എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ഞാൻ വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് മകളോടും വിവാഹം കഴിക്കരുതെന്ന് പറഞ്ഞത്. അതിന്റെ പേരിൽ ഞാൻ കേൾക്കേണ്ടി വന്നതിന് കണക്കില്ല.
‘നിന്നെ പോലെ തന്നെ നിന്റെ മോളും വളരണമെന്നാണോ…?’
‘അതേ… എന്റെ മോള് എന്നെപ്പോലെ വളരുന്നത് തന്നെയാണ് സന്തോഷം…’
ബന്ധുവും കൂട്ടുകാരിയുമായ ഒരുവളോടുള്ള സംസാരമായിരുന്നു. ചൂണ്ടിക്കാണിക്കാൻ അച്ഛൻ ഇല്ലാതെ ഒരു കുഞ്ഞിനേയും പേറി നടന്ന എന്നെ ഓർത്തായിരിക്കണം അവൾ അങ്ങനെ പറഞ്ഞത്. സാരമില്ല. അതിൽ ഒരു മാനക്കേടും ഞാൻ കാണുന്നില്ല. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദമില്ലാത്ത കൂട്ടുകാരിയോട് കൂടുതൽ സംസാരിച്ചുമില്ല. എന്റെ പൊന്ന് മോൾ എവിടെയും ബന്ധിക്കപ്പെടാൻ പാടില്ല. അത്രയേ ആഗ്രഹിക്കുന്നുള്ളൂ…
‘അമ്മേ, അവന് കാര്യങ്ങളെല്ലാം അറിയാം. നമ്മള് കെട്ടാൻ പോകുവാ… അമ്മയും വരണം…’
കരുതിയത് പോലെ തന്നെ മക്കൾ വളരണമെന്ന് മാതാപിതാക്കൾക്ക് ആഗ്രഹിക്കാനല്ലേ പറ്റൂ… നിന്റെ ഇഷ്ടം പോലെയെന്ന് പറഞ്ഞ് ഞാൻ അവളെ ആശ്വസിപ്പിച്ചു. നാളുകൾ കഴിയുന്തോറും അവളുടെ സന്തോഷം കൂടി വന്നു. ഭാര്യയാകാനും, അമ്മയാകാനും, ആരുടെയൊക്കെയോ ബന്ധു ആകാനും പെണ്ണ് കൊതിക്കുന്നു. ഒരുങ്ങാൻ, ചമയാൻ, ഒരു മൂളിപ്പാട്ടും പാടി രാത്രി മഴ കൊള്ളാൻ മോഹിക്കുന്ന പെണ്ണായി മാറിയിരിക്കുന്നു.
പാവം കുട്ടി. സ്വപ്നവും ജീവിതവും തമ്മിൽ കണക്കെടുക്കാൻ പറ്റാത്ത അത്രത്തോളം ദൂരമുണ്ടെന്ന് അറിയാതെ പോയി. അറിയിക്കാൻ ശ്രമിക്കുന്തോറും ഞാൻ തൊറ്റും പോയി. പെണ്ണിന് കൗതുകമാണ്. എന്താണെന്ന് അറിയാത്ത സമ്മാനപ്പൊതിക്കുള്ളിൽ കണ്ണിട്ട് നോക്കാനുള്ള തിടുക്കമാണ്. ആഗ്രഹിച്ചതല്ല അകത്തെന്ന് അറിയുമ്പോൾ അലഞ്ഞ് പോകാതിരുന്നാൽ മതിയായിരുന്നു. ബന്ധത്തിൽ വലഞ്ഞ് തീരാതിരുന്നാൽ മതിയായിരുന്നു…
വിവാഹത്തിന് ഞാനും പോയിരുന്നു. ഭയപ്പെടുന്നത് പോലെ യാതൊന്നും സംഭവിക്കാതിരിക്കട്ടെയെന്ന് പ്രാർത്ഥിച്ചു. എന്റെ മോൾക്ക് അവളുടെ ഇഷ്ടത്തിനൊത്ത് ജീവിക്കാൻ പറ്റട്ടെ. മടുക്കാതിരിക്കട്ടെ…
‘അമ്മേ… ഞങ്ങൾ ഊട്ടിയിലാ…!’
”അമ്മേ… ഞങ്ങൾ ഉഗാണ്ടയിലാ…”
തുടർന്നുള്ള നാളുകളിൽ പെണ്ണിന്റെ സന്തോഷമൊന്ന് കാണേണ്ടത് തന്നെയായിരുന്നു. ഉഗാണ്ടയിലെ വിക്റ്റോറിയ തടകത്തിൽ നിന്നാണ് നൈൽ നദി തുടങ്ങുന്നതെന്നൊക്കെ പറയുമ്പോൾ ശബ്ദം കിലുങ്ങുന്നു. എന്റെ കൂടെ ഉണ്ടായിരുന്നതിലും കൂടുതൽ മോള് സന്തോഷിക്കുക യാണെന്ന് തോന്നിപ്പോയി. തുടരട്ടെ… യാത്രകൾ എപ്പോഴും അവൾക്ക് ആനന്തമാണ്. രാജ്യത്തിനകത്ത് എത്രയെത്ര യാത്രകൾ ഞങ്ങൾ നടത്തിയിരിക്കുന്നു. അതിന്റെ ചിറക് പെണ്ണിൽ കാണാതിരിക്കില്ലല്ലോ…
‘അമ്മേ… ഞാൻ പ്രെഗ്നന്റാണ്… പക്ഷേ…’
ആഗ്രഹങ്ങൾ ഓരോന്നായി സാധിച്ച് ജീവിക്കുന്ന അവളിലെ ആ ‘പക്ഷേ’, ഞാൻ പ്രതീക്ഷിച്ചത് തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞപ്പോഴേക്കും അവർക്ക് തമ്മിൽ മടുത്തിരിക്കുന്നു. പിരിയാൻ പോകുകയാണ് പോലും.
‘കുഞ്ഞ്….?’
”ഞാൻ വളർത്തും… “
നിന്റെ യുക്തി പോലെ തീരുമാനിക്കെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. എന്നോടൊന്നും പറയേണ്ടായെന്നും, ഇങ്ങോട്ട് പോരെന്നും ചേർത്തിരുന്നു. കൂടുതലായി ഞാനെന്ത് സംസാരിക്കാൻ…! ദേഷ്യവും, സങ്കടവുമൊക്കെ തോന്നി. അമ്മയെന്ന അനുഭവത്തിൽ നിന്ന് ഞാൻ പറഞ്ഞതല്ലേ… വേണ്ടായെന്ന് ഓതിയോതി കൊടുത്തതല്ലേ…
എന്തായാലും, ഞാൻ ഉള്ളത് കൊണ്ട് വർഷങ്ങൾക്ക് മുമ്പുള്ള എന്റെ അവസ്ഥയിലേക്ക് മകള് പോകില്ല…
ഓർക്കുകയാണ്. ഒളിച്ചോടിയ ആ രാത്രിയെ… സ്വർഗ്ഗമാണ് ലോകമെന്ന് തോന്നിപ്പിച്ച എത്രയോ നിമിഷങ്ങളെ… ഏതോ പട്ടണത്തിന്റെ ഒത്ത നടുവിൽ എന്നെ ഉറക്കിയിട്ട് അയാൾ വീണ്ടും ഒളിച്ചോടി. ആരുടെ കൂടെയെന്ന് അറിയില്ല. അന്ന് എന്റെ വയറിന് നാല് മാസം പ്രായം ഉണ്ടായിരുന്നു. ശേഷമുള്ള പത്തിരുപത് നാളുകളിൽ പ്രാന്ത് വരാതിരുന്നത് മോളുടെ ഭാഗ്യം. വിശ്വസിക്കാൻ കൊള്ളാത്ത ഈ ലോകത്തെ കൃത്യമായി അറിഞ്ഞു.
ഓർക്കുകയാണ്. എന്റെ വാശിയെ. കൊഞ്ഞനം കുത്തിയവരോടെല്ലാം പുഞ്ചിരിച്ച എന്റെ ചിറികളെ… എവിടേക്ക് വേണമെങ്കിലും പാറാനുള്ള ചിറകുകളെ… തുടർന്നുള്ള ജീവിതം ആഘോഷിച്ചിട്ടേ ഉള്ളൂ… അതിനാണ് ജീവനെന്ന് കരുതിയിട്ടേയുള്ളൂ…. എന്റെ മോളും അങ്ങനെ തന്നെ ആയിരിക്കണമെന്ന് ആഗ്രഹിച്ചു. പക്ഷേ…
എന്തായാലും അവർ തമ്മിൽ പിരിയാൻ തീരുമാനിച്ചത് നന്നായി. ചിറകുകൾ അരിഞ്ഞ് കൂട്ടിലിരുത്താമെന്നല്ലാതെ ഒരിക്കൽ പാറിയവരെ ആർക്കും തളച്ചിടാൻ പറ്റില്ല. അതാണ് സ്വാതന്ത്ര്യത്തിന്റെ ലഹരി. ജീവിതത്തിന്റെ പരമാനന്ദവും അതിൽ തന്നെ. എന്റെ മോളെ ഞാൻ പാറാൻ പഠിപ്പിച്ചിട്ടുണ്ട്. വൈകാതെ അവൾ തിരിച്ചെത്തുകയും ചെയ്യും…
നാളുകൾ മറിഞ്ഞു. മകളുടെ യാതൊരു വിവരവും ഇല്ല. വിളിക്കുമ്പോഴൊക്കെ തിരക്കിലാണെന്ന് പറയും. നിലവിൽ എവിടെയാണ് ഉള്ളതെന്ന് പോലും തുറന്ന് പറയുന്നില്ല. മാസങ്ങൾ ഓരോന്നായി അതേ രീതിയിൽ കടന്ന് പോയപ്പോൾ ഭയം തോന്നിയി. കുഞ്ഞ് വരാനുള്ള നേരവുമായി. അല്ല! അവളൊരു ആൺകുഞ്ഞിനെ പ്രസവിച്ചു. ആ മുഖം കാണാൻ കൊതിയോടെ കാത്തിരിക്കുകയാണ് ഞാൻ.
ഏതൊരു പെണ്ണിനെ സംബന്ധിച്ചിടത്തോളം അത്രത്തോളം പ്രയാസമുള്ള വേളകളാണ് പ്രസവത്തിന് മുമ്പും പിമ്പുമുള്ള നേരങ്ങളെല്ലാം. ഈ സാഹചര്യത്തിലൊന്നും ഞാൻ വേണ്ടായെന്ന് വെക്കുന്നതിന്റെ കാരണം എന്തായിരിക്കും! അത്രത്തോളം മോള് എന്നെ മറന്നുവോ… അതോ, എന്നെ നേരിടാനുള്ള മടിയോ…
‘അമ്മാ… ആ കതകൊന്ന് തുറക്ക്…’
മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് അങ്ങനെയൊരു ശബ്ദം കാതുകളിൽ വീണത്. മോള് വന്നിരിക്കുന്നു. കട്ട് ചെയ്യാത്ത ഫോണുമായി കതക് തുറക്കുമ്പോൾ ഞാൻ അമ്മൂമ്മയായിരുന്നു…
‘നോക്കമ്മേ… എന്തെങ്കിലും മാറ്റമുണ്ടോ?’
അതേ കുസൃതിയോടെ മോള് ചിരിക്കുന്നു. കുഞ്ഞ് മാത്രമല്ല. അവളുടെ ഭർത്താവുമുണ്ട്. പഴയ ആൾ തന്നെ. പിരിഞ്ഞെന്ന് പറഞ്ഞവരെ വീണ്ടും ഒരുമിച്ച് കണ്ടതിന്റെ സംശയം മുഖത്താകെ പടർന്നു.
‘അത് അമ്മേ… ഈ കല്ല്യാണം, ബന്ധുക്കൾ, ഉപദേശങ്ങൾ… മടുത്തപ്പോൾ നമ്മള് ഡിവോഴ്സായി. പക്ഷേ, പിരിയാനൊന്നും തോന്നിയില്ല. ജീവിതം അടിപൊളിയാണ് അമ്മേ…’
അവളുടെ കൈയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി മുത്തുമ്പോഴാണ് അവളത് പറഞ്ഞത്. എനിക്കൊന്നും മനസ്സിലായില്ല. കവിളിലേക്ക് കവിഞ്ഞ കണ്ണീരും തുടച്ച് അകത്തേക്ക് നടന്നു. അവർ പിന്തുടരുകയാണ്. ഈ പിള്ളേരുടെ ഓരോ കാര്യങ്ങൾ! വിവാഹം കഴിക്കണമെന്ന് തോന്നുക. മടുക്കുമ്പോൾ പിരിയുക. ശേഷവും, ഒരുമിച്ച് തുടരുക. ഇതിൽ നിന്നും മടുക്കുമോയെന്ന് ഞാൻ അവളോട് ചോദിച്ചു. മുൻവിധി എന്തിനാണെന്ന് അവളും ആരാഞ്ഞു.
ശരിയാണ്. മുൻവിധികൾ ഇല്ലാതെ തൊട്ടുരുമ്മി തുടരാൻ പറ്റുന്ന ബന്ധങ്ങളെന്നും മുതൽക്കൂട്ടാണ്. ഞാനും തിരുത്തേണ്ടിയിരിക്കുന്നു. വിവാഹം കഴിച്ചാലും ഇല്ലെങ്കിലും പങ്കിടാൻ തിരഞ്ഞെടുക്കുന്ന മനുഷ്യരെ പോലെയുണ്ടാകും ജീവിതം. തലമുറകളുടെ സാമ്പത്തിക കൈമാറ്റങ്ങൾക്കാണ് പ്രധാനമായും വിവാഹങ്ങളെന്ന് അറിയാത്തത് കൊണ്ടല്ല. ഒരു സ്ത്രീയ്ക്കും പുരുഷനും നിരന്തരമായി സ്നേഹിക്കാൻ അതൊരു വിഷയമേയല്ല എന്നാണ് പറയുന്നത്. നാട്ടുകാർ എന്ത് പറയുമെന്ന് കരുതി ശ്വസിക്കുന്നവർക്ക് ഉൾക്കൊള്ളാൻ പറ്റിയെന്ന് വരില്ല. തന്റേതും കൂടിയാണ് ഭൂമിയെന്ന് തോന്നുന്നവരും ഉണ്ടാകുമല്ലോ…
ബന്ധങ്ങളാണ്. തെറ്റിയെന്ന് തോന്നുന്ന താളത്തിൽ തുടരാതിരിക്കാനുള്ള ആർജ്ജവം ഏർപ്പെടുന്നവർക്ക് ഉണ്ടാകണം. സ്വയം മൂളാൻ പോലും തോന്നാത്ത പാട്ടുകളായി ആരും മാറരുത്. മോളെ കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. സ്വപ്നവും ജീവിതവും തമ്മിൽ കണക്കെടുക്കാൻ പറ്റാത്ത അത്രത്തോളം ദൂരമൊന്നും ഇല്ലെന്ന് അറിയുന്നുമുണ്ട്. അല്ല. അവൾ അറിയിക്കുന്നുണ്ട്…!!!