Story written by Adam John
ഞങ്ങടെ തറവാട്ടിൽ പാരമ്പര്യമായി പെൺകുഞ്ഞുങ്ങളുണ്ടാവുന്നത് കുറവാരുന്നു. അഞ്ചോ ആറോ ആൺ കുഞ്ഞുങ്ങളുണ്ടായാൽ ആണ് കണ്ണ് വെക്കാതിരിക്കാൻ പേരിനൊരു പെങ്കൊച്ചിനെ ദൈവം കൊടുക്കാ.
ഇന്നത്തെപ്പോലെ വാട്സാപ്പും ഫേസ്ബുക്കും ഒന്നും ഇല്ലാരുന്നല്ലോ അതോണ്ടന്നെ ആർക്കാണാ ഭാഗ്യം ലഭിക്കുകയെന്നതൊക്കെ ചിന്തിച്ചും ചർച്ച ചെയ്തൊക്കെയുമാരുന്നു അന്നൊക്കെ തറവാട്ടിലെ അംഗങ്ങൾ സമയം കൊല്ലിയിരുന്നത്.
അതോടൊപ്പം തന്നെ പെങ്കൊച്ചുങ്ങൾ ഇല്ലാത്തതിനാൽ വീട്ട് ജോലികളിൽ ഒപ്പം കൂടുകയെന്നത് തറവാട്ടിലെ ആണുങ്ങൾക്ക് ഒഴിച്ചു കൂടാൻ പറ്റാത്ത കാര്യവാരുന്നു. പക്ഷെ ഫേസ് ബുക്കൊന്നും ഇല്ലാത്ത ഒരൊറ്റ കാരണത്താൽ അതെപ്പറ്റി പോസ്റ്റിട്ട് വൈറലാവാൻ ഉള്ള അവസരങ്ങൾ വല്യപ്പച്ചനോ അമ്മാവനോ ഇല്ലാതെ പോയി.
അല്ലെങ്കി തുണി അലക്കാൻ തുനിഞ്ഞ വൃദ്ധന് സംഭവിച്ചതറിഞ്ഞാൽ നിങ്ങൾ ഞെട്ടും. തേങ്ങാ ചിരവിയ യുവാവിന് സംഭവിച്ചത് എന്താണെന്നറിയണ്ടേ എന്നൊക്കെ ആയി അവരൊക്കേം ഫേസ്ബുക്കിൽ തിളങ്ങി നിന്നേനെ.
ഫേസ്ബുക്കിൽ ഇതിനൊക്കെ ആരാധകരുണ്ടേലും നാട്ടിലെ കാര്യം മഹാ കഷ്ടവാണ്. വീട്ടുജോലികളിൽ സഹായിക്കുന്നവരെ കാണുമ്പോ ചില നാട്ട്കാര് തെ ണ്ടികൾക്ക് മഹാ പുച്ഛവാ. നാട്ടുകാരുടെ കാര്യം പോട്ടെന്ന് വെക്കാ. വല്ലപ്പോഴും നാട്ടിൽ നടക്കുന്ന സകല കാര്യങ്ങളും തലേൽ ഏറ്റിക്കൊണ്ട് വീട് തോറും പരദൂഷണം വിൽക്കാൻ ചെല്ലുന്ന ചില ചേച്ചിമാരുണ്ട്. പഴയ സിനിമേലൊക്കെ ഫിലോമിന ചേച്ചി അവതരിപ്പിക്കുന്ന കഥാ പാത്രങ്ങളുടെ കൂട്ടുള്ള രൂപവും ഭാവവും ആരിക്കുമവർക്ക്. അവരുടെ കണ്ണിൽ പെട്ടാൽ പിന്നെ തീർന്ന്.
ഇതെന്താപ്പോ കഥ. ആണുങ്ങളെ കൊണ്ട് വീട്ടുജോലി എടുപ്പിക്കോ ആരേലും. കലികാലം എന്നല്ലാണ്ടിപ്പോ എന്താ പറയാന്നൊക്കെ പറഞ്ഞോണ്ട് മൂക്കത്ത് വിരൽ വെക്കും.
ഒരു ദിവസം വല്യപ്പച്ചൻ പശുവിനെ അഴിച്ചു കെട്ടാൻ പോയേക്കുവാരുന്നു. തിരികെ വരുമ്പോ നല്ല ചൂട് കഞ്ഞിവെള്ളം കുടിക്കുന്നൊരു സ്വഭാവമുണ്ട് വല്യപ്പച്ചന്. വല്യപ്പച്ചനുള്ള വെള്ളം എടുത്തു വെച്ചോണ്ട് അമ്മാവനോട് പറഞ്ഞേൽപ്പിച്ചു മേല് കഴുകാനായി പോയേക്കുവാരുന്നു വല്യമ്മച്ചി. അമ്മാവൻ തന്റെ ജോലിയായ തേങ്ങാ ചിരവാനുള്ള തയാറെടുപ്പിലാരുന്നു.
അമ്മാവന്റെ തേങ്ങാ ചിരവൽ നല്ല രസാണ്. ചിരവുന്നതിന്റെ പാതിയും അമ്മാവന്റെ വയറ്റിലോട്ടാവും പോവാ.
ഇങ്ങനെ പോയാൽ തെങ്ങിലെ തേങ്ങായൊക്കെ വീട്ടാവശ്യത്തിനെ തികയുള്ളൂ എന്ന് പേടിച്ച വല്യപ്പച്ചൻ വീട്ടിലിനി തേങ്ങാ കൊണ്ടുള്ള വിഭവങ്ങൾ വേണ്ടെന്ന് പറഞ്ഞെങ്കിലും വല്യമ്മച്ചിക്ക് അത് പിടിച്ചില്ല. ഫേസ്ബുക്കിന് ഇൻസ്റ്റാ പോലെയാണ് വല്യമ്മച്ചിക്ക് തേങ്ങയും. എന്തുണ്ടാക്കുവാണേലും അതിലിച്ചിരി തേങ്ങ ചേർക്കും. സിങ്കപ്പൂരിൽ ജോലിയുണ്ടാരുന്ന ഷേർലിയാന്റി ഒരിക്കൽ വല്യമ്മച്ചിക്ക് നൂഡിൽസ് ഉണ്ടാക്കി കാണിക്കുവാരുന്നു. ഏതാണ്ട് പാകമായി വന്നപ്പോഴുണ്ട് വല്യമ്മച്ചി സ്വല്പം തേങ്ങാ ചിരവിയതെടുത്തോണ്ട് അതിലേക്കിടുന്നു. എന്നാലേ രുചിയുണ്ടാവത്തുള്ളൂ എന്നാണ് വല്യമ്മച്ചി പറയാ. അതിൽ തന്നെ മനസ്സിലാക്കാലോ വല്യമ്മച്ചിയുടെ തേങ്ങാ ഭ്രമം.
ചിരവിക്കൊണ്ടിരിക്കെ അമ്മാവനൊരു തുമ്മൽ വന്നതും വായിലുള്ള തേങ്ങാ മുഴുവനും ചുറ്റിനും തെറിച്ചു പൂക്കളം തീർത്തതും ഒരുമിച്ചാരുന്നു. ബാക്കി യുള്ളത് വല്യപ്പച്ചന് വേണ്ടി വെച്ചാരുന്ന കഞ്ഞി വെള്ളത്തിലേക്കും വീണു. പശുവിനെ അഴിച്ചുകെട്ടി വന്ന വല്യപ്പച്ചൻ വെള്ളമെടുത്ത് കുടിക്കാൻ നോക്കുമ്പോ ദേ കിടക്കുന്നു വെള്ളത്തിൽ തേങ്ങാ ചിരവിയത്. വല്യമ്മച്ചിയുടെ പണിയാണെന്നാണ് വല്യപ്പച്ചൻ കരുതിയെ. ഇവളെക്കൊണ്ട് വല്യ ശല്യവായല്ലോ എന്നോർത്തോണ്ട് വല്യപ്പച്ചനത് മുഴുവനും വലിച്ചു കുടിക്കേം ചെയ്തു. എന്നിട്ടൊരു ഏമ്പക്കവുമിട്ടോണ്ട് അകത്തോട്ട് കേറിപ്പോയി.
പണിയെടുക്കാനുള്ള മടിയും വീട് കേറി വരാറുണ്ടാരുന്ന ചില ഫിലോമിനമാരുടെ പരിഹാസങ്ങളും സഹിക്ക വയ്യാതെ ആയപ്പോഴാണ് അമ്മാവൻ തനിക്ക് കിട്ടുന്ന കരാറുകൾ ചെറിയൊരു സംഖ്യ പ്രതിഫലമായി നിശ്ചയിച്ചു കൊണ്ട് ഞങ്ങള് കുട്ടികൾക്ക് വീതിച്ചു നൽകാൻ തുടങ്ങിയത്. വല്യമ്മച്ചിയുടെ കോന്തലയിൽ നിന്നോ വല്യപ്പച്ചന്റെ പേഴ്സിൽ നിന്നോ അടിച്ചു മാറ്റിയാണ് അതിനുള്ള സംഖ്യ കണ്ടെത്തിയിരുന്നത്. അതോണ്ട് തന്നെ മീൻ വെട്ടാനും തേങ്ങാ ചിരവാനും അയയിൽ തുണി വിരിക്കാനും ഉണങ്ങിയവ എടുത്ത് അടുക്കി വെക്കാനുമൊക്കെ തുടങ്ങി ഒട്ടുമിക്ക ജോലികളും ചെറിയ പ്രായത്തിലെ ഞങ്ങളും പഠിച്ചാരുന്നു.
പെണ്ണ് കെട്ടിയ പാടെ ഭാര്യമാരുടെ മുന്നിൽ ഹീറോയാവാൻ പലരും പലതും പറയുമല്ലോ. കല്യാണം കഴിഞ്ഞ പുതുക്കത്തിൽ അമ്മാവനും അമ്മായിയോട് ഇക്കാര്യങ്ങൾ ഒന്ന് സൂചിപ്പിച്ചാരുന്നു. അമ്മായിയത് അത്ഭുതത്തോടെ കേട്ടിരിന്നപ്പോ അമ്മാവനാവേശം കൂടുകയും ഉള്ളതിൽ സ്വല്പം കൂട്ടിപ്പറയുകയും ചെയ്തു.
അതവിടെ തീർന്നെന്നാ അമ്മാവൻ കരുതിയെ. വീട് മാറി താമസിക്കാൻ തുടങ്ങിയ കാലത്തൊരു ദിവസം അമ്മായി അമ്മാവനോട് പറയാണ്. പഠിച്ച പണികളൊക്കെ ഓരോന്നായി ചെയ്ത് കാണിക്കാനുള്ള സമയമായെന്ന്. അതെങ്ങിനെ ശരിയാവുമെന്ന് അമ്മാവൻ ചോദിച്ചപ്പോ അമ്മായി പറഞ്ഞത് കേട്ടാൽ നിങ്ങളും ഞെട്ടും. നിങ്ങള് ചുമ്മാ ഇരുന്നോളൂ കാശ് തരുവാണേൽ ഞാൻ ചെയ്തോളാമെന്നാരുന്നു അമ്മായിയുടെ മറുപടി. ചുരുക്കി പ്പറയാലോ ഇപ്പോ ഓരോ പണിക്കും വേവ്വേറെ കൂലിയാണ്. അത് കൊടുക്കാൻ വേണ്ടി മാത്രവാ അമ്മാവൻ പണിക്ക് പോവുന്നതും. തരാൻ പറ്റുകേലന്ന് പറഞ്ഞാൽ എങ്കിൽ പിന്നെ തന്നത്താനേ ചെയ്തോളൂന്നാവും അമ്മായിടെ മറുപടി.
ഇപ്പോ അമ്മാവന്റെ റിംഗ് ടോൺ തന്നെ ഈയൊരു പാട്ടാണ്. എന്തൊരു വിധിയിത് വല്ലാത്ത ചതിയിത്.