എഴുത്ത്:- ശ്രീജിത്ത് ഇരവിൽ
‘എനിക്ക് അറിയാമായിരുന്നു നിങ്ങളൊരുനാൾ തിരിച്ചുവരുമെന്ന്….!’
അങ്ങനെ പറഞ്ഞുകൊണ്ട് തന്നെ ഞാൻ അയാളുടെ മാ റിലേക്ക് അമർന്ന് ആ ചുരുൾ രോമങ്ങളിലേക്ക് മുഖം ചേർത്തു. വസന്തത്തിലേക്ക് തല പൂഴ്ത്തി ഉറങ്ങുന്നയൊരു കുരുവിയെ പോലെ ഞാൻ അവിടെ എന്റെ കൊക്കുകൾ ഉരുമി.
അയാൾ എഴുത്തുകാരനും അനാഥനും ഊരുതെ ണ്ടിയുമാണ്. അയാളുടെ വാക്കുകൾക്ക് ഇരുമ്പുപോലെ ഉറച്ച ഉള്ളിനെ പോലും പിടിച്ചെടുക്കാനുള്ള കാന്തികതയുണ്ട്. അങ്ങനെയൊരു യാത്രയിൽ ആ സംസാരത്തിൽ വീണുപോയവളാണ് ഞാനും.
‘എന്റെ ശരീരം മടുത്താൽ നിങ്ങളെന്നെ തേടിവരില്ലേ..!?’
ഇല്ലെന്നും പറഞ്ഞ് അയാൾ എഴുന്നേറ്റു. കട്ടിലിലേക്ക് ഞാനുമായി വീണപ്പോൾ പറിച്ചെറിഞ്ഞ മുണ്ടെടുത്ത് ഉടുക്കുമ്പോൾ താനിന്ന് തന്നെ പോകുമെന്നും പറഞ്ഞു. അപ്പോഴെന്റെ മുഖമൊരു ഇരുണ്ട മാനമായി മാറുന്നത് അയാൾ കണ്ടില്ല. ഞാൻ അത് കാണിച്ചില്ലായെന്ന് പറഞ്ഞാലും ശരിയാണ്.
അഴിഞ്ഞ് വീണ സാരിയെടുത്ത് ചുറ്റിക്കെട്ടി ഞാൻ അടുക്കളയിലേക്ക് നടന്നു. അയാൾക്ക് പോകും മുമ്പേ കഴിക്കാനുള്ളതെല്ലാം ഒരുക്കി. കുളികഴിഞ്ഞ് ആഹാരവും കഴിച്ച് ഒന്നുകൂടി എന്നിൽ കിതച്ച് അയാൾ പോയി. കതക് കടക്കുമ്പോൾ എന്റെ മുഖത്ത് പതിപ്പിച്ച ചുംബനങ്ങളേയും തടവിക്കൊണ്ട് ഞാൻ പിന്നേയും ആ ഫ്ലാറ്റ് മുറിയിൽ ഒറ്റക്കായി.
ജില്ലാ കോടതിയിൽ അത്യാവശ്യം തിരക്കുള്ളയൊരു വക്കീലാണ് ഞാൻ. അതുകൊണ്ട് തന്നെ പതിമൂന്ന് വർഷങ്ങൾക്കുമുമ്പ് കുട്ടികൾ ഉണ്ടാകാത്തതിന്റെ കാരണത്തിൽ എന്നും വഴക്ക് കൂടുന്ന ഭർത്താവിനെ ഒഴിവാക്കാൻ എനിക്ക് വളരേ എളുപ്പമായിരുന്നു.
ഒരിക്കലൊരു സുഹൃത്ത് കോടതി വരാന്തയിൽ വെച്ച് നിലവിലെ ബന്ധം അത്ര നല്ലതല്ലായെന്ന് എന്നോട് അഭിപ്രായപ്പെട്ടു. ജീവിതത്തിൽ എന്നും നല്ലത് മാത്രം മതിയോ എന്നയൊരു മറുപടി കൊടുത്താണ് ആ സുഹൃത്തിന്റെ വായ ഞാൻ അടപ്പിച്ചത്. അവൾ ധരിച്ചിരിക്കുന്ന സ്നേഹം നിത്യവും പ്രകടിപ്പിച്ച് പ്രദർശിപ്പിക്കുന്നയൊരു കരകൗശല വസ്തുവാണോയെന്ന് എനിക്കന്ന് തോന്നിയിരുന്നു. അത്തരത്തിൽ പണ്ട് ഭക്ഷിച്ച നാടകീയ മുഹൂർത്തങ്ങൾ പിന്നീടൊരുനാൾ ഓക്കാനിച്ച് ഛർദ്ദിച്ചതാണ് ഞാൻ.
രണ്ട് ജീവനുകൾ തമ്മിൽ എത്രയോ നിർമ്മലമായി ഉള്ളുകൊണ്ട് നിശബ്ദമായി ചേരുന്നതാണ് ഞാൻ ഉടുത്തിരിക്കുന്ന സ്നേഹം. എന്നും കണ്ടില്ലെങ്കിലും കേട്ടില്ലെങ്കിലും യാതൊന്നും സംഭവിക്കില്ല. എത്ര കാലം തമ്മിൽ ചേരാതെ കൊഴിഞ്ഞുപോയാലും ഞാൻ ഇപ്പോൾ ധരിച്ചിരിക്കുന്ന സ്നേഹത്തിന്റെ ഉടുപ്പ് മരണം വരെ മുഷിയില്ല. ആ ബോധത്തിന്റെ നിർവൃതി എന്റെ ജീവനിലുണ്ട്.
തന്നെ വിശ്വസിക്കരുതെന്ന് ആവർത്തിച്ച് പറയുന്ന അയാളെ എന്തുകൊണ്ടോ എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു. കണ്ടുപിരിഞ്ഞ് ഫോണിൽ സംസാരിച്ച് തുടങ്ങിയ നാളുകൾക്കുള്ളിൽ തന്നെ എനിക്ക് അയാളോട് വല്ലാത്തയൊരു ഹൃദയബന്ധം തോന്നി. അന്ന് ഞാനത് പറഞ്ഞപ്പോൾ അയാൾ ഉറക്കെ ചിരിക്കുകയായിരുന്നു.
ഏതുപെണ്ണും ചിരിച്ച് വിളിച്ചാൽ കൂടെ പോകുന്നയൊരു ദുർബല ഹൃദയനാണ് താനെന്ന് അയാൾ പറഞ്ഞു. എന്നെ മാത്രം പ്രേമിച്ചാൽ മതിയെന്ന് പറഞ്ഞില്ലല്ലോയെന്ന് ശബ്ദം കുറച്ച് ഞാനും മറുപടികൊടുത്തു. നാളുകൾക്കുള്ളിൽ തന്നെ മടുക്കും പെണ്ണേയെന്ന് പറഞ്ഞുകൊണ്ട് അയാൾ വീണ്ടും ചിരിച്ചു. സാരമില്ല സഹിച്ചോളാമെന്ന് ഞാൻ പറഞ്ഞു. അതിൽ പിന്നെയാണ് അയാൾ എന്നെ തേടിവരാൻ തുടങ്ങിയത്.
ഫ്ലാറ്റിലേക്ക് ഇരുട്ട് വീണപ്പോൾ, ചുറ്റും അയാളുടെ പേരെഴുതിയ ശൂന്യതയിൽ ഞാൻ അകപ്പെട്ടുപോയെന്ന് എനിക്ക് തോന്നി. മാസങ്ങളും വർഷങ്ങളും കടന്നുപോയി. പരസ്പരം പറയൂ പറയൂയെന്ന് പറഞ്ഞ് കൊഞ്ചിക്കൊഴിയാനോ യന്ത്രങ്ങളുടെ മധ്യസ്ഥതയിൽ ചുംബിക്കാനോ അയാൾ എന്നെ ഫോണിൽ ബന്ധപ്പെടാറില്ല. വല്ലപ്പോഴും സംഭവിക്കുന്ന വിളിയിൽ ജീവിച്ചിരിക്കുന്നുണ്ടെന്ന് മാത്രം ഞങ്ങൾ പരസ്പരം ഉറപ്പ് വരുത്തും. വരുമോയെന്ന് ഞാനും വരുമെന്ന് അയാളും പറയാറില്ല. എന്നിട്ടും പലപ്പോഴുമായി എന്നെ അയാൾ തേടി വന്നു.
ഒരിടത്തും സ്നേഹത്തിന്റെ ചങ്ങലകൊണ്ട് അയാളെ തളച്ചിടാൻ പറ്റില്ല. എന്നിരുന്നാലും, സ്നേഹിക്കപ്പെടാൻ അയാൾക്ക് എപ്പോഴും വല്ലാത്തയൊരു ആഗ്രഹമായിരുന്നു. മുട്ടിയിരിക്കുമ്പോഴെല്ലാം ആരോടും കള്ളം പറയാത്ത ആ കണ്ണുകളിൽ ഞാനത് കാണാറുണ്ട്. കള്ളം പറഞ്ഞ് നിലനിർത്താൻ ശ്രമിക്കുന്ന ബന്ധങ്ങളിൽ ജീവനുണ്ടാകില്ലായെന്ന് അയാൾ ഉറച്ച് വിശ്വസിക്കുന്നു. അങ്ങനെയുള്ള ഒരാളിൽ നിന്നും ഒരിക്കലും എനിക്ക് വിശ്വാസ വഞ്ചന നേരിടേണ്ടി വരില്ലായെന്ന് ഞാനും വിശ്വസിക്കുന്നു…. ഇതൊക്കെ തന്നെയാണ് എനിക്ക് അയാളെ വിട്ടുപിരിയാൻ പറ്റാത്തത്.
പോയ കാലത്തിന്റെ അനുഭവങ്ങളുടെ സാക്ഷ്യത്തിൽ കാലം എന്റെ തലയിൽ പതിയേ നരവരച്ചു. അതുകണ്ട് നിന്ന പ്രായം എന്റെ ദേഹത്ത് ചുളിവുകൾ വീഴ്ത്തി. പക്ഷേ, അയാളോടുള്ള എന്റെ പ്രണയത്തിന് മാത്രമൊരു മാറ്റവുമില്ല.. അയാൾക്ക് എന്നെയൊട്ട് മടുക്കുന്നുമില്ല..!
എന്നിലൊരു അധികാരം സ്ഥാപിച്ച് ഒരിക്കൽ പോലും അയാൾ എന്നെ നിയന്ത്രിച്ചിരുന്നില്ല. അങ്ങനെയുള്ള ആ മനുഷ്യനെ എനിക്ക് നഷ്ടപ്പെടുത്താൻ സാധിക്കും! ഒന്നിച്ചുണ്ടാകുന്ന നിമിഷങ്ങളിൽ അയാൾ എന്നിൽ പതിപ്പിക്കുന്ന സ്നേഹം എനിക്ക് ശ്വാസം പോലെ അനുഭവിക്കാൻ കഴിയാറുണ്ട്. അതുമാത്രം മതിയായിരുന്നു എനിക്ക് എന്റെ മാനത്ത് ഒന്നിൽക്കൂടുതൽ മിന്നാരങ്ങൾ പണിയാൻ.
ആയുസ്സ് എന്നേയും അയാളേയും പലപ്പോഴുമായി കൂട്ടിമുട്ടിച്ച് പിന്നേയും കടന്നുപോയി . എന്റെ വിശ്രമവേളയിലേക്ക് കാലുനീട്ടിയിരിക്കാനുള്ള നേരത്തിലേക്ക് ഞാൻ വീണു. ഊരുതെണ്ടാനുള്ള ആരോഗ്യം അയാൾക്കും നഷ്ട്ടപെട്ടു. എന്നിട്ടും അയാളെ ഓർക്കുമ്പോഴെല്ലാം തലയിലെ നരളെല്ലാം താനേ കറുക്കുന്നത് പോലേയും ദേഹത്തെ ചുളിവുകളെല്ലാം തുടുക്കുന്നത് പോലേയും എനിക്ക് തോന്നും. എന്റെ വാർദ്ധക്ക്യ നരകളെല്ലാം യൗവ്വനത്തിന്റെ എണ്ണക്കറുപ്പിലേക്ക് ചാഞ്ഞത് പോലെ തോന്നുമ്പോൾ അയാളെ ഞാൻ വീണ്ടും പ്രതീക്ഷിക്കും.
അന്നും അയാൾ വന്നു. എന്റെ വിടർന്ന മോണകാട്ടി ചിരിച്ചുകൊണ്ട് ഞാൻ ആ കൈകൾ മുറുക്കെ പിടിച്ചു. ഇനി പോകരുതെന്നും നിങ്ങൾക്ക് വയ്യായെന്നും പറഞ്ഞ് ആ മാ റിലേക്ക് എന്നെത്തേയും പോലെ മുഖം പൂഴ്ത്തി ചാഞ്ഞു. അയാളുടെ ചുണ്ടുകൾ അപ്പോഴെന്റെ നെറ്റിയിൽ പതിപ്പിക്കാനുള്ളയൊരു ദീർഘ ചുംബനത്തിനായി തയ്യാറെടുക്കുകയായിരുന്നു.
‘പറയൂ… ഇനി പോകുമോ…?’
പോകുമെന്നോ ഇല്ലായെന്നോ അയാൾ പറഞ്ഞില്ല. പകരമൊരു തോർത്തുമെടുത്ത് കുളിമുറിയിലേക്ക് കൂനി കൂനി നടന്നു. കുളി കഴിഞ്ഞ് ഒരിക്കലും പോകില്ലായെന്ന് അയാൾ പറയും! അങ്ങനെ കരുതി അക്ഷമയോടെ ഞാൻ കാത്തിരുന്നു. പ്രതീക്ഷിച്ചതുപോലെ യാതൊന്നും സംഭവിച്ചില്ല. ഭക്ഷണമൊക്കെ കഴിച്ചതിന് ശേഷം എന്റെ മടിയിൽ കിടക്കുമ്പോഴും ഒന്നും പറഞ്ഞില്ല. ഏറെ രാത്രിയായപ്പോൾ തന്റെ മുഷിഞ്ഞ തുണികളെയെല്ലാം കൈ സഞ്ചിയിൽ കുത്തി തിരുകി അന്ന് തന്നെ അയാൾ എന്റെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി.
എനിക്ക് ഒന്നും പറയാൻ സാധിച്ചില്ല. ഒരു തണുത്ത ചുംബനം എന്റെ നെറ്റിയിലേക്ക് മുട്ടിച്ചുകൊണ്ട് അന്ന് രാത്രിയിൽ മനപ്പൂർവ്വം എന്നോട് യാത്രപറഞ്ഞ ആളോട് ഞാൻ എന്തുപറയാനാണ്!
പിന്നീട് ഇത് എഴുതുന്ന നാൾ വരെ അയാളെ ഞാൻ കണ്ടിട്ടില്ല. ജീവിച്ചിരി പ്പുണ്ടെന്ന ഉറപ്പ് നൽകാൻ അയാൾ എന്നെ വിളിച്ചതേയില്ല. അങ്ങോട്ട് വിളിച്ചാൽ ഫോൺ ശബ്‌ദിക്കുന്നുമില്ല. കാത്തിരിപ്പിന്റെ ഏതോയൊരു വളവിൽ വെച്ച് അയാൾ മരിച്ചിട്ടുണ്ടാകുമെന്ന് ഞാൻ കരുതി.
പിടിച്ച് നിർത്താൻ ശ്രമിക്കുമ്പോൾ കുതിച്ച് ചാടി അകലുന്നയൊരു സ്വഭാവം കൂടി സ്നേഹത്തിനുണ്ടെന്ന് വൈകിയാണ് എനിക്ക് ബോധ്യമാകുന്നത് . ഞാൻ അങ്ങനെ പറയരുതായിരുന്നു… ഒരാളോട് പോകരുതെന്ന് പറയാൻ അല്ലെങ്കിലും നമുക്കെന്ത് അവകാശമല്ലേ…!!!

