഥ വിവാദമാണ്. അതെ.. ഈ വർഷത്തെ മികച്ച തിരക്കഥയ്ക്കുള്ള അവാർഡിനർഹമായത് അവനായിരുന്നു. തന്റെ ക്ലാസ്‌മേറ്റായ രാജീവ് രവി. ആ തിരക്കഥ മോഷണമാണെന്ന്. അത് തന്റേതാണെന്ന് പറഞ്ഞുകൊണ്ട് മറ്റൊരാവകാശി വന്നിരിക്കുന്നു. ടീവിയിലും നവ മാധ്യമങ്ങളിലും വിവാദം പുകയുകയാണ്. രാജീവിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചിലർ രംഗത്തുണ്ട്. അല്ലെങ്കിലും അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നല്ലേ ചൊല്ല്.
ഈ വിവാദത്തിൽ സത്യമില്ലാതിരിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. കാരണം തന്നേക്കാൾ നന്നായി മാറ്റാരാണ് രാജീവിനെ മനസ്സിലാക്കിയിട്ടുണ്ടാവുക. പല നാൾ കള്ളൻ ഒരു നാൾ പിടിയിലെന്നല്ലേ.
ഡിഗ്രി കഴിഞ്ഞു പല വഴി പിരിഞ്ഞ കൂട്ടുകാർ. ജീവിതത്തിന്റെ പരക്കം പാച്ചലിൽ പലവഴി പിരിഞ്ഞുപോയവർ. നീണ്ട 30 വർഷത്തിന് ശേഷം ഒരു വാട്സാപ്പ് കൂട്ടായ്മയിലൂടെയാണ് വീണ്ടും ഞങ്ങൾ കണ്ടുമുട്ടുന്നത്. എല്ലാവർക്കും പങ്കിടാൻ ഒരുപാട് വിശേഷങ്ങളുണ്ടായിരുന്നു. അന്ന് വൈകുന്നേരം അവൻ എന്നെ വിളിച്ച് ഒരുപാട് നേരം സംസാരിച്ചിരുന്നു. ആനുകാലീകങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും മിന്നിമറിഞ്ഞു നിൽക്കുന്ന ഹരിനാരായണനെന്ന എഴുത്തുകാരനെക്കുറിച്ച് അവൻ വാചാലനായി. “പഠിക്കുന്ന കാലത്തൊന്നും നിനക്കിങ്ങനെയൊരു കഴിവുള്ളതായി തോന്നിയില്ലല്ലോ എന്നവൻ അത്ഭുതപ്പെട്ടപ്പോൾ”
” നീ ശ്രദ്ധിക്കാഞ്ഞത് കൊണ്ടല്ലേ അറിയാതെ പോയത്. അന്നേ ഇവൻ എഴുതുമായിരുന്നെന്ന് “കൂട്ടുകാരിൽ ചിലർ പറഞ്ഞു.
അവൻ തിരക്കഥയെഴുതിയ ചില ടെലി ഫിലിമുകളും ആൽബങ്ങളും ഗ്രൂപ്പിൽ ഇട്ടപ്പോൾ താനടക്കമുള്ള എല്ലാവരും അവനിങ്ങനെയൊരു കഴിവുണ്ടായിരുന്നോ എന്നത്ഭുതപ്പെട്ടതും മറ്റും ഇന്നലെയെന്നപോലെ എന്റെ മനസ്സിൽ മിന്നി മറിഞ്ഞു. പിന്നീടൊരിക്കൽ എന്നെ തേടി വന്ന അവന്റെ കോളും വാട്സാപ്പ് ൽ വന്ന അവന്റെ മെസ്സേജും എന്നെ അത്ഭുതപ്പെടുത്തി. രാജീവ് വിളിച്ചതിന്റെ ഉള്ളടക്കമറിഞ്ഞപ്പോൾ ആദ്യമായി അവനെക്കുറിച്ച് എന്റെ മനസ്സിൽ ചുളിവുകൾ വീണു.
അവന്റെ വാക്കുകൾ കേട്ടപ്പോൾ ആദ്യം എനിക്കൊന്നും തോന്നിയില്ല. അവൻ പറഞ്ഞത് ഇത്രയുമായിരുന്നു. “ഞാൻ നിനക്ക് വാട്സാപ്പ് ൽ ഒരു മാറ്റർ അയച്ചിട്ടുണ്ട്. നീ എനിക്കതൊന്ന് ശരിയാക്കിത്തരണം.” സാധാരണ പലരും അവരെഴുതിയത് കറക്റ്റ് ചെയ്തു തരണമെന്ന് പറയുമ്പോൾ അവരുടെ മാറ്ററിൽ മാറ്റം വരുത്താതെ ഒഴിവാക്കേണ്ടത് ഒഴിവാക്കിയും എന്തെങ്കിലും മാറ്റം വേണമെങ്കിൽ അതും പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു. എന്നാൽ രാജീവ് അയച്ച മാറ്റർ കണ്ടപ്പോൾ അത് ഗദ്യമാണോ പദ്യമാണോ അതിലെന്താണ് ഉദ്ദേശിച്ചത് എന്നൊന്നും വ്യകതമല്ലായിരുന്നു. “അതുവായിച്ചശേഷം ഇതെന്താണ് സംഭവം.. എന്താണിത് ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞ മറുപടി എനിക്കെന്തുകൊണ്ടോ ഉൾക്കൊള്ളാനായില്ല. അവൻ സന്ദർഭം പറഞ്ഞു തന്ന് അതൊരു കവിതാ രൂപത്തിൽ ആക്കിത്തരണമെന്നും തന്ന മാറ്ററിലുള്ള വാക്കുകൾ ഇല്ലെങ്കിലും സ്വന്തം ഭാഷയിൽ ആ സന്ദർഭം വെച്ച് അതൊരു കവിതാ രൂപത്തിലാക്കി തരണമെന്ന് അവൻ പറഞ്ഞപ്പോൾ ഞാൻ ആദ്യം ഞങ്ങൾ നാല് കൂട്ടുകാർ മാത്രമടങ്ങുന്ന ഒരു വാട്സാപ്പ് ഗ്രൂപ്പിലാണ് അതിട്ടത്. അവരോട് കാര്യം പറഞ്ഞപ്പോൾ ഇതിൽ നിന്നും അവനെന്തു സംതൃപ്തിയാണാവോ ലഭിക്കുന്നതെന്ന് അവരും അത്ഭുതപ്പെട്ടു. സ്വന്തം വാക്കുകളും അവൻ തന്ന മാറ്ററിലെ ചില ഭാഗങ്ങളും ഉൾപ്പെടുത്തി ക്കൊണ്ട് ഞാൻ എഴുതിയത് ആദ്യം അയച്ചുകൊടുത്തതും ആ കൂട്ടുകാർക്ക് തന്നെയായിരുന്നു. അതിന് ശേഷമാണ് അവനയച്ചു കൊടുത്തത്. ഫേസ്ബുക്കിലോ മറ്റോ ഇടാനാവുമെന്നേ കരുതിയുള്ളൂ.
തിരക്കിനിടയിൽ പിന്നീടത് മറക്കുകയും ചെയ്തു. അങ്ങനെ യിരിക്കെയാണ് ഒരിക്കൽ ട്രഷറിയിൽ പോയി തിരിച്ചു വരികയായിരുന്ന പഴയ ഗുരുനാഥ മാലതി ടീച്ചറെ വഴിയിൽ വെച്ച് കണ്ടത്. സംസാരമദ്ധ്യേ രാജീവിനെക്കുറിച്ച് പറഞ്ഞപ്പോൾ ടീച്ചർ പറഞ്ഞ കാര്യം കേട്ട് ശരിക്കും ഞാൻ അത്ഭുതപ്പെട്ടു. കുറച്ച് നാൾ മുമ്പ് അവനൊരു കവിതയുമായി ടീച്ചറെ സമീപിച്ചിരുന്നുവെത്രേ. ടീച്ചർ അത് ശരിയാക്കിക്കൊടുക്കുകയും ചെയ്തുവെന്ന്. ആ കവിതയുടെ സന്ദർഭം എന്തായിരുന്നു എന്നറിഞ്ഞപ്പോഴാണ് ശരിക്കും കിളി പോയത്. തന്നോട് അവൻ ആവശ്യപ്പെട്ട അതേ കവിത. എന്നിട്ടും അവൻ ഫേസ്ബുക്കിലൊന്നും അത് പോസ്റ്റ് ചെയ്തില്ലല്ലോ എന്ന് ഞാൻ ഓർക്കുകയും ചെയ്തു.
അതിനിടയിലാണ് അവന്റെ പുതിയ ആൽബം ഇറങ്ങുന്നുണ്ടെന്ന് പറഞ്ഞത്. അതിന്റെ തിരക്കുകളിലാണെന്ന് ഇടയ്ക്കെല്ലാം ഗ്രൂപ്പുകളിൽ പറയുമായിരുന്നു. അതിന്റെ നിർമ്മാതാവാരാണെന്നറിഞ്ഞപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിപ്പോയത്.ജയശങ്കർ.
ഒരിക്കൽ തനിക്കൊരു റിക്വസ്റ്റ് വന്നപ്പോൾ അതിൽ mutual friend ആയി അവനെക്കണ്ടപ്പോൾ അവന്റെ അഭിപ്രായം ചോദിച്ചിട്ടാണ് ആ റിക്വസ്റ്റ് സ്വീകരിച്ചത്. അവന്റെ അടുത്ത കൂട്ടുകാരനാണെന്നാണ് അന്ന് പറഞ്ഞിരുന്നത്. അത് പ്രകാരം ജയശങ്കറോട് പല തവണ സംസാരിക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് രാജീവിന്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളറിഞ്ഞത്. അതേക്കുറിച്ച് ഒരിക്കൽ രാജീവിനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു
“ഡാ ഹരീ..ഇനി മുതൽ അവനെന്തെങ്കിലും മിണ്ടാൻ വന്നാൽ നീയവനോടൊന്നും മിണ്ടാൻ നിൽക്കരുത് കേട്ടോ. എന്റെ ദാമ്പത്യ ബന്ധം തകരാൻ അവനും കൂടിയൊരു കാരണമാണ്. എന്റെ പല കാര്യങ്ങളും എന്റെ ഭാര്യയോട് ചോർത്തിക്കൊടുക്കുന്നത് അവനാണ്.”
ഇതറിഞ്ഞതോടെയാണ് ഞാൻ ജയശങ്കറെ അവോയ്ഡ് ചെയ്യാൻ തുടങ്ങിയത്.ഞാൻ കാരണം അവന്റെ ജീവിതത്തിൽ ഒരു പ്രശ്നമുണ്ടാവരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.
ആ ജയശങ്കറാണ് പുതിയ ആൽബം നിർമിക്കുന്നത്.എന്നെയും ജയശങ്കറേയും തമ്മിൽ എന്തിനാണ് അവൻ അകറ്റി നിർത്തിയ തെന്നതിന് ഇന്നും എനിക്കുത്തരം കിട്ടിയിട്ടില്ല. “ആർദ്രം “എന്ന ആ ആൽബം റിലീസയ ദിവസം തന്നെ അവൻ അതിന്റെ ലിങ്ക് ഗ്രൂപ്പിൽ ഇട്ടിരുന്നു. അത് കണ്ടപ്പോഴാണ് എന്റെ മനസ്സിൽ പലകുറി കുറിച്ചിട്ട വരികൾ ഞാൻ അതിൽ കണ്ടത്. ഒപ്പം ചെറിയ മാറ്റങ്ങളോടെ മറ്റു വരികളും. അത് മാലതിടീച്ചറുടെ സംഭാവനയാണെന്ന് മനസ്സിലാക്കാൻ എനിക്ക് പ്രയാസമുണ്ടായില്ല. ഞാൻ ആ ആൽബം ആദ്യം മുതൽ ഒന്നുകൂടി കണ്ടുനോക്കി. അതിൽ എവിടെയെങ്കിലും കടപ്പാട് ചില സുഹൃത്തുക്കളോട് എന്നെങ്കിലും ഒരുവരി ഞാൻ പ്രതീക്ഷിച്ചു. അത് കണ്ടശേഷം ഞാൻ ഗ്രൂപ്പിൽ തന്നെ അവന് മെസ്സേജ് ഇട്ടു. “ഡാ ഇത് ഞാനന്ന് ശരിയാക്കിത്തന്ന വരികളല്ലേ “?എന്ന്. അതിനവൻ സമർത്ഥമായി തന്നെ ഉത്തരം പറഞ്ഞു. എന്താണെന്നോ? “നീ ശരിയാക്കിത്തന്നിട്ടും ശരിയായില്ല. പിന്നീട് ഞാൻ തന്നെ ശരിയാക്കിയെഴുതി “എന്ന്. അപ്പോഴും എന്റെ കയ്യിലിരിക്കുന്ന നോട്ടിൽ അവന് വേണ്ടി ഞാൻ ശരിയാക്കിയെഴുതിയ വരികൾ എന്നെനോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു. എന്റേതല്ലാത്ത വരികളുടെ ഉടമ മാലതി ടീച്ചറാണെന്ന് മനസ്സിലാക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ടായില്ല.
ചില കൂട്ടുകാരോട് അതേപറ്റി സൂചിപ്പിച്ചപ്പോൾ എനിക്കെന്തോ അസൂയ തോന്നിയിട്ട് പറയുന്നതാണെന്ന മട്ടിൽ അവരെന്നോട് പ്രതികരിച്ചു. അതില്പിന്നെ ആരോടും ഒന്നും പറഞ്ഞില്ല.
ജയശങ്കറും രാജീവും സംയുക്തമായി പിന്നെയും പല ആൽബങ്ങളും ടെലി ഫിലിമുകളും നിർമിച്ചു. അതിന്റെയൊക്കെ തിരക്കഥ രാജീവ് രവി തന്നെയായിരുന്നു. പക്ഷേ അന്നത്തെ ആ സംഭവത്തിന് ശേഷം അതൊക്കെ അവൻ സ്വന്തമായി എഴുതിയതാണെന്ന് വിശ്വസിക്കാൻ എന്റെ മനസ്സെന്നെ അനുവദിച്ചില്ല എന്നതാണ് സത്യം.
പിന്നെയും വർഷങ്ങൾ കടന്നുപോയി. അവസാനം അവന്റെ തിരക്കഥയിൽ ഒരു സിനിമ വരുന്നുണ്ടെന്നറിഞ്ഞു. ഈ കഴിഞ്ഞ വർഷത്തെ മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് അവനായിരുന്നു. ആ തിരക്കഥയ്ക്കാണ് വേറെയൊരു അവകാശി രംഗത്ത് വന്നിട്ടുള്ളത്.
വാട്സാപ്പ് നോക്കിയപ്പോൾ രണ്ടുമൂന്നു പേര് മെസ്സേജ് അയച്ചിരിക്കുന്നു. “ഡാ ഹരീ.. നീയന്ന് പറഞ്ഞതിൽ കാര്യമുണ്ടെന്ന് ഇപ്പോഴാടാ മസ്നസ്സിലായത്. എന്നാലും നമ്മുടെ രാജീവ് രവി…” ബാക്കി വായിക്കാൻ നിന്നില്ല. ടീവിയിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണ്. Tv ഓഫാക്കി ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സ് ശാന്തമായിരുന്നു. ഏറെ നാളായി ആളിക്കൊണ്ടിരുന്ന ഒരു കനലിൽ ഒരു പുതുമഴ പെയ്തു തോർന്നതു പോലെ ശാന്തം.