എഴുത്ത് :- സൽമാൻ സാലി
” ഇക്കാ ഇന്ന് ഇങ്ങള് ന്നെ ബസ് സ്റ്റോപ്പിൽ വിട്ടാൽ മതി ട്ടോ .. പരീക്ഷക്ക് ഞാൻ ഒറ്റക്ക് പൊയ്ക്കോളും ..!!!
ഷഹീനെ കെട്ടാൻ നേരം ഓൾടെ വാപ്പ ഒറ്റ കാര്യമേ പറഞ്ഞുള്ളു ഓൾടെ പഠിപ്പ് മുഴുമിപ്പിക്കാൻ സമ്മതിക്കണം .. അങ്ങിനാണ് കല്യാണം കഴിഞ്ഞു മൂന്നാം ദിവസം മുതൽ ഓള് കോളേജിൽ പോകാൻ തുടങ്ങിയത് ..
എന്നും ബൈക്കിൽ ഓളെ കോളേജിൽ കൊണ്ട് വിടുമ്പോൾ കാണുന്ന കുട്യോൾക് എല്ലാം ഭയങ്കര മൊഞ്ചാണ് .. അല്ലേലും ഞമ്മള് ഒരു ഹോട്ടലിൽ കേറി ബിരിയാണി ഓർഡർ ചെയ്ത് കഴിക്കുമ്പോൾ അപ്പുറത്തിരുന്നു കടലക്കറിയും പൊറോട്ടയും തിന്നുന്നത് കാണുമ്പോൾ തോന്നും അതിനാണ് ബിരിയാണിയേക്കാൾ രുചി എന്ന് ..
ഒരു മാസം കഴിഞ്ഞപ്പോ ഓൾക് പരീക്ഷ വന്നു .. പരീക്ഷ എഴുതാനുള്ള സെന്റർ കുറച്ചു ദൂരെ ആയതുകൊണ്ടും എനിക്ക് കാര്യമായിട്ട് ഒരു പണിയും ഇല്ലാത്തതുകൊണ്ടും ഞാൻ കൊണ്ട് വിടാം എന്ന് പറഞ്ഞു .. അപ്പൊ ഓൾക് ഒരു നിർബന്ധം എന്തായാലും വണ്ടിയിൽ അല്ലെ പോകുന്നെ ഓൾടെ മൂന്ന് കൂട്ടുകാരികളെയും കൂടെ കൊണ്ട് പോകണം എന്ന് ..
ഓൾടെ മൂന്ന് കൂട്ടുകാരികളിൽ രണ്ടുപേരെ എനിക്കുവേണ്ടി കല്യാണം ആലോചിച്ചതായിരുന്നു .. പക്ഷെ അവർക്ക് എന്നെ കിട്ടാനുള്ള യോഗം ഇല്ലാത്തതുകൊണ്ട് കല്യാണം നടന്നില്ല .. അത് ഇപ്പോഴും ഷാഹി പറയും അവരുടെ ഒക്കെ ഒരു ഭാഗ്യം എന്ന് ..
ഏതായാലും അവരുടെ മുന്നിൽ ഒന്ന് ഷൈൻ ചെയ്യണമല്ലോ .. എന്നെ കിട്ടാത്തത് ഓർത്ത് അവർ ഖേദിക്കണം .. അങ്ങിനെ കരുതിയാണ് അവരെ കൂട്ടി കൂൾബാറിൽ കയറി മുട്ട പപ്സും ലൈം ജ്യൂസും ഓർഡർ ചെയ്തു .. കുറച് ആർഭാടം ആവട്ടെ എന്ന് കരുതി അഞ്ച് പേർക്ക് പത്ത് മുട്ട പപ്സ് ഓഡർ ചെയ്തത് … അവരണേൽ പുതിയാപ്പിള ആദ്യമായി പെണ്ണിന്റെ വീട്ടിൽ വന്നപൊലെ ഓരോ പപ്സും തിന്ന് പാതി ലൈമും കുടിച്ചു നിർത്തി ..
ഏതായാലും ഓർഡർ ചെയ്തതല്ലേ എന്ന് കരുതി ബാക്കി വന്ന അഞ്ച് പപ്സും തിന്ന് എക്സ്ട്രാ ഒരു ലൈമും കുടിച്ചു ഞങ്ങൾ ഇറങ്ങിയത് ..
പാവം അവർ ഇപ്പൊ മനസ്സിൽ കരുതുന്നുണ്ടാകും എന്നെ കെട്ടിയിരുന്നേൽ എത്ര പപ്സും ലൈമും കുടിക്കാമായിരുന്നു എന്ന് ..
പിറ്റേ ദിവസമാണ് കെട്യോള് പറയുന്നത് ബസ് സ്റ്റോപ്പിൽ വിട്ടാല് മതി എന്ന് ..
” അല്ലെടി ഷാഹി .. ഞാൻ വണ്ടിയിൽ കൊണ്ട് വിടാം ഞമ്മക്ക് പപ്സും ലൈമൊക്കെ കുടിച്ചു അടിച്ചു പൊളിച്ചു പോരാലോ ..!!
” ഹും ഇങ്ങളെ ഒരു പപ്സും ലൈമും .. ഇങ്ങളെ ഇന്നലത്തെ പപ്സ് തീറ്റ കണ്ടിട്ട് അവർ പറയുവാ അവർ ഇനി നമ്മളോട് വരുന്നില്ല എന്ന് ..!
” അതെന്തേ .. അവർക്ക് പപ്സ് ഇഷ്ട്ടായില്ലേ ..?
” പപ്സ് ഇഷ്ട്ടാവാഞ്ഞിട്ടല്ല .. വിശന്ന് കഴിഞ്ഞാൽ ഇങ്ങള് ചിലപ്പോ അവരെ പിടിച്ചു തിന്നാലോ എന്ന് ..
അതോണ്ട് ഇങ്ങള് ന്നെ ബസ് സ്റ്റോപ്പിൽ വിട്ടാല് മതി …
ശ്ശെടാ .. ഇന്ന് പഴം പൊരിയും നാരങ സോഡയും വാങ്ങി കൊടുത്തു അവരെ സങ്കടത്തിൽ ആക്കാം എന്ന് കരുതിയതാണ് ..
പിന്നെ ഒന്നും നോകീല ഓളെ ബസ് സ്റ്റോപ്പിൽ വിട്ട് വരുന്ന വഴി രണ്ട് പഴം പൊരിയും നാരങ സോഡയും കുടിച്ചു ഞാനിങ് പോന്നു ..
അവർക്ക് പഴം പൊരി തിന്നാൻ യോഗമില്ലാ അല്ലാതെന്ത് പറയാൻ …

