മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഹരി സാറേ….. ഒന്നോടി വരണേ….
ആ വിളിയിൽ ഹരി സ്ഥലകാല ബോധം വീണ്ടെടുത്തു. വാച്ച്മാൻ ഭാസിപിള്ള ഹരിയെ ലക്ഷ്യമാക്കിയാണ് ഓടി വരുന്നത്.
എന്താ ഭാസിയേട്ടാ…. വെപ്രാളത്തോടെ ഹരി ആരാഞ്ഞു.
ഹരി സാറേ.. നമ്മുടെ അനന്ദു വന്ന ബൈക്ക് ഒരു ബസ്സുമായിട്ടിടിച്ചു. അവന് അനക്കമില്ലാതെ അവിടെ കിടക്കുന്നു. ഒന്നോടിചെല്ല് ഹരിമോനെ….
ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഹരി തരിച്ചു നിന്നു.
അനന്തുവിന്റെ അടുത്തേയ്ക്ക് ഓടിയെത്തണമെന്നുണ്ടെങ്കിലും തന്റെ കാലുകൾ ചലിപ്പിക്കാനാകുന്നില്ല എന്ന് ഹരി തിരിച്ചറിഞ്ഞ നിമിഷം മനസാന്നിധ്യം വീണ്ടെടുത്ത് ആൾക്കൂട്ടങ്ങളെ വകഞ്ഞുമാറ്റി അനന്തുവിന്റെ അടുത്തേയ്ക്ക് പാഞ്ഞടുക്കുമ്പോൾ അവന് ഒരാപത്തും വരരുതേ എന്ന് മനസ്സിൽ നൂറുവട്ടം പ്രാർത്ഥിച്ചു. ചോരയിൽ കുളിച്ചുകിടക്കുന്ന അനന്ദുവിനെ ഹരി ഒന്നേ നോക്കിയുള്ളൂ…. കണ്ണുനീരാൽ അവന്റെ കാഴ്ച മങ്ങുന്നുണ്ടായിരുന്നു.
കോളേജ് ക്യാമ്പസ്സിൽ നിന്ന് കുട്ടികൾ നിലവിളിയോടെ അനന്ദുവിനെ കാണാൻ ഓടിയെത്തി.
എല്ലാവരും നോക്കിനിൽക്കേ ഗംഗ അനന്ദുവിനെ പതിയെ തിരിച്ചുകിടത്തി.
അനന്ദു……എടാ അനന്ദു… എന്താടാ ഇത് ഒന്ന് കണ്ണ് തുറക്കെടാ…. ഗംഗയുടെ കണ്ണുനീർ അനന്ദുവിന്റെ മുഖത്തേയ്ക്ക് ഇറ്റിറ്റു വീണുകൊണ്ടിരുന്നു. ചോ രയിൽ കുളിച്ച് നിശ്ചലമായി കിടക്കുന്ന അനന്ദുവിനെ ഗംഗ വീണ്ടും വീണ്ടും ഉച്ചത്തിൽ വിളിച്ചു…….പക്ഷെ ആ വിളിയിൽ അനന്ദു ഉണർന്നില്ല.
എന്താ ഇത്….? ഇത്രയും വല്ല്യ കോളേജിൽ നമ്മളിലോരുവൻ ഈ അവസ്ഥയിൽ കിടന്നിട്ട് ഒരാളുപോലുമില്ലേ ഇവനെ ഒന്ന് ഹോസ്പിറ്റലിൽ എത്തിക്കാൻ…..? ഗംഗ വല്ലാതെ ബഹളം വയ്ച്ചുകൊണ്ടിരുന്നു.
ഗംഗാ….. കോളേജിൽ നിന്ന് ഞങ്ങൾ പോലീസിനെ ഇൻഫോം ചെയ്തിട്ടുണ്ട്. അവരിപ്പോൾ ഇങ്ങെത്തും. അല്ലാതെ നമ്മളിതിന്റെ പുറകെ പോയാൽ വല്ല്യ തലവേദന കേസാകും. കുട്ടികളെല്ലാവരും ക്ലാസ്സുകളിലേയ്ക്ക് പൊയ്ക്കോ. പോലീസ് വരുന്നതുവരെ സെക്യൂരിറ്റി ഇവിടെ ഉണ്ടാകും. പറഞ്ഞതും പ്രിൻസിപ്പാൾ തിരിഞ്ഞു നടന്നു.
സർ ഒന്ന് നിന്നേ….. ഗംഗ പുറകിൽനിന്ന് അയാളെ വിളിച്ചു.
സാറേ….. സാറിന് നാണമില്ലേ ഇങ്ങനെ ആണാണെന്ന് പറഞ്ഞു നടക്കാൻ…..?
ഗംഗാ…. ഹരി അവർക്കിടയിൽ കയറി…. നീ മിണ്ടാതിരിക്ക്.
ഇല്ല ഈ അന്യായം കണ്ടിട്ട് ഞാൻ മിണ്ടാതിരിക്കില്ല. കൂടി വന്നാൽ എന്നെ ഇവിടെ നിന്ന് ഡിസ്മിസ്സ് ചെയ്യുമായിരിക്കും. അല്ലാതെ തൂ ക്കിക്കൊ ല്ലാൻ വകുപ്പൊന്നുമില്ലല്ലോ….
പിന്നെ സാറെ ഒന്നുകൂടി ഓർത്താൽ നല്ലത് വണ്ടികൾ ഇനിയും ഇതുവഴിപോകും. ആക്‌സിഡന്റ് അത് എപ്പോൾ ആർക്ക് എന്ന് പറയാൻ പറ്റില്ല.പ്രിൻസിപ്പാൾ ആണെന്ന് വച്ച് നിങ്ങൾക്ക് ഒരിക്കലും ആക്‌സിഡന്റ് ഉണ്ടാവില്ലെന്നു പറയാൻ പറ്റില്ലല്ലോ.നിങ്ങളുടെ ഈ സ്വഭാവത്തിന് വഴിയരികിൽ കിടക്കാതിരിക്കാൻ പ്രാർത്ഥിച്ചോ.
പിന്നെ ഒരുകാര്യം കൂടി. അനന്ദുവിനെ ഞാൻ ഹോസ്പിറ്റലിൽ കൊണ്ടുപോകും. ഹരിയേട്ടാ….. ചെയ്യുന്നത് നല്ല പ്രവർത്തിയാണ് എന്ന് ബോധ്യമുണ്ടെങ്കിൽ പോയി വണ്ടിയെടുത്തു കൊണ്ട് വാ തീഷ്ണതയോടെ ഗംഗ പറഞ്ഞു തീർന്നതും ഹരി കാറെടുക്കാനായി പാർക്കിങ്ങിലേയ്ക്ക് പോയി.
ഹരിയുടെ കാറിലേയ്ക്ക് വളരെ പ്രയാസപ്പെട്ടാണ് അനന്ദുവിനെ കയറ്റിയത്.
ഗംഗയുടെ മടിയിൽ തലചായ്ച്ച് ചലനമില്ലാതെ അനന്ദു കിടന്നു. ഗംഗയുടെ ഹൃദയമിടിപ്പ് കൂടി. അവൾ മെല്ലെ അവന്റെ ചെവിയോട് ചേർത്ത് തന്റെ ചുണ്ടുകൾ വച്ചു വിളിച്ചു.
അനന്ദൂ ….. ഒന്ന് കണ്ണ് തുറക്കെടാ…..
പെട്ടെന്നാണ് ഹരിയുടെ വണ്ടിയുടെ മുൻപിൽ ഒരാൾ ചാടിയത്.
ഒരു നിമിഷം…. ഹരി കാർ വെ ട്ടിച്ചുമാറ്റി.
പുറകിലിരുന്ന ഗംഗയും മുന്നോട്ടാഞ്ഞു.പക്ഷെ അനന്ദുവിനെ അവൾ മുറുകെ പിടിച്ചിരുന്നു. നേരിയ ഒരു?ഞരക്കം അനന്ദുവിൽഅവശേഷിക്കുന്നുണ്ടെന്നു ഗംഗയ്ക്ക് മനസ്സിലായി.
ഹരിയേട്ടാ… വേഗം….വേഗംപോ ഹരിയേട്ടാ…..നമുക്ക് എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തണം. അനന്ദുവിന് ചെറിയൊരനക്കമുണ്ട്.
ഹരി കാറിന്റെ ലൈറ്റ് ഓൺ ആക്കി തുരുതുരെ ഹോൺ മുഴക്കി അപായ സൂചന അറിയിച്ച് ശരവേഗത്തിൽ കാർ കുതിച്ചു പാഞ്ഞു.
ഹോസ്പിറ്റലിൽ എത്തിയതും ഹരി പെട്ടെന്ന് തന്നെ ഡോർ തുറന്ന് സെക്യൂരിറ്റിയുടെ അടുത്തേയ്ക്ക് ഓടി.
ഒരു സ്ട്രക്ചർ വേണം ചേട്ടാ….. ആക്‌സിഡന്റ് കേസ് ആണ്….. ഹരി അയാളെ കാര്യം ധരിപ്പിച്ചു.
സെക്യൂരിറ്റി പെട്ടെന്ന് തന്നെ സ്ട്രക്ചർ കൊണ്ടുവന്നു.
ചോരയിൽ കുളിച്ച് കിടക്കുന്ന അനന്ദുവിനെ ഗംഗയുടെ മടിയിൽ നിന്ന് എല്ലാവരും കൂടി സ്ട്രക്ചറിൽ കിടത്തി. ഐ.സി.യു -ന്റെ മുൻപിൽ ഇട്ടിരുന്ന കസേരയിൽ ഹരിക്കൊപ്പം ഗംഗയും നെഞ്ചിടിപ്പോടെ കാത്തിരുന്നു.
ഹരിയേട്ടാ എനിക്കാകെ പേടിയാകുന്നു…. നമ്മുടെ അനന്തു…. ഡോക്ടർ എന്താവും നമ്മളോട് പറയുക? ഇന്നലെ ക്ലാസ്സിൽ നിന്ന് പോയപ്പോൾ കൂടി അവൻ പറഞ്ഞത് അനാഥാലയത്തിലെ കുഞ്ഞുങ്ങളെക്കുറിച്ചായിരുന്നു. ഹരിയേട്ടാ അവനൊരുപാട് സ്വപ്നങ്ങളുണ്ട്. നല്ല ഒരു ജോലി. അവന്റെ ഭാവി മാത്രമല്ല അവന്റെ മനസ്സിൽ.അവനെപ്പോലെ ആരുമില്ലാത്ത നൽപ്പതോളം അമ്മമാരും കുഞ്ഞുങ്ങളും അവിടെയുണ്ട്.അവരെ എല്ലാം ജീവിതത്തിൽ ഉയർച്ചയിലേയ്ക്കെതിക്കാനുള്ള പ്ലാനുകൾ അവന്റെ ഉള്ളിലുണ്ട്. അതെന്നോട് പറഞ്ഞിട്ടുമുണ്ട്…. ഇനി എന്തുചെയ്യും ഹരിയേട്ടാ…..
ഗംഗേ….. എനിക്കും വിഷമമുണ്ട്. പക്ഷെ നീ…….. ഇത്രമാത്രം അനന്തുവിനെ സ്നേഹിക്കുന്നു എന്ന് എനിക്കറിയില്ലായിരുന്നു.
കണ്ണുനീർ തു ടച്ചുകൊണ്ട് ഒരു നിമിഷം ഗംഗ സ്ഥബ്ധയായി ഹരിയെ നോക്കി…
ഹരിയേട്ടനെന്താ അങ്ങനെ ചോദിച്ചത്??എന്താ ഹരിയേട്ടൻ ഉദ്ദേശിച്ചത്?
ഉദ്ദേശിച്ചത്……. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്. കോളേജിൽ നീ മാത്രേ ഉള്ളോ ഇവനെ ഇത്ര സ്നേഹിക്കുന്നത്? എടി എത്ര പെൺകുട്ടികളുണ്ട് അവിടെ.. അവർക്കാർക്കും ഇല്ലാത്ത എന്ത് സ്നേഹമാ നിനക്ക് ഇവനോട്…… ഹരിയുടെ മുഖം ദേഷ്യത്താൽ ചുവന്നു.
ഗംഗ ഹരിയെ തറപ്പിച്ചൊന്നു നോക്കി.
ഈ ചോദ്യം എനിക്ക് നന്നായിഷ്ടപ്പെട്ടു.ഇങ്ങനെയുള്ള ചോദ്യം ചോദിക്കാൻ പറ്റിയ സമയം…… അകത്തു കിടക്കുന്നത് ഞങ്ങളിൽ ഒരുവനാ. ഹരി സാറിന് അതിന്റെ വേദന മനസ്സിലാക്കണമെന്നില്ല…. അതിന് നിങ്ങൾ കൊടുക്കുന്ന വ്യാഖ്യാനം അതെന്തായാലും എനിക്കൊരു പ്രശ്നവുമില്ല. സർ പോകുന്നെങ്കിൽ പൊയ്ക്കോ. ഇവിടെ അനന്തുവിന് കൂട്ടായി ഞാനുണ്ടാവും.
ഗംഗേ നീ വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കരുത്…… ഹരിയുടെ ശബ്ദം?ഉയർന്നു.
ഇതൊരു ഹോസ്പിറ്റലാ ഹരി സാറേ….. ഈ ബഹളം വയ്ക്കുന്നത് ഒരു സാറിന് ചേർന്ന പ്രവർത്തിയല്ല……
സാറിനോട് ഇവിടെ നിൽക്കാൻ ഞാൻ പറഞ്ഞില്ലല്ലോ….. പിന്നെ അനന്തുവിന്റെ ജീവന് ആപത്തില്ലെന്നറിയുന്നത് വരെ ഈ ഗംഗ ഇവിടെത്തന്നെ നിൽക്കും.
ഗംഗയുടെ തീരുമാനം ഉറച്ചതാണെന്ന് ഹരിയ്ക്ക് മനസ്സിലായി
തുടരും…….

