മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
രഞ്ജൂ മോളേ നീ എന്താ ഈ പറയുന്നത്? മാലതി അവളെ തന്നോട് ചേർത്ത്
പിടിച്ചു.
മോളേ ഞങ്ങൾക്ക് പൊന്നും പണവും ഒന്നുമല്ല വലുത് . ഞങ്ങളുടെ മോനെ മനസ്സറിഞ്ഞ് സ്നേഹിക്കുന്ന ഒരു പെണ്ണിനെയാണ് ഞങ്ങൾക്ക് ആവശ്യം.
നാട്ടുകാര് എന്തുപറയും എന്ന് കരുതി നമുക്ക് ജീവിക്കാൻ പറ്റുമോ?
ഞങ്ങൾക്ക് ഒരുകാര്യം മാത്രം അറിഞ്ഞാൽ മതി. എന്റെ മോന്റെ ഭാര്യയായി ഞങ്ങളുടെ മോളായി ഗൗരി മോളുടെ സ്വന്തം ചേച്ചിയായി ഞങ്ങളുടെ വീട്ടിലേയ്ക്ക് വരാൻ മോൾ തയ്യാറാണെങ്കിൽ അഞ്ജുവിന്റെ കല്യാണത്തിന്റെ അന്നുതന്നെ മോളുടെ കല്യാണവും നമുക്ക് നടത്താം.
അമ്മേ…. എനിക്ക് നൂറു വട്ടം സമ്മതമാണ്. ഇനി കരച്ചിലൊക്കെ നിർത്തി മുഖമൊക്കെ ഒന്നുകൂടി കഴുകി റെഡി ആയിക്കോ. മോളുടെ കണ്മഷിയെല്ലാം പടർന്നിട്ടുണ്ട്. മോള് പോയി ഒരുങ്ങി നല്ല സുന്ദരി കുട്ടിയായിട്ട് വാ. അഞ്ജുവിനെടുക്കുന്ന ഒപ്പം തന്നെ നിങ്ങൾക്ക് രണ്ടുപേർക്കും ഉള്ള ഡ്രസ്സും നമുക്കെടുക്കാം.പൈസയുടെ കാര്യമൊന്നും മോളോർക്കണ്ട. അതിനുള്ളതെല്ലാം കരുതിയാ ഞങ്ങൾ വന്നത്.
രഞ്ജു പെട്ടെന്ന് തന്നെ മുഖം കഴുകി റെഡി ആയി വന്നു.
അഞ്ജുവിന്റെ ഫോൺ ബെല്ലടിച്ചപ്പോഴേ നരേനും വീട്ടുകാരും എത്താറായി എന്ന് അവൾക്ക് മനസ്സിലായി. സന്തോഷമാണോ അതോ സങ്കടമാണോ മനസ്സിൽ എന്ന് വേർതിരിച്ച് അറിയാൻ പറ്റാത്ത ഒരവസ്ഥ.അവരെ ആരെയും ഇതുവരെ നേരിൽ കണ്ടിട്ടില്ല. നരേട്ടനോട് ഫോണിൽ ഒരുപാട് സംസാരിച്ചിട്ടുണ്ട്. ആകെ ഒരു ടെൻഷൻ. ഉള്ളിന്റെ ഉള്ളിൽ വലിയ തിരമാലകളുടെ വേലിയേറ്റം അവളറിഞ്ഞു.
നരേനും അച്ഛനും അമ്മയും അച്ഛന്റെ ബന്ധുക്കളും അമ്മയുടെ ബന്ധുക്കളും.. മൂന്ന്കാ റിലായാണ് അവരെത്തിയത്. ശിവരാമനും ഗിരിജയും വളരെ ആദരപൂർവ്വം എല്ലാവരെയും സ്വീകരിച്ചിരുത്തി.
നരേന്റെ കൂടെ വന്ന ആരുടേയും മുഖം അത്ര തെളിഞ്ഞിട്ടില്ല എന്ന് ഒറ്റ നോട്ടത്തിൽ തന്നെ മാലതി തിരിച്ചറിഞ്ഞു.
എല്ലാവർക്കും എന്താ കുടിക്കാൻ എടുക്കേണ്ടത്? ചായയോ കാപ്പിയോ? അതോ ജ്യൂസ് ആണോ?
ഞങ്ങൾക്കൊന്നും വേണ്ട. എല്ലാവരും കഴിച്ചിട്ടാ വന്നത്. നരേന്റെ അച്ഛനായ ശങ്കർ ദാസ് ആണ് മറുപടി പറഞ്ഞത്.
ഞങ്ങൾക്ക് പെൺകുട്ടിയെ ഒന്ന് കാണണം. ഒന്ന് വിളിച്ചിരുന്നെങ്കിൽ കണ്ടിട്ട് പോകാമായിരുന്നു. പേര് മഹാലക്ഷ്മി എന്നാണെങ്കിലും നരേന്റെ അമ്മയുടെ മുഖം ഭദ്രകാളിയുടേത് പോലെ ആയിരുന്നു.
അഞ്ജു അപ്പോൾ തന്നെ അവരുടെ മുൻപിൽ പ്രത്യക്ഷപെട്ടു.
അഞ്ജുവിനെ കണ്ടപ്പോൾ മുതൽ എല്ലാവരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഓരോന്ന് പിറുപിറുത്തു.
എത്ര നാൾ ഉണ്ട് നിനക്ക് ലീവ്? ചോദിച്ചത് ഇടിവെട്ടുന്നത് പോലെയുള്ള ശബ്ദത്തിൽ മഹാലക്ഷ്മി ആയിരുന്നു.
രണ്ടര മാസം അവധിയുണ്ട്.ഉം അവരൊന്നിരുത്തി മൂളി.എനിക്കിപ്പോഴും ഈ ബന്ധത്തെ കുറിച്ച് അത്ര നല്ല അഭിപ്രായമൊന്നും ഇല്ല.
മഹാലക്ഷ്മി പറഞ്ഞുകൊണ്ടേ ഇരുന്നു. എന്റെ മോന്റെ ഭാവിയെ കുറിച്ച് എനിക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. എല്ലാം തകർന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഈ വീട്ടിലേക്കുള്ള വരവുപോലും ഞാൻ ആഗ്രഹിച്ചിട്ടില്ല.
കോടികളുടെ ആസ്തിയുള്ള എന്റെ കൂട്ടുകാരിയുടെ ഒരേ ഒരു മകൾക്ക് വേണ്ടി ഇവനെ ആലോചിച്ചതാ.. പറഞ്ഞിട്ടെന്താ അപ്പോഴേക്കും പ്രേമം അസ്ഥിയ്ക്ക് കേറി പിടിച്ചു കഴിഞ്ഞു. അവനിവളെ തന്നെ മതിയെന്നായി.
ഇതുപോലെ ഒരു കുടുംബത്തിൽ നിന്നാണല്ലോ ബന്ധമെടുക്കേണ്ടിവരുന്നത് എന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യമാ.
അമ്മേ.. ശാസന എന്ന പോലെ നരേൻ വിളിച്ചു.
അയ്യോ ഞാനൊന്നും മിണ്ടുന്നില്ല. മിണ്ടിയിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലല്ലോ… മഹാലക്ഷ്മി ദേഷ്യ ഭാവത്തിൽ നരേനെ നോക്കി.
അല്ല ഇവരൊക്കെ ആരാ നിങ്ങളുടെ ബന്ധുക്കളാണോ? ദിവാകരനെയും മാലതിയെയും ശംഭുവിനെയും നോക്കിയാണ് ശങ്കർദാസ് ചോദിച്ചത്.
ദിവാകരൻ ഒരവസരം നോക്കി ഇരിക്കുകയായിരുന്നു നല്ല ഒരു മറുപടി കൊടുക്കാൻ.ഞങ്ങൾ ബന്ധുക്കളാകാൻ പോകുന്നവരാ…നിങ്ങളെപ്പോലെ തന്നെ… ഒരു വ്യത്യാസം മാത്രേ ഉളളൂ.. ഞങ്ങളുടെ മോനേ കെട്ടാൻ കോടികളുടെ ആസ്തിയുള്ള പെൺകുട്ടികളൊന്നും ഇതുവരെയും വന്നിട്ടില്ല. ഇവിടുത്തെ രണ്ടാമത്തെ കുട്ടി രഞ്ജുമോളെ ആണ് എന്റെ മോൻ കല്ല്യാണം കഴിക്കാൻ പോകുന്നത്.
നിങ്ങൾ ഞങ്ങളെ കളിയാക്കിയതാണോ? മഹാലക്ഷ്മി ധാർഷ്ട്യത്തോടെ ചോദിച്ചു.
കളിയാക്കാനോ… അതും ഇത്രയും പണവും പ്രതാപവുമുള്ള നിങ്ങളെ…? ഞാൻ ഉള്ള കാര്യം അങ്ങ് പറഞ്ഞു. അത്ര മാത്രം. ഞങ്ങൾ വീട്ടിൽ വരുന്നവരെ അപമാനിക്കാറില്ല. ദിവാകരൻ അവരുടെ മുൻപിൽ താൻ വിജയിച്ചു നിൽക്കുന്നവനാണെന്ന ഭാവത്തിൽ മാലതിയെയും ശംഭുവിനെയും ഒന്ന് നോക്കി മുടിയൊക്കെ ഒന്നുകൂടി ഒതുക്കി വച്ച് നീണ്ട് നിവർന്നിരുന്നു.
ശിവരാമാ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.ഈ കല്യാണം വേണ്ടാന്ന് വയ്ക്കാൻ ഞങ്ങളുടെ മുൻപിൽ ഇനിയും സമയമുണ്ട്. സ്വന്തക്കാരാണെങ്കിലും ബന്ധക്കാരാണെങ്കിലും ഞങ്ങളെ അപമാനിക്കാൻ വന്നാൽ നിങ്ങളും വിവരമറിയും. പറഞ്ഞില്ലാന്നുവേണ്ട…. ശങ്കർ ദാസും തിരിച്ചടിച്ചു.
ദിവാകരേട്ടാ എന്റെ അഞ്ജുമോളെ കെട്ടാൻപോകുന്ന പയ്യന്റെ വീട്ടുകാരാ ഇവര്. നിങ്ങളായിട്ട് ഈ കല്ല്യാണം മുടക്കരുത്. എന്റെ ഒരപേക്ഷയാണ്.ശിവരാമൻ ദിവാകരന്റെ മുൻപിൽ തന്റെ കൈകൾ തൊഴുതു പിടിച്ചു നിന്നു.
ദിവാകരൻ പ്രത്യേകിച്ച് ഒരു ഭാവ വ്യത്യാസവും മുഖത്ത് കാണിച്ചില്ല.
ശിവരാമാ തന്റെ രണ്ടാമത്തെ മോളേ കെട്ടാൻപോകുന്ന പയ്യനും വീട്ടുകാരുമാണ് ഇവരെന്നല്ലേ പറഞ്ഞത്.
പയ്യനെവിടെയാ ജോലി? ശങ്കർ ദാസ് ചോദിച്ചെങ്കിലും ശിവരാമൻ അതിനൊരു മറുപടിയും കൊടുത്തില്ല.
എന്താ ശിവരാമാ ഞാൻ ചോദിച്ചത് താൻ കേട്ടില്ലേ? അതോ പറയാൻ കൊള്ളാത്ത വല്ല ജോലിയുമാണോ?അപ്പോഴും ശിവരാമന്റെ തല താഴ്ന്നു തന്നെ ഇരുന്നു.
അങ്കിൾ… അങ്കിളിന് എന്താ അറിയേണ്ടത്? എന്നെ കെട്ടാൻ പോകുന്ന ആളെ കുറിച്ചല്ലേ ഞാൻ പറയാം. എന്റെ അച്ഛന് അത് പറയാൻ ബുദ്ധിമുട്ടായിരിക്കും. എന്റെ ഭർത്താവാകാൻ പോകുന്ന ശംഭുവേട്ടൻ ഒരു ഡ്രൈവർ ആണ്. അദ്ദേഹത്തിന് അച്ഛനും അമ്മയും അനുജത്തിയും ഉണ്ട്. ഇനി ആർക്കെങ്കിലും എന്നെ കെട്ടാൻപോകുന്ന ആളെക്കുറിച്ചു എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കാം….
അയ്യോ ഒന്നും ചോദിക്കാനില്ല. കുടുംബത്തിന്റെ മഹത്വം ഇപ്പോൾ മനസ്സിലായി. ഞങ്ങളുടെ കുടുംബത്തിൽ പെണ്ണുങ്ങൾ ഇങ്ങനെ വള വളാന്ന് സംസാരിക്കാറില്ല.ശങ്കർദാസിന്റെ സ്വരത്തിലുള്ള അവജ്ഞ രഞ്ജുവിനെ ചൊടിപ്പിച്ചു.
അങ്കിളേ…. ഇപ്പോൾ അങ്കിൾ പറഞ്ഞത് വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്. ഈ വീട്ടിൽ വന്നപ്പോൾ മുതൽ വള വളാന്നു സംസാരിക്കുന്നത് മഹാലക്ഷ്മിയെന്നു നിങ്ങൾ പറഞ്ഞ നിങ്ങളുടെ ഭാര്യയാ….. അപ്പോൾ അങ്കിളിന്റെ ഭാര്യ പെണ്ണല്ലേ?
രഞ്ജുവിന്റെ ചോദ്യം കേട്ടതും മഹാലക്ഷ്മി ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു.
തുടരും…


