ഞാൻ അറ്റന്റ് ചെയ്തു. സംസാരിച്ചപ്പോൾ അവൻ വലിയ സന്തോഷത്തിലായിരുന്നു. എനിക്ക് യാതൊന്നും പറയാൻ നേരം തരാതെ നിനക്കൊരു സർപ്രൈസുണ്ടെന്നും പറഞ്ഞ് ഫോൺ അവൻ മാറ്റാർക്കോ കൊടുത്തു…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

സോഷ്യൽ മീഡിയയിലെ ഒരു വൈറൽ ചിത്രത്തിന്റെ കമന്റ്‌ ബോക്സിൽ നിന്നാണ് പഴയ സഹപാഠിയെ വർഷങ്ങൾക്ക് ശേഷം അവിചാരികമായി ഞാൻ വീണ്ടെടുക്കുന്നത്.

മൊബൈലും, ഇത്തരം പൊതു മീഡിയകളുമൊക്കെ ഇന്നിന്റെ നേട്ടമാണല്ലോ.. ഇതൊന്നും ഇല്ലാത്ത കാലത്തൊരു കത്ത് പോലും അയച്ചില്ലെങ്കിലും പരസ്പരം ഹൃദയത്തിൽ സൂക്ഷിച്ച് കാത്തിരുന്ന് കാണുന്ന ചിലരുണ്ടായിരുന്നു. എത്ര കാലം കഴിഞ്ഞാലും അവസാനിച്ച ഇടത്ത് നിന്ന് തന്നെ വീണ്ടും തുടങ്ങാൻ ശേഷിയുള്ള മനോഹരമായ സൗഹൃദങ്ങൾ…

ആന്റണി ഗോൺസാൽവസ് എന്ന പേര് കണ്ടപ്പോൾ തന്നെ എനിക്ക് അവനെ ഓർമ്മ വന്നു. പ്രൊഫൈലിൽ കയറി തപ്പിക്കളയാമെന്ന് വെച്ചാൽ പഹയൻ താഴിട്ട് പൂട്ടിയിരിക്കുന്നു. പണ്ടും അവന് ഇതേ സ്വഭാവമാണ്. ആകെയൊരു തുമ്പൊടിഞ്ഞ സ്കെയിലും, എലി കടിച്ചത് പോലെയൊരു റബറും മാത്രമേ ഉള്ളൂവെങ്കിലും തന്റെ ഇൻസ്‌ട്രുമെന്റ് ബോക്സ് മറ്റാരും തുറന്ന് നോക്കുന്നത് അവന് ഇഷ്ട്ടമേയായിരുന്നില്ല…

അന്ന്, ഞാനും അവനും ഒമ്പതാം ക്ലാസ്സിലായിരുന്നു. ആണിയാന്റണി എന്നാണ് അവന്റെ ഇരട്ടപ്പേര്. ഒരുനാൾ, ക്ലാസ്സ്‌ ടീച്ചർക്ക് പ്രേമലേഖനം കൊടുത്തതിന് ടീച്ചർ എന്നെ പിടിച്ച് പുറത്താക്കി. വീട്ടിൽ നിന്ന് ആളെ കൊണ്ട് വന്നതിന് ശേഷം ക്ലാസ്സിൽ കയറിയാൽ മതിയെന്നും പറഞ്ഞായിരുന്നു ടീച്ചർ ഗെറ്റ് ഔട്ട് അടിച്ചത്. ഇതൊക്കെ കണ്ട് ആന്റണി പിറകിലെ ബെഞ്ചിൽ യാതൊന്നും അറിയാത്തയൊരു പാവത്താനെ പോലെ തലകുനിച്ച് ഇരിപ്പുണ്ടായിരുന്നു…

കൊടുത്തത് അവൻ ആണെങ്കിലും അത് എഴുതിയത് ഞാനായിരുന്നു. എട്ട് സീയിലെ രേഷ്മാ ബീക്ക് കൊടുക്കാനാണെന്നും പറഞ്ഞാണ് ആന്റണി എന്നെക്കൊണ്ട് അന്നത് എഴുതിപ്പിച്ചത്. പക്ഷേ, അതിന്റെ മുകളിൽ മൈ ഡിയർ മിസ്സെന്ന് അവൻ കൂട്ടിച്ചേർത്തു. എഴുതിയ ആളുടെ പേര് വെക്കാത്ത ആ ലേഖനം ക്ലാസ്സിൽ മറന്നുവെച്ച ടീച്ചറുടെ പുസ്തകത്തിലായിരുന്നു അവൻ തിരുകിയത്. സുന്ദരിയും അതിബുദ്ധി മതിയുമായ ടീച്ചർ കൈക്ഷരം നോക്കി എന്നെ കയ്യോടെ പിടികൂടുകയായിരുന്നു. അതിൽ പിന്നെ ഞാൻ അവനോട് മിണ്ടിയിട്ടില്ല.

അച്ഛന്റെ തീ പാറുന്ന അടി അന്ന് മുഴുവൻ കൊണ്ടത് കൊണ്ടായിരിക്കണം ആന്റണിയോടുള്ള പിണക്കം പത്തിൽ നിന്ന് പിരിയുന്നത് വരെ മാറാതിരുന്നത്. പിന്നീട് അവന്റെ യാതൊരു വിവരവും ഇല്ലായിരുന്നു.

പലതും കണ്ടും കൊണ്ടും പ്രായം മൂത്തപ്പോൾ ഇടക്കൊക്കെ അവനെ ഞാൻ ഓർക്കാറുണ്ട്. ഓർത്തോർത്ത് ചിരിക്കും. ഒടുവിൽ, ഒരു കുസൃതി ക്ഷമിക്കാത്ത കാരണം കൊണ്ട് കൈവിട്ട് കളഞ്ഞ എന്റെ ആ ചങ്ങാതിയെ ഓർത്ത് കണ്ണ് നിറയും…

ചില നേരങ്ങളിൽ ക്ഷമിക്കാൻ തയ്യാറാകാത്തത് കൊണ്ട് മാത്രം നമുക്ക് എത്രയെത്ര പേരെയാണല്ലേ ആയുസ്സിൽ ജീവിച്ചിരിക്കെ നഷ്ട്ടപ്പെട്ട് പോകുന്നത്…

എന്തായാലും ആളെ കണ്ടുകിട്ടിയല്ലോ.. പിറ്റേന്ന് തന്നെ ആന്റണി എന്റെ റിക്വസ്റ്റ് സ്വീകരിച്ചു. ഞങ്ങൾ സംസാരിച്ചു. മറന്നതെല്ലാം ഞാൻ അവനെ ഓർമിപ്പിച്ചു. ആണിയാന്റണീയെന്ന് വിളിച്ച് തുടങ്ങിയ ആ ചാറ്റ് ഒരു മണിക്കൂറോളം നീണ്ടിരുന്നു…

അവന്റെ ശബ്ദം കനത്തിട്ടുണ്ട്. വിളിക്കാൻ പറഞ്ഞപ്പോൾ ഗൾഫിലാണെന്നും, വരുമ്പോൾ തീർച്ചയായും കാണാമെന്നും ആന്റണി ഉറപ്പ് നൽകി. ഹോ..! ഒടുക്കത്തെ ഇംഗ്ലീഷ്..! പണ്ട് വൗവെൽസ് എന്താണെന്ന് ചോദിച്ചപ്പോൾ വവ്വാലിനെ ഞാൻ കണ്ടിട്ടില്ലെന്ന് പറഞ്ഞ കക്ഷിയാണ്. എന്തായാലും അവനൊരു നല്ല നിലയിൽ ആയല്ലോയെന്ന് വൃത്തിയും വെടിപ്പുമുള്ള അവന്റെ ചില ഫോട്ടോസ് നോക്കിക്കൊണ്ട് ഞാൻ തനിയേ പറഞ്ഞു.

പ്രായം നാൽപ്പതായിട്ടും ആന്റണി പെണ്ണ് കെട്ടിയിട്ടില്ലായെന്ന് തോന്നുന്നു. കുടുംബ സമേതമുള്ള ഒരു ചിത്രവും അവന്റെ ഡിജിറ്റൽ ചുമരിൽ കാണുന്നില്ല. ഹാ.. ഏതുമാകട്ടെ… വരുമ്പോൾ കാണുമെന്നല്ലേ പറഞ്ഞത്.. കാത്തിരിക്കുക തന്നെ…

രണ്ടുമൂന്ന് നാളുകൾക്ക് ശേഷമുള്ള രാത്രിയിൽ ആന്റണിയുടെ അപ്പന് ഒരു അപകടം സംഭവിച്ചു. അവൻ വരുന്നു. ആശുപത്രിയിലെ ചിലവുകൾ ക്കായി കുറച്ച് പണവും ഏ.ബി നെഗറ്റീവ് രiക്തവും വേണമെന്ന് പറയാൻ അവൻ വിളിച്ചിരുന്നു. പണം തരപ്പെടുത്തി പറഞ്ഞ വിലാസത്തിലേക്ക് ഞാൻ അയച്ച് കൊടുത്തു. പക്ഷേ, രiക്തം…! അത് തരപ്പെടുത്താൻ എനിക്ക് സാധിച്ചിരുന്നില്ല.

സന്ധ്യയായി. എന്റെ നാട്ടിൽ നിന്നും മുപ്പത് കിലോമീറ്ററോളം മാറിയുള്ള ആശുപത്രിയിലാണ് ആന്റണിയുടെ അപ്പനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. മൂന്ന് മണിക്കൂറിനുള്ളിൽ രiക്തം വേണം. അവൻ എത്തിച്ചേരാൻ പുലർച്ചയാകുമെത്രെ. ഞാൻ വരുന്നത് വരെ നീ നോക്കണമെടായെന്ന് ആന്റണി പറഞ്ഞത് എന്റെ കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു…

അപ്പോഴാണ്, അറിഞ്ഞ് വിളിക്കുന്നത് പോലെ ആത്മാർത സുഹൃത്ത് മൊയ്തു എന്നെ ഫോണിൽ വിളിച്ചത്. ഞാൻ രക്തത്തിന്റെ കാര്യം പറഞ്ഞപ്പോൾ നീ ആശുപത്രിയിലേക്ക് എത്തുന്നതിന് മുമ്പ് താൻ തരപ്പെടുത്തിക്കൊള്ളാമെന്ന് അവൻ എനിക്ക് വാക്ക് തന്നു. എപ്പോഴും മൊയതു അങ്ങനെയാണ്. എന്നെയൊരു കാര്യങ്ങൾക്കും തളർന്ന് ഇരിക്കാൻ വിട്ടുകൊടുക്കില്ല. ഏത് പ്രതിസന്ധിയിലും എന്തെങ്കിലുമൊരു പരിഹാരം അവൻ കണ്ടെത്തും. ഞാൻ ധൃതിയോടെ ആശുപത്രിയിലേക്ക് ഇറങ്ങി.

സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതിന് തൊട്ട് മുമ്പ് എന്റെ ഫോൺ വീണ്ടും ശബ്ദിച്ചു. അതും ഞാൻ അടുത്തിടേ സോഷ്യൽ മീഡിയയിൽ നിന്നും വീണ്ടെടുത്ത മറ്റൊരു പഴയ സുഹൃത്തായിരുന്നു. ആന്റണിയെ പോലെ…

ഞാൻ അറ്റന്റ് ചെയ്തു. സംസാരിച്ചപ്പോൾ അവൻ വലിയ സന്തോഷത്തിലായിരുന്നു. എനിക്ക് യാതൊന്നും പറയാൻ നേരം തരാതെ നിനക്കൊരു സർപ്രൈസുണ്ടെന്നും പറഞ്ഞ് ഫോൺ അവൻ മാറ്റാർക്കോ കൊടുത്തു.

‘എടാ പെൻസിലേ.. നിനക്കെന്നെ ഓർമ്മയുണ്ടോടാ…’

അങ്ങേത്തലയിൽ നിന്ന് ഒരുവൻ ആഹ്ലാദത്തോടെ ചോദിച്ചതാണ്. പെൻസിൽ! അധികമാർക്കും അറിയാത്ത ഹൈസ്കൂൾ കാലത്തെ എന്റെ ഇരട്ട പേരായിരുന്നുവത്. പക്ഷേ, എന്നോട് സംസാരിക്കുന്നത് ആരാണെന്ന് മാത്രം എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല.

‘ശ്യാമളനാടാ.. മൈലാഞ്ചി ശ്യാമളൻ..’

എനിക്ക് ഓർമ്മ വന്നു. പെൺകുട്ടികളെ പോലെ എല്ലായിപ്പോഴും കൈകളിൽ മൈലാഞ്ചിയിട്ട് വരുന്ന സ്കൂളിലെ ഒരേയൊരു ആൺകുട്ടിയായിരുന്നു ശ്യാമളൻ.

‘എടാ മൈലാഞ്ചി….നീയോ…! കാര്യങ്ങളൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം. എനിക്കിപ്പോ സിറ്റി ഹോസ്പിറ്റലിലേക്ക് അർജന്റായി ഏ.ബി നെഗറ്റീവ് രiക്തം വേണം… ‘

“ആർക്കാടാ…!?”

‘നിനക്കറിയാം… നമ്മുടെ ആന്റണി. ആണിയാന്റണി. അവന്റെ അപ്പന് വേണ്ടിയാണ്. അവൻ വരുന്നുണ്ട്..’

“ആര്.. നമ്മുടെ ആന്റണി ഗോൺസാൽവസോ..!?”

‘അതെ..’

” എടാ… അതിനവൻ മരിച്ചുപോയിട്ട് ഏതാണ്ട് ആറ് വർഷമായല്ലോ…! “

എങ്ങനെയാണ് ആന്റണി മരിച്ചതെന്നൊക്കെ ശ്യാമളൻ വിവരിക്കുന്നു ണ്ടായിരുന്നു. പക്ഷെ, എന്റെ കാതുകളിൽ അതൊന്നും കൃത്യമായി എത്തുന്നുണ്ടായിരുന്നില്ല. തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ് ഫോൺ കട്ട്‌ ചെയ്തിട്ടും നെഞ്ചിലൊരു കനം… വർഷങ്ങൾക്ക് ശേഷം ആന്റണി എന്നെ വല്ലാതെ ഭയപ്പെടുത്തിയിരിക്കുന്നു. ഓർമ്മകളിൽ ആണി കൊണ്ട് കുiത്തിയത് പോലെ…

പഴയയൊരു സുഹൃത്തിനെ വീണ്ടെടുക്കാനുള്ള ധൃതിയുടെ മറുവശം ഞാൻ ഉപയോഗിക്കപ്പെട്ടതിൽ ആശ്ചര്യമില്ല. ആരോടും പരിഭവവുമില്ല. ആന്റണി മരിച്ച് പോയതിൽ എനിക്ക് അതീവ ദുഃഖം അനുഭവപ്പെട്ടു. എന്നെ അതിസമർത്ഥമായി കബളിപ്പിച്ച ആന്റണിയുടെ അപരനെ പിന്നീട് എത്ര തിരഞ്ഞിട്ടും കണ്ടെത്താനായില്ല .

അല്ലെങ്കിലും, മനുഷ്യരെന്നും തെറ്റിദ്ധരിച്ച് നില തെറ്റി വീണു പോകുന്നതും, വിഡ്ഢികളാകുന്നതും, വിദഗ്ധമായി ചൂഷണം ചെയ്യ പ്പെടുന്നതും, സ്നേഹത്തിന്റെ പേരിലാണല്ലോ…!!!

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

Leave a Reply

Your email address will not be published. Required fields are marked *