മനം പോലെ മംഗല്യം
എഴുത്ത്:-ബിന്ദു. എൻ. പി
ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഞങ്ങൾ നിശാന്തിനെയും ചാന്ദിനിയേയും പരിചയപ്പെടുന്നത്. യശ്വന്തപുരം എക്സ്പ്രസിലെ s 7 കമ്പാർട്ട്മെന്റിൽ ഞങ്ങളുടെ ഓപ്പോസിറ്റ് സീറ്റിലായിരുന്നു അവർ. സംസാരമധ്യേ ഒരിക്കൽ അവർ കല്യാണം കഴിച്ചവരാണെന്നും വീണ്ടും ഒരു കല്യാണം കഴിക്കാനുള്ള യാത്ര യാണെന്നുമറിഞ്ഞപ്പോൾ ആ കഥകളറിയാൻ കൗതുകമേറി.
ഏറെ കൗതുകത്തോടെയാണ് അവരുടെ കഥകൾ ഞങ്ങൾ കേട്ടത്. ബാംഗ്ലൂരിലെ പ്രശസ്തമായ രണ്ട് ഐടി കമ്പനികളിൽ ജോലി ചെയ്യുകയായിരുന്നു ഇരുവരും. ഒരു ബ്രോക്കർ മുഖേനയാണ് ചാന്ദിനിക്ക് നിശാന്തിന്റെ ആലോചന വന്നത്. രണ്ടുപേർക്കും തമ്മിൽ ഇഷ്ടമായി. ആ ആലോചന മുന്നോട്ടുപോകവേയാണ്ഒ രശനിപാതം പോലെ ആ വാർത്ത അവർക്കിടയിലേക്ക് വന്നത്. അവരുടെ ജാതകങ്ങൾ തമ്മിൽ ചേരില്ലത്രേ. അവർ തമ്മിൽ വിവാഹം കഴിച്ചാൽ ഒരു വർഷത്തിനുള്ളിൽ വരന് മരണംവരെ സംഭവിച്ചേക്കാം. ഇനി അഥവാ ആ ഒരു വർഷം ആപത്തൊന്നും കൂടാതെ കടന്നു പോവുകയാണെങ്കിൽ മാത്രം പിന്നെ അവൾ ദീർഘസുമംഗലിയായിരിക്കും. അതായിരുന്നു ജോത്സ്യന്റെ പ്രവചനം. തങ്ങളുടെ മക്കളെ വെച്ച് ഒരു പരീക്ഷണത്തിന് അവരുടെ മാതാപിതാക്കൾ തയ്യാറായിരുന്നില്ല.
ഇത് കേട്ടതോടെ വീട്ടുകാർ വിവാഹത്തിൽ നിന്നും പിന്മാറി. ഈ ജ്യോതിഷത്തിലൊന്നും തങ്ങൾക്ക് യാതൊരു വിശ്വാസവുമില്ലെന്ന് രണ്ടുപേരും ആവർത്തിച്ചു പറഞ്ഞെങ്കിലും രണ്ടു വീട്ടുകാരും അത് കൈക്കൊള്ളാൻ തയ്യാറായിരുന്നില്ല. അങ്ങനെയവർ രണ്ട് പേരും ബാംഗ്ലൂരിലേക്ക് തിരിച്ചു പോയി.
ആ സംഭവം കഴിഞ്ഞു ഒന്നു രണ്ടുമാസം കഴിഞ്ഞ് കാണണം ഒരു ദിവസം ചാന്ദിനിയുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. അറിയാത്ത നമ്പറാണല്ലോയെന്ന് കരുതി ആദ്യം അവൾ അത് അവഗണിച്ചെങ്കിലും രണ്ടാമത്തെ മെസ്സേജിൽ താൻ തന്നെ പെണ്ണുകാണാൻ വന്ന പയ്യനാണെന്നും പേര് നിശാന്താണെന്നും പറഞ്ഞപ്പോൾ അവളും തന്റെ സങ്കോചം മാറ്റിവെച്ചുകൊണ്ട് അവനോട് സംസാരിച്ചു തുടങ്ങി.
അങ്ങനെ നാളുകൾ കടന്നുപോകെ അവർ പിരിയാൻ വയ്യാത്ത കൂട്ടുകാരായി. ജോലി കഴിഞ്ഞു വരുന്ന ചില വൈകുന്നേരം അവർ കോഫി ഷോപ്പിലും പാർക്കിലുമൊക്കെ ഇരുന്ന് ഏറെനേരം സംസാരിക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ അവൻ അവളോട് പറഞ്ഞു.” എടോ നമുക്ക് കല്യാണം കഴിച്ചാലോ?നമ്മുടെ വീട്ടുകാർക്കല്ലേ ജാതകത്തിലൊക്കെ വിശ്വാസം. നമുക്കതില്ലല്ലോ. ജ്യോത്സ്യൻ പറഞ്ഞ ആ ഒരു വർഷം കടന്നു പോയിക്കഴിഞ്ഞാൽ നമുക്ക് വീട്ടിൽ കാര്യങ്ങൾ അവതരിപ്പിക്കാം. താൻ ഒക്കെയാണോ? അവൻ ചോദിച്ചു.. അങ്ങനെ ഏറനാളത്തെ ആലോചനകൾക്ക് ശേഷം അവർ രജിസ്റ്റർ വിവാഹം കഴിച്ചു. അന്നുമുതൽ രണ്ടുപേരും ഒരുമിച്ച് ഒരേ ഫ്ലാറ്റിൽ താമസവും തുടങ്ങി. രണ്ടുപേർക്കും വീട്ടിൽ നിന്നും വിവാഹത്തിന് സമ്മർദ്ദം ഉണ്ടായെങ്കിലും സമർത്ഥമായി രണ്ടുപേരും ഒഴിഞ്ഞു മാറി. അങ്ങനെ ഇപ്പോൾ രണ്ടുവർഷം കടന്നു പോയിരിക്കുന്നു.
ഈ അവസരത്തിലാണ് അവർ വീട്ടിൽ അവളുടെ കല്യാണം കാര്യം അവതരിപ്പിച്ചത്. കാര്യങ്ങളൊക്കെ കേട്ടപ്പോൾ രണ്ടു വീട്ടുകാർക്കും ആദ്യം ഒരു ഞെട്ടലായിരുന്നു. എങ്കിലും പിന്നീട് അവർ വിവാഹത്തിന് സമ്മതിച്ചു. വളരെ കൗതുകത്തോടെ അവർ പറയുന്ന കഥകൾ ഞങ്ങൾ കേട്ടിരുന്നു. അങ്ങനെ കല്യാണമണ്ഡപവും കല്യാണ തീയതിയും നിശ്ചയിച്ച ശേഷം നാട്ടിലേക്കുള്ള അവരുടെ യാത്രയാണിതെന്നവർ പറഞ്ഞതോടെ അവരുടെ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേർന്നു. ട്രെയിൻ കോഴിക്കോട് സ്റ്റേഷനിലെത്തുമ്പോൾ അവരെയും കാത്ത് രണ്ടു വീട്ടുകാരും റെയിൽവേ സ്റ്റേഷനിൽ നിൽപ്പുണ്ടായിരുന്നു. ഞങ്ങളോട് യാത്ര പറഞ്ഞുകൊണ്ട് അവർ കോഴിക്കോട് സ്റ്റേഷനിൽ ഇറങ്ങുമ്പോൾ പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെക്കാനുള്ള തയ്യാറെടുപ്പി ലായിരുന്നു അവർ. അവരുടെ പുതു ജീവിതത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുമ്പോൾ പുതിയ യാത്രക്കാരും പുതിയ വിശേഷങ്ങളുമായി ട്രെയിൻ ഞങ്ങളെയും കൊണ്ട് മുന്നോട്ട് കുതിച്ചു തുടങ്ങിയിരുന്നു.

