കഴിഞ്ഞ മൂന്നുനാല് നാളുകളായി കാലത്തും വൈകുന്നേരവും അയാൾ ഈ ക്ഷേത്രമുറ്റത്ത് വന്ന് തന്റെ നഷ്ട്ടപ്പെട്ടുപോയ ചെരുപ്പ് തിരയുന്നു. കാഴ്ച്ചക്കാരുടെ സംശയാഭിപ്രായം തികച്ചും സ്വാഭാവികം തന്നെ…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

‘നിങ്ങളെന്റെ ചെരുപ്പ് കണ്ടോ..? ഹേയ്…. മറുപടി തന്നിട്ട് പോകൂ.. നിങ്ങളെന്റെ ചെരുപ്പ് കണ്ടോന്ന്…? ‘

ആരുമത് ശ്രദ്ധിച്ചില്ല. അയാൾക്ക് വട്ടാണെന്നാണ് പലരുടേയും അഭിപ്രായം. അതുപിന്നെ ഇല്ലാതിരിക്കുമോ..!

കഴിഞ്ഞ മൂന്നുനാല് നാളുകളായി കാലത്തും വൈകുന്നേരവും അയാൾ ഈ ക്ഷേത്രമുറ്റത്ത് വന്ന് തന്റെ നഷ്ട്ടപ്പെട്ടുപോയ ചെരുപ്പ് തിരയുന്നു. കാഴ്ച്ചക്കാരുടെ സംശയാഭിപ്രായം തികച്ചും സ്വാഭാവികം തന്നെ.

കാര്യമറിഞ്ഞ് കരളലിഞ്ഞ പലരും പുതിയ ചെരുപ്പ് വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞിട്ടും അയാൾക്കത് വേണ്ട. കഴിഞ്ഞയൊരു വർഷമായി താൻ ഉപയോഗിക്കുന്ന പ്രത്യേകമായി തുന്നിച്ചുണ്ടാക്കിയ ലദറിന്റെ ചെരുപ്പാണ് നഷ്ട്ടപ്പെട്ടുപോയത്. സൂക്ഷിച്ചാൽ പത്തുവർഷം വരേ അതുപയോഗിക്കാം. അതുമാത്രമല്ല. അയാളുടെ കാലുകളിലെ ആറ് വിരലുകൾക്ക് വിരിഞ്ഞിരിക്കാനുള്ള ഇടം ആ ചെരുപ്പിലേയുള്ളൂ…

പതിവിലും കൂടുതൽ സങ്കടത്തോടെ ഇന്നും അയാൾ എത്തിയിട്ടുണ്ട്. ക്ഷേത്രകവാടത്തിന് മുന്നിൽ നിന്ന് തന്റെ ജീവിതത്തിന്റെ പിറകിലേക്ക് അയാൾ ഓർക്കുകയായിരുന്നു.

കാലുകളിൽ ആ ചെരുപ്പുകൾ ഉണ്ടാകുമ്പോൾ എന്തൊരു ഉന്മേഷമായിരുന്നു തന്റെ പാദങ്ങൾക്ക്… എന്തൊരു വേഗതയായിരുന്നു തന്റെ ചലനത്തിന്… വിരലുകളിൽ ആറാമത്തവന്റെ തലയെടുപ്പ് ഒരെടുപ്പ് തന്നെയായിരുന്നു.

അയാൾ തലകുനിച്ചു. താൻ ധരിച്ചിരിക്കുന്ന ചെരുപ്പിൽ നിന്ന് പുറത്തേക്ക് വീണ് മണ്ണ് പുരണ്ട ആ വിരലിലേക്ക് അതീവ ദുഃഖത്തോടെ അയാൾ നോക്കി.

നഷ്ട്ടപ്പെടുത്തിയത് അല്ലല്ലോ… എന്തിനാണ് ഈ മനുഷ്യരെല്ലാം മറ്റൊരാളുടെ പ്രാധാന്യങ്ങളെ ഇങ്ങനെ കവർന്നെടുക്കുന്നത്..!

പുറമേ നിസ്സാരമാണെന്ന് തോന്നിയാലും എത്ര പ്രിയപ്പെതായിരിക്കും ഓരോ മനുഷ്യരും സൂക്ഷിച്ച് വെക്കുന്ന ചെറിയ ചെറിയ കാര്യങ്ങൾ.. അവർ അപൂർണ്ണരാകുന്ന ഇഷ്ട്ടങ്ങൾ..!

കഷ്ടപ്പാടിന്റെ വിയർപ്പ് പുരണ്ട വിഷാദം നഷ്ട്ടപ്പെടലിന്റെ ദുഃഖത്തിൽ നിന്ന് അയാളുടെ കണ്ണുകളിൽ നിന്ന് അടർന്ന് വീണു.

പിന്നേയും അയാൾ ആംഗ്യാഭിനയത്തോടെ തനിയേ പിറുപിറുത്തു.

‘ഇവിടെ തന്നെയാണ് വെച്ചത്. ഈ തൂണിനോട് ചാരിയങ്ങനെ…. എന്നിട്ട് പടികൾ കയറിയകത്തേക്ക് പോയി. തിരിച്ചുവന്ന് നോക്കുമ്പോൾ…! ദൈവമേ.. ഇനിയെന്ന് തുന്നിചേർത്തുണ്ടാക്കും അതുപോലെയൊരു ചെരുപ്പ്…!’

തന്നെ ശ്രദ്ധിക്കുന്നവരോടെല്ലാം അയാൾ വീണ്ടും നീട്ടിവിളിച്ച് ചോദിച്ചു.

‘ഹേയ്…! നിങ്ങളെന്റെ ചെരുപ്പ് കണ്ടോ..? മറുപടി തന്നിട്ട് പോകൂ.. നിങ്ങളെന്റെ ചെരുപ്പ് കണ്ടോന്ന്…?’

Leave a Reply

Your email address will not be published. Required fields are marked *